അന്ന് അമ്പയർ ഔട്ട് നൽകിയതാണ്. ഗംഭീർ പറഞ്ഞതനുസരിച്ചാണ് സച്ചിൻ റിവ്യൂ എടുത്തത്. ഡിആർഎസിന്‍റെ അവസാന ഫ്രെയിമുകളിൽ മാറ്റം വരുത്തി (കൃത്രിമം കാണിച്ചു) എന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്
കറാച്ചി: 2011-ലെ ഏകദിന ലോകകപ്പ് സെമിഫൈനലിൽ സച്ചിൻ ടെൻഡുൽക്കറെ എല്‍ബിഡബ്ല്യു ഔട്ട് വിധിച്ച ഓൺഫീല്‍ഡ് അമ്പയറുടെ തീരുമാനം റിവ്യൂവിൽ തിരുത്തിയതിനെ ചോദ്യം ചെയ്ത് മുൻ പാകിസ്ഥാൻ ഓഫ് സ്പിന്നർ സയീദ് അജ്മൽ വീണ്ടും രംഗത്ത്. സച്ചിന്‍റെ ഔട്ട് അനുവദിക്കാതിരുന്ന അന്നത്തെ 'ഡിആർഎസ്' ദൃശ്യങ്ങളിൽ തിരിമറി നടന്നിട്ടുണ്ടെന്ന് പാക് ടെലിവിഷൻ ചാനലിലെ ചർച്ചയിൽ അജ്മൽ ആവര്‍ത്തിച്ചു.
മൊഹാലിയിൽ നടന്ന സെമിയിൽ സച്ചിൻ 23 റൺസിൽ നിൽക്കെയാണ് അജ്മലിന്‍റെ പന്തിൽ സച്ചിൻ എൽബിഡബ്ല്യുവിൽ കുരുങ്ങി പുറത്താവുന്നത്. ഓൺ ഫീൽഡ് അമ്പയർ ഇയാൻ ഗൗൾഡ് ആണ് സച്ചിനെ എല്‍ബിഡബ്ല്യു ഔട്ട് വിളിച്ചത്. എന്നാൽ നോൺ-സ്ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന ഗൗതം ഗംഭീറിന്‍റെ നിർദ്ദേശപ്രകാരം സച്ചിൻ റിവ്യൂ എടുത്തു. റിപ്ലേയിൽ പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്ക് പോകുമെന്ന് കണ്ടതോടെ ഓൺ ഫീല്‍ഡ് അമ്പയറുടെ തീരുമാനം തിരുത്തി ടിവി അമ്പയര്‍ സച്ചിനെ നോട്ടൗട്ടായി പ്രഖ്യാപിച്ചു.
ഈ സംഭവത്തെക്കുറിച്ചാണ് അടുത്തിടെ ഒരു വീഡിയോയിൽ അജ്മൽ വിവാദ പരാമർശം നടത്തിയത്. അന്ന് അമ്പയർ ഔട്ട് നൽകിയതാണ്. ഗംഭീർ പറഞ്ഞതനുസരിച്ചാണ് സച്ചിൻ റിവ്യൂ എടുത്തത്. ഡിആർഎസിന്‍റെ അവസാന ഫ്രെയിമുകളിൽ മാറ്റം വരുത്തി (കൃത്രിമം കാണിച്ചു) എന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്- അജ്മൽ ആരോപിച്ചു.
15 വർഷത്തോളമായിട്ടും ചരിത്രപരമായ തോൽവിയുടെ നിരാശ മറയ്ക്കാനാണ് അജ്മൽ ഇത്തരം തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ആരാധകർ രംഗത്തെത്തി. അന്ന് കൃത്യമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡിആർഎസ് തീരുമാനം എടുത്തതെന്നും, തോൽവി അംഗീകരിക്കാനുള്ള മടിയാണ് പാക് താരത്തിനെന്നും ഇന്ത്യൻ ആരാധകര്‍ വിമർശിക്കുന്നു. മത്സരത്തിൽ 115 പന്തിൽ 85 റൺസ് നേടി സച്ചിൻ ടോപ് സ്കോററായതോടെ ഇന്ത്യ 50 ഓവറിൽ 260/9 എന്ന മികച്ച സ്കോർ പടുത്തുയർത്തിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ 231 റൺസിന് ഓൾഔട്ടാക്കി 29 റൺസിന്‍റെ ജയത്തോടെ ഇന്ത്യ ഫൈനലിലേക്ക് മുന്നേറുകയും കിരീടം നേടുകയും ചെയ്തു.
2011-ൽ 8 ടെസ്റ്റുകളിൽ നിന്ന് 50 വിക്കറ്റുകളുമായി തിളങ്ങിയ അജ്മൽ പാകിസ്ഥാന്റെ മുൻനിര ബൗളറായിരുന്നു. 35 ടെസ്റ്റുകളിൽ നിന്ന് 178 വിക്കറ്റുകളും 113 ഏകദിനങ്ങളിൽ നിന്ന് 184 വിക്കറ്റുകളും നേടിയ താരം 2015-ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്.
