ബറോഡ ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ അസഭ്യം പറഞ്ഞു; ദീപക് ഹൂഡ ടീമില്‍ നിന്ന് പിന്മാറി

By Web TeamFirst Published Jan 10, 2021, 10:18 AM IST
Highlights

ബറോഡ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഹൂഡ. കൂടാതെ ബറോഡ ക്രിക്കറ്റ് അസോസിയേഷന് പരാതിയും നല്‍കിയിട്ടുണ്ട്.

മുംബൈ: ബറോഡ ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് ദീപക് ഹൂഡ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള ടീമില്‍ നിന്ന് പിന്മാറി. ബറോഡ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഹൂഡ. കൂടാതെ ബറോഡ ക്രിക്കറ്റ് അസോസിയേഷന് പരാതിയും നല്‍കിയിട്ടുണ്ട്.

പരാതിയുടെ കോപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പരാതിയുടെ പ്രധാനഭാഗം ഇങ്ങനെ... ''ബറോഡ ക്രിക്കറ്റ് അസോസിയേഷനുവേണ്ടി കഴിഞ്ഞ 11 വര്‍ഷമായി ഞാന്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. നിലവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ വലിയ നിരാശയിലും സമ്മര്‍ദ്ദത്തിലുമാണിപ്പോള്‍. അവസാന കുറച്ച് ദിവസങ്ങളിലായി എന്റെ ടീം നായകന്‍ ക്രുനാല്‍ പാണ്ഡ്യ സഹതാരങ്ങളുടേയും എതിര്‍ ടീമിന്റെയും മുന്നില്‍വെച്ച് എന്നെ അസഭ്യം പറയുകയാണ്. വഡോദരയിലെ റിലയന്‍സ് സ്റ്റോഡിയത്തില്‍ വെച്ചാണ് ഇത്തരം മോശം അനുഭവം ഉണ്ടായത്.'' ഹൂഡ പരാതിയില്‍ പറയുന്നു. 

പരാതി നല്‍കിയതിനാല്‍ അസോസിയേഷന്‍ അന്വേഷണം നടത്തിയേക്കും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ക്രുനാല്‍. ഹര്‍ദിക് പാണ്ഡ്യയുടെ സഹോദരനായ ക്രുനാല്‍ ഇന്ത്യന്‍ ടി20 ടീമിലും അരങ്ങേറ്റം നടത്തിയെങ്കിലും സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഐപിഎല്‍ ആരാധകര്‍ക്ക് പരിചിതമായ താരാണ ഹൂഡ. 

നിലവില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരമായ ഹൂഡ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കും വേണ്ടിയും കളിച്ചിട്ടുണ്ട്. ഇന്ത്യ എ ടീമിനുവേണ്ടി കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിക്കാന്‍ ഇതുവരെ 25കാരനായ ഹൂഡയ്ക്ക് അവസരം ലഭിച്ചിട്ടില്ല.

click me!