
ലോര്‍ഡ്‌സ്: ഇത്തവണത്തെ ആഷസ് ക്രിക്കറ്റ് പരമ്പരയില്‍ ക്യാച്ച് വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എടുത്ത ക്യാച്ചിനെ ചൊല്ലിയാണ് പുതിയ വിവാദം. രണ്ടാം ഇന്നിംഗ്‌സില്‍ 371 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന്‍റെ ബെന്‍ ഡക്കെറ്റിനെ പുറത്താക്കാനാണ് സ്റ്റാര്‍ക്ക് തകര്‍പ്പന്‍ ക്യാച്ചെടുത്തത്. ഇത് ഔട്ടാണെന്ന് ഓണ്‍ഫീല്‍ഡ് അംപയര്‍ വിധിച്ചെങ്കിലും മൂന്നാം അംപയര്‍ തിരുത്തി. ഇതിന് പിന്നാലെ ഓസീസ് താരങ്ങളുടെ പ്രതിഷേധവും മുന്‍ താരങ്ങളുടെ രൂക്ഷ വിമര്‍ശനവും കണ്ടു. ഈ ആഷസില്‍ ഓസീസ് താരങ്ങളുടെ പല ക്യാച്ച് അപ്പീലുകളും വിവാദമായിരുന്നു.
സംഭവം നാടകീയം
ഓസീസ് മുന്നോട്ടുവെട്ട 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിന് തകര്‍ച്ചയോടെയായിരുന്നു തുടക്കം. 12.5 ഓവറില്‍ 45 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്‌ടമായി. ഇതിന് ശേഷം ബെന്‍ ഡക്കെറ്റും ബെന്‍ സ്റ്റോക്‌സും ചേര്‍ന്ന് ടീമിനെ കരകയറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. ഇംഗ്ലണ്ട് ഇന്നിംഗ്‌സ് 4-113 എന്ന നിലയില്‍ നില്‍ക്കേ കാമറൂണ്‍ ഗ്രീനിന്‍റെ ഉഗ്രന്‍ ബൗണ്‍സറില്‍ പിന്നോട്ട് ബാറ്റ് വെച്ച ഡക്കെറ്റ് ബൗണ്ടറിലൈനിന് അരികെ സ്റ്റാര്‍ക്കിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ വീണു. അംപയര്‍ ഔട്ട് അനുവദിച്ചതോടെ ഡക്കെറ്റ് പവലിയനിലേക്ക് തിരികെ നടന്നു. എന്നാല്‍ മൂന്നാം അംപയര്‍ മാര്യസ് എരാസ്‌മസ് ഇടപെട്ടതോടെ ഡക്കെറ്റിനെ ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ തിരികെ വിളിച്ചു.
ഇംഗ്ലണ്ടിന്‍റെ അഞ്ചാം വിക്കറ്റ് വീണതില്‍ ഓസീസ് ക്യാമ്പിലെ ആഘോഷം അധികം നീണ്ടില്ല. സ്റ്റാര്‍ക്ക് ക്യാച്ച് പൂര്‍ത്തിയാക്കും മുമ്പ് പന്ത് നിലത്തുതട്ടി എന്നായിരുന്നു തേഡ് അംപയറുടെ കണ്ടെത്തല്‍. സ്റ്റാര്‍ക്ക് വായുവില്‍ വച്ച് പന്ത് പിടികൂടിയെങ്കിലും നിലത്തുകൂടി സ്ലൈഡ് ചെയ്‌തപ്പോള്‍ ബോള്‍ മൈതാനത്ത് തട്ടി എന്നായിരുന്നു എരാസ്‌മസിന്‍റെ വിലയിരുത്തല്‍. എന്നാല്‍ ഈ തീരുമാനത്തോട് സ്റ്റാര്‍ക്കും ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സും ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധിച്ചു. മാത്രമല്ല ഓസീസ് മുന്‍ താരങ്ങള്‍ അംപയറുടെ തീരുമാനത്തിനെതിരെ രംഗത്തെത്തുകയും ചെയ്‌തു.
വിമര്‍ശനവുമായി മുന്‍ താരങ്ങള്‍
ഞാന്‍ കണ്ട ഏറ്റവും വലിയ മണ്ടത്തരമാണിത് എന്നായിരുന്നു ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്‍റെ പ്രതികരണം. 'പന്ത് സ്റ്റാര്‍ക്കിന്‍റെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു. ഇത് നോട്ടൗട്ട് ആണെങ്കില്‍ എല്ലാ മറ്റ് ക്യാച്ചുകളും നോട്ടൗട്ടാണ്. ഞാന്‍ അംപയറുടെ തീരുമാനത്തോട് വിയോജിക്കുന്നു' എന്നും മഗ്രാത്ത് ബിബിസിയോട് പറഞ്ഞു. ഞെട്ടിപ്പിക്കുന്ന തീരുമാനമാണ് മൂന്നാം അംപയറുടേത് എന്നാണ് ചാനല്‍ 9നിനോട് ഓസീസ് മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെ പ്രതികരണം. പന്തിന്‍മേല്‍ സ്റ്റാര്‍ക്കിന് പൂര്‍ണ നിയന്ത്രണമുണ്ടായിരുന്നതായി ഫിഞ്ചും വാദിച്ചു. ഇതെങ്ങനെയാണ് നോട്ടൗട്ടാകുന്നത് എന്ന് ചോദിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് രംഗത്തെത്തിയതും ശ്രദ്ധേയമായി. അടുത്തിടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കാമറൂണ്‍ ഗ്രീന്‍ എടുത്ത ക്യാച്ചും ഇതുപോലെ വലിയ വിവാദമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം