അയാള്‍ക്ക് അടുത്ത സെവാഗ് ആവാനുള്ള പ്രതിഭയുണ്ട്, പക്ഷെ...യുവതാരത്തെക്കുറിച്ച് വസീം ജാഫര്‍

By Web TeamFirst Published Jul 9, 2020, 9:34 PM IST
Highlights

2018ലെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ പൃഥ്വിയുടെ പ്രകടനം കണ്ടപ്പോല്‍ എനിക്ക് വീരേന്ദര്‍ സെവാഗിനെയാണ് ഓര്‍മ വന്നത്. പൃഥ്വി ഒരു സ്പെഷല്‍ കളിക്കാരനാണെന്നതില്‍ തര്‍ക്കമില്ല.

മുംബൈ: യുവതാരം പൃഥ്വി ഷായ്ക്ക് ഇന്ത്യയുടെ അടുത്ത വീരേന്ദര്‍ സെവാഗ് ആവാനുള്ള പ്രതിഭയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. പൃഥ്വി ഷായുടെ പ്രതിഭയില്‍ യാതൊരു സംശയവുമില്ല. ഇല്ലെങ്കില്‍ പത്തൊമ്പതാം വയസില്‍ സച്ചിനുമായി താരതമ്യം ചെയ്യപ്പെടില്ലല്ലോ. വരുംവര്‍ഷങ്ങളില്‍ ഇന്ത്യയുടെ വലിയ താരമായി വളരാനുള്ള പ്രതിഭയുണ്ടെങ്കിലും ചിലകാര്യങ്ങള്‍ പൃഥ്വി കുറച്ചുകൂടി തേച്ചുമിനുക്കേണ്ടിവരുമെന്നും ജാഫര്‍ ആകാശ് ചോപ്രയോട് പറഞ്ഞു.


2018ലെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ പൃഥ്വിയുടെ പ്രകടനം കണ്ടപ്പോല്‍ എനിക്ക് വീരേന്ദര്‍ സെവാഗിനെയാണ് ഓര്‍മ വന്നത്. പൃഥ്വി ഒരു സ്പെഷല്‍ കളിക്കാരനാണെന്നതില്‍ തര്‍ക്കമില്ല. സെവാഗിന്റെ എല്ലാ കഴിവുകളുമുള്ള താരം. എതിര്‍ ടീമിനെ തച്ചുതകര്‍ക്കാന്‍ കെല്‍പ്പുള്ള ബാറ്റ്സ്മാന്‍. എന്നാല്‍ കളിയില്‍ ചില കാര്യങ്ങള്‍ പൃഥ്വി കുറച്ചു കൂടി മനസിലാക്കേണ്ടതുണ്ട്. കളിയില്‍ എപ്പോള്‍ പിന്‍വലിയണമെന്നും ആക്രമിക്കണമെന്നും.


ന്യൂസിലന്‍ഡ് പര്യടനത്തില്‍ പൃഥ്വി രണ്ട് തവണ പുറത്തായതും ഷോര്‍ട്ട് ബോളിലായിരുന്നു. അവരൊരുക്കിയ കെണിയില്‍ പൃഥ്വി വീഴുകയായിരുന്നു. കുറച്ചുകൂടി ആത്മനിയന്ത്രണത്തോടെ ബാറ്റ് ചെയ്താല്‍ പൃഥ്വിക്ക് ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വലിയ താരമാകാന്‍ കഴിയും. ക്രിക്കറ്റിന് പുറത്തും അച്ചടക്കമുള്ള ജീവിതം പൃഥ്വി ശീലിച്ചേ മതിയാകു. കാരണം രാജ്യാന്തര ക്രിക്കറ്റില്‍ തിളങ്ങാനുള്ള പ്രതിഭയുള്ള കളിക്കാരനാണ് പൃഥ്വി. പക്ഷെ, അതിന് ക്രിക്കറ്റിന് പുറത്തും അദ്ദേഹം കുറച്ചുകൂടി അച്ചടക്കത്തോടെ ജീവിക്കണമെന്ന് മാത്രം-ജാഫര്‍ പറഞ്ഞു.

click me!