ഇംഗ്ലണ്ടിന്‍റെ ഓലീ പോപിനെ ഇന്നിംഗ്‌സിലെ അഞ്ചാമത്തെ ഓവറിലെ രണ്ടാം പന്തില്‍ അത്യുഗ്രന്‍ ഇന്‍-സ്വിങ്ങറില്‍ മടക്കിയയക്കുകയായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്ക്

ലോര്‍ഡ്‌സ്: ന്യൂ ബോളില്‍ അയാള്‍ എത്രമാത്രം അപകടകാരിയാണ് എന്ന് ക്രിക്കറ്റ് ലോകത്തിന് നന്നായി അറിയാം. അളന്നുമുറിച്ച ലൈനിലും ലെങ്‌തിലും വരുന്ന പന്തുകള്‍ എത്ര ബാറ്റര്‍മാര്‍ക്ക് ഡ്രസിംഗ് റൂമിലേക്ക് എളുപ്പം മടക്ക ടിക്കറ്റ് നല്‍കിയിരിക്കുന്നു. അതിസുന്ദരമായ ഇന്‍-സ്വിങറുകളും ചാട്ടുളികണക്കേ പറന്നിറങ്ങുന്ന യോര്‍ക്കറുകളും കൂടിയാകുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എന്ന ഓസീസ് ഇടംകൈയന്‍ വജ്രായുധമാകും. എങ്ങനെ നേരിടണം എന്ന് ബാറ്റര്‍മാര്‍ക്ക് ഒരുപിടിയും നല്‍കാതെയുള്ള സ്റ്റാര്‍ക്കിന്‍റെ ന്യൂബോള്‍ പരീക്ഷയുടെ ഏറ്റവും പുതിയ ഇരയാണ് ഇംഗ്ലീഷ് താരം ഓലീ പോപ്. 

ആഷസ് പരമ്പരയിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ 371 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന്‍റെ ഓലീ പോപിനെ രണ്ടാം ഇന്നിംഗ്‌സിലെ അഞ്ചാമത്തെ ഓവറിലെ രണ്ടാം പന്തില്‍ അത്യുഗ്രന്‍ ഇന്‍-സ്വിങ്ങറില്‍ മടക്കിയയക്കുകയായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്ക്. പേപ്പറില്‍ വരച്ചതുപോലെ കിറുകൃത്യമായി ഗുഡ്‌ ലെങ്‌തില്‍ പിച്ച് ചെയ്‌ത പന്ത് ഓഫ്‌സ്റ്റംപില്‍ നിന്ന് അകത്തോട്ട് തിരിഞ്ഞ് ബാറ്റിനും പാഡിനുമിടയിലെ വിടവിലൂടെ പോപിന്‍റെ മിഡില്‍ സ്റ്റംപ് തന്നെ കവരുകയായിരുന്നു. ഈ ആഷസ് പരമ്പരയിലെ ഏറ്റവും മികച്ച പന്തുകളിലൊന്നായി ഇത്. മൂന്നാമനായി ക്രീസിലെത്തി 10 പന്ത് നേരിട്ട പോപിന് 3 റണ്ണേ നേടാനായുള്ളൂ. 

Scroll to load tweet…

ഇതിന് മുമ്പത്തെ തന്‍റെ ഓവറില്‍ ഇംഗ്ലീഷ് ഓപ്പണര്‍ സാക്ക് ക്രൗലിയെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയിരുന്നു. 6 പന്തില്‍ 3 റണ്‍സ് നേടിയ ക്രൗലിയെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി പിടിച്ച് പുറത്താക്കി. ഇരു വിക്കറ്റുകളും വീണതോടെ 4.2 ഓവറില്‍ 13-2 എന്ന നിലയിലായ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടികള്‍ ഉടനടി നേരിട്ടു. ഇതിഹാസ താരം ജോ റൂട്ട്, വെടിക്കെട്ട് വീരന്‍ ഹാരി ബ്രൂക്ക് എന്നിവരെ ഓസീസ് നായകന്‍ കൂടിയായ പേസര്‍ പാറ്റ് കമ്മിന്‍സ് മടക്കിയതോടെ ഇംഗ്ലണ്ട് 12.5 ഓവറില്‍ 45-4 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ച നേരിട്ടു. റൂട്ട് 35 പന്തില്‍ 18 ഉം, ബ്രൂക്ക് 3 പന്തില്‍ 4 ഉം റണ്‍സാണ് നേടിയത്.

Read more: ക്രെച്ചസ് വലിച്ചെറിഞ്ഞ് ക്രീസിലേക്ക്, മുടന്തി ഓട്ടം, പിന്നാലെ ഫോര്‍! അതിമാനുഷികനായി ലിയോണ്‍- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News