പരാജയഭീതിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പ്, ഓള്‍റൗണ്ട് പ്രകടനവുമായി ചാഹര്‍; ഇന്ത്യക്ക് പരമ്പര

By Web TeamFirst Published Jul 21, 2021, 12:10 AM IST
Highlights

കൊളംബൊ പ്രമദാസ സ്റ്റേഡിയത്തില്‍ 276 റണ്‍സ് വിജലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ന്ത്യ 49.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റിന്റെ ജയം.

കൊളംബൊ: തോല്‍വി ഉറപ്പാക്കിയ സാഹചര്യത്തില്‍ ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ദീപക് ചാഹര്‍ പുറത്താവാതെ നേടിയ 69 റണ്‍സിന്റെ കരുത്തില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കി. കൊളംബൊ പ്രമദാസ സ്റ്റേഡിയത്തില്‍ 276 റണ്‍സ് വിജലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ന്ത്യ 49.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റിന്റെ ജയം. ഏഴിന് 193 എന്ന നിലയില്‍ തോല്‍വി മുന്നില്‍ക്കണ്ട ഇന്ത്യയെ വിജയത്തിലേക്് കൈ പിടിച്ചുയര്‍ത്തിയത്. ചാഹര്‍- ഭുവനനേശ്വര്‍ (19) കുമാര്‍ സഖ്യം നേടിയ 84 റണ്‍സിന്റെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്.

സ്‌കോര്‍ബോര്‍ഡില്‍ 65 റണ്‍സ് മാത്രം ഉണ്ടായിരിക്കെ ടീമിന്റെ മുന്‍നിര താരങ്ങളായ പൃഥ്വി ഷാ (13), ഇഷാന്‍ കിഷന്‍ (1), ശിഖര്‍ ധവാന്‍ (29) എന്നിവര്‍ പവലിയില്‍ തിരിച്ചെത്തിയിരുന്നു. മനീഷ് പാണ്ഡെ (37)- സൂര്യകുമാര്‍ യാദവ് (53) കൂട്ടുകെട്ട് പതിയെ ഇന്ത്യയെ കരകയറ്റുകയായിരുന്നു. എന്നാല്‍ മനീഷ് റണ്ണൗട്ടായി. പിന്നാലെ ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ (0) റണ്‍സെടുക്കാതെ മടങ്ങി. അഞ്ചിന് 116 എന്ന നിലയിലേക്ക് വീണു ഇന്ത്യ. 

സൂര്യകുമാറിന് കൂട്ടായെത്തിയ ക്രുനാല്‍ പാണ്ഡ്യ നിര്‍ണായക സംഭാവന നല്‍കി. സൂര്യുകമാര്‍- ക്രുനാല്‍ സഖ്യം 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലക്ഷന്‍ സന്ധാകന്റെ പന്തില്‍ സൂര്യകുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സ്‌കോര്‍ ആറിന് 160. അല്‍പം സമയം കൂടിയെ ക്രുനാലിന്റെ ഇന്നിംഗ്‌സിന് ആയുസുണ്ടായിരുന്നുള്ളൂ. വാനിഡു ഹസരങ്കയുടെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഹസരങ്കയുടെ മൂന്നാം വിക്കറ്റായിരുന്നു അത്.

പിന്നീടാണ് അവിശ്വസനീയമായ കൂട്ടുകെട്ട് പിറന്നത്. ആവശ്യാനുസരണം ആക്രമിച്ച് കളിച്ച ചാഹറിന് ഭുവനേശ്വര്‍ കുമാര്‍ വലിയ പിന്തുണ നല്‍കി. ശ്രീലങ്കന്‍ നിരയില്‍ നന്നായി പന്തെറിഞ്ഞ ഹസരങ്കയെ മനോഹരമായിട്ടാണ് ഇരുവരും നേരിട്ടത്. ഒടുവില്‍ 50-ാം ഓവറിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി ചാഹര്‍ വിജയം ആഘോഷിച്ചു. 82 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെയാണ് താരം 69 റണ്‍സെടുത്തത്. ഭുവനേശ്വര്‍ 28 പന്തില്‍ 19 റണ്‍സ് നേടി. 

നേരത്തെ ചരിത് അസലങ്ക (65), അവിഷ്‌ക ഫെര്‍ണാണ്ടോ (50), ചാമിക കരുണാരത്‌നെ (44) എന്നിവരുടെ ഇന്നിങ്‌സാണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മിനോദ് ഭാനുക (36), ധനഞ്ജയ ഡിസില്‍വ (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ചാഹറിന് രണ്ട് വിക്കറ്റുണ്ട്.

click me!