പൂജാര വീണ്ടും നിരാശപ്പെടുത്തി; സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍ച്ച

By Web TeamFirst Published Jul 20, 2021, 8:05 PM IST
Highlights

പൂജാരയ്ക്ക് പുറമെ രോഹിത് ശര്‍മ (9), മായങ്ക് അഗര്‍വാള്‍ (28), ഹനുമ വിഹാരി (24) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. കെ എല്‍ രാഹുല്‍ (), രവീന്ദ്ര ജേഡജ () എന്നിവരാണ് ക്രീസില്‍.

ലണ്ടന്‍: ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ ഇന്ത്യക്ക് കടുത്ത നിരാശ സമ്മാനിച്ച് സീനിയര്‍ താരം ചേതേശ്വര്‍ പൂജാര. കൗണ്ടി സെലക്റ്റ് ഇലവനെതിരായ ത്രിദിന മത്സരത്തില്‍ ഇന്ത്യയുടെ വിശ്വസ്ഥ താരത്തിന് 21 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ആദ്യംദിനം ലഞ്ചിന് ശേഷം നാലിന് 182 എന്ന നിലയിലാണ് ഇന്ത്യ. പൂജാരയ്ക്ക് പുറമെ രോഹിത് ശര്‍മ (9), മായങ്ക് അഗര്‍വാള്‍ (28), ഹനുമ വിഹാരി (24) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. കെ എല്‍ രാഹുല്‍ (73), രവീന്ദ്ര ജേഡജ (23) എന്നിവരാണ് ക്രീസില്‍.

ശുഭ്മാന്‍ ഗില്ലിന് പകരം മായങ്ക് അഗര്‍വാളിനെ ഓപ്പണറാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. വിരാട് കോലിക്കും അജിന്‍ക്യ രഹാനെയ്ക്കും വിശ്രമം അനുവദിച്ചപ്പോള്‍ രോഹിത് ശര്‍മ ക്യാപറ്റനായി. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 67 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പൂജാരയ്ക്ക് പുറമെ രോഹിത് ശര്‍മ (9), മായങ്ക് (28), ഹനുമ വിഹാരി (24) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

പൂജാര മോശം പ്രകടനം തുടരുകയാണ്. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും മോശം പ്രകടനമായിരുന്നു താരത്തിന്റേത്. ഇതിനിടെ പൂജാരയുടെ സ്ഥാനം നഷ്ടമാവുമെന്ന് വാര്‍ത്ത പുറത്തുവന്നു. സന്നാഹ മത്സരത്തിലും മോശം പ്രകടനം പുറത്തെടുത്തതോടെ പൂജാരയ്ക്ക് പകരം മറ്റൊരാളെ തിരിഞ്ഞെടുക്കേണ്ടിവരും. അതേസമയം കെ എല്‍ രാഹുല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. പൂജാരയുടെ പകരക്കാരുടെ പട്ടികയിലുള്ള പ്രധാന താരമാണ് രാഹുല്‍. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്.

കൊവിഡ് ബാധിതനായ റിഷബ് പന്ത് ഇല്ലാത്തതിനാല്‍ വിക്കറ്റ് കീപ്പറും രാഹുലാണ്. വൃദ്ധിമാന്‍ സാഹ ഐസൊലേഷനിലായ സാഹചര്യത്തിലാണിത്. ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ എന്നിവര്‍ക്കും വിശ്രമം അനുവദിച്ചു. അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലുള്ള മറ്റുതാരങ്ങള്‍. ഇന്ത്യന്‍ താരം ആവേഷ് ഖാന്‍ എതിര്‍ ടീമിലാണ് കളിക്കുന്നത്.

click me!