കഴിഞ്ഞ കുറച്ചുകാലമായി ഫോം കണ്ടെത്താനാവാതെ വിമർശനങ്ങൾ നേരിട്ട ബട്‌ലര്‍ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. മത്സരശേഷം സ്കൈ സ്‌പോർട്സിനോട് സംസാരിക്കവെയാണ് വൈഭവ് തന്‍റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാനിടയുണ്ടെന്ന് ബട്‌ലര്‍ തുറന്നു പറഞ്ഞത്.

ലണ്ടൻ: ടി20 ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനെന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ജോസ് ബട്‌ലർ. എന്നെങ്കിലും തന്‍റെ ഈ റെക്കോർഡ് തകരുമെന്നും അത് മിക്കവാറും ഇന്ത്യയുടെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയായിരിക്കുമെന്നും ബട്‌ലർ പറഞ്ഞു. ദി ഹണ്ട്രഡ് ലീഗിൽ വെൽഷ് ഫെയറിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സൂപ്പർ ജയന്‍റ്സിന് വേണ്ടി വെടിക്കെട്ട് അർധസെഞ്ചുറി (27 പന്തിൽ പുറത്താവാതെ 51) കുറിച്ചാണ് ബട്‌ലർ റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിച്ചത്. വെസ്റ്റ് ഇൻഡീസ് ഇതിഹാസം കെയ്റോൺ പൊള്ളാർഡിന്‍റെ പേരിലുണ്ടായിരുന്ന 14,803 റൺസ് എന്ന നേട്ടം മറികടന്ന ബട്‌ലർ 14,833 റണ്‍സുമായാണ് ഒന്നാമനായത്.

കഴിഞ്ഞ കുറച്ചുകാലമായി ഫോം കണ്ടെത്താനാവാതെ വിമർശനങ്ങൾ നേരിട്ട ബട്‌ലര്‍ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. മത്സരശേഷം സ്കൈ സ്‌പോർട്സിനോട് സംസാരിക്കവെയാണ് വൈഭവ് തന്‍റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാനിടയുണ്ടെന്ന് ബട്‌ലര്‍ തുറന്നു പറഞ്ഞത്. ക്രിക്കറ്റിൽ കാര്യങ്ങൾ എത്ര വേഗത്തിലാണ് മാറുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് വരെ ഫോമില്ലാതെ ഞാൻ ഉഴറുകയായിരുന്നു. എന്നാൽ ഇപ്പോൾ കരിയറിലെ തന്നെ ഏറ്റവും മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിയുന്നു. മോശം സമയത്ത് ഒന്നുകിൽ തോൽവി സമ്മതിച്ച് പിന്മാറാം, അല്ലെങ്കിൽ ആഞ്ഞുശ്രമിച്ച് ഫോമിലേക്ക് തിരിച്ചെത്താം. ഞാൻ രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുത്തത്. ലോകത്തിൽ ഏറ്റവും കൂടുതൽ ടി20 റൺസുള്ള താരമാവുക എന്നത് വലിയ അഭിമാനമാണ്. എങ്കിലും ഒരുനാൾ ഈ റെക്കോർഡ് തകരും; അത് മിക്കവാറും സൂര്യവംശിയായിരിക്കും- ജോസ് ബട്‌ലർ പറഞ്ഞു.

മുൻ മത്സരത്തിൽ പൊള്ളാർഡ് ഡഗ്ഔട്ടിലുണ്ടായിരുന്ന എംഐ ലണ്ടനെതിരെ കളിക്കുമ്പോൾ തന്നെ ഈ നേട്ടത്തിലെത്താൻ ആഗ്രഹിച്ചിരുന്നതായും ബട്‌ലർ വെളിപ്പെടുത്തി. പൊള്ളാർഡ്, ക്രിസ് ഗെയ്ൽ തുടങ്ങിയ വമ്പന്മാരെയെല്ലാം പിന്നിലാക്കാൻ കഴിഞ്ഞത് കരിയറിലെ വലിയ നിമിഷമാണെന്നും താരം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക