
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സ് ആരാധകരെ നിരാശരാക്കുന്ന വാര്‍ത്ത പുറത്ത്. പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ മുൻ നായകൻ എം.എസ്. ധോണിക്ക് സീസണിലെ ആദ്യ ആറ് മത്സരങ്ങളെങ്കിലും നഷ്ടമാകുമെന്ന് റിപ്പോർട്ട്. 44-കാരനായ ധോണിയുടെ കരിയറിലെ അവസാന ഐപിഎല്‍ സീസണായിരിക്കുമിതെന്ന് കരുതപ്പെടുന്ന സാഹചര്യത്തിൽ, ഈ പരിക്ക് ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്.
കഴിഞ്ഞ ഒരു മാസമായി ചെന്നൈയിൽ കഠിന പരിശീലനത്തിലായിരുന്നു ധോണി. എന്നാൽ പരിക്കിനെത്തുടർന്ന് താരത്തിന് മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ടീം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രാജസ്ഥാൻ റോയൽസിനെതിരായ ചെന്നൈയുടെ ആദ്യ മത്സരത്തിനായി ടീം ഗുവാഹത്തിയിലേക്ക് തിരിച്ചപ്പോൾ ധോണി ചെന്നൈയിൽ തന്നെ തുടരുകയാണ്. ഏപ്രിൽ 23-ന് മുംബൈ ഇന്ത്യൻസിനെതിരെ നടക്കുന്ന മത്സരത്തിൽ താരം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിലവിൽ അത് ഉറപ്പായിട്ടില്ല.
ധോണിയുടെ അഭാവത്തിൽ ചെന്നൈയുടെ വിക്കറ്റ് കീപ്പിംഗ് ചുമതല മലയാളി താരം സഞ്ജു സാംസൺ ഏറ്റെടുക്കും. ലേലത്തിലൂടെ ടീമിലെത്തിയ സഞ്ജു തന്നെയാകും ടീമിന്‍റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ നേരത്തെ സൂചിപ്പിച്ചിരുന്നു. ധോണിയുടെ അഭാവത്തിൽ റുതുരാജ് ഗെയ്‌ക്‌വാദും സഞ്ജുവും ചേർന്നാകും നിർണ്ണായക തീരുമാനങ്ങൾ എടുക്കുക.
പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയാലും ധോണി എല്ലാ മത്സരങ്ങളിലും കളിക്കാൻ സാധ്യതയില്ല. പരിക്കിന്‍റെ പശ്ചാത്തലത്തിൽ വിക്കറ്റ് കീപ്പിംഗ് സഞ്ജുവിന് വിട്ടുനൽകി, ബാറ്റിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'ഇംപാക്ട് സബ്' ആയി ധോണിയെ ഉപയോഗിക്കാനാണ് മാനേജ്‌മെന്‍റ് ആലോചിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും അവസാന ഓവറുകളിൽ മാത്രം ബാറ്റിംഗിനിറങ്ങുന്ന രീതിയായിരുന്നു ധോണി പിന്തുടർന്നിരുന്നത്.
ധോണിയുടെ അഭാവം മധ്യനിരയിൽ പ്രശാന്ത് വീർ, കാർത്തിക് ശർമ്മ തുടങ്ങിയ യുവതാരങ്ങൾക്ക് വഴിതുറക്കും. 14.2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച കാർത്തിക് ശർമ്മയിൽ നിന്ന് വലിയ പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ധോണിക്ക് ശേഷമുള്ള ചെന്നൈയുടെ ഭാവി എങ്ങോട്ടാണെന്നതിന്‍റെ സൂചനയാകും വരും ആഴ്ചകളിലെ മത്സരങ്ങൾ നൽകുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!