ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഒരു റൺസ് പോലും നേടുന്നതിന് മുൻപ് 3 വിക്കറ്റുകൾ നഷ്ടമാകുന്ന നാലാമത്തെ മാത്രം സംഭവമാണിത്.
ധാക്ക: ആദ്യ ഏകദിനത്തിലെ നണംകെട്ട തോല്‍വിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും നാണംകെട്ട് ഓസ്ട്രേലിയ. ബംഗ്ലാദേശിനെതിരായ രണ്ടം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ നഷ്ടമായത് 3 വിക്കറ്റുകള്‍. ഓപ്പണര്‍ കൂപ്പര്‍ കൊണോലി മുസ്തഫിസുര്‍ റഹ്മാന്‍റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ നാല് പന്ത് നേരിട്ട മാത്യു ഷോര്‍ട്ടിനെ ടസ്കിന്‍ അഹമ്മദ് ബൗള്‍ഡാക്കി. പിന്നീടെത്തിയ മാറ്റ് റെന്‍ഷോയെ മുസ്തഫിസുര്‍ അക്കൗണ്ട് തുറക്കും മുമ്പ് മടക്കിയതോടെയാണ് ഓസീസ് നാണക്കേടിലേക്ക് വീണത്.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഒരു റൺസ് പോലും നേടുന്നതിന് മുൻപ് 3 വിക്കറ്റുകൾ നഷ്ടമാകുന്ന നാലാമത്തെ മാത്രം സംഭവമാണിത്. ഇതിന് മുൻപ് പാകിസ്ഥാൻ രണ്ട് തവണയും (1983-ൽ ന്യൂസിലാൻഡിനെതിരെയും 1997-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും), ബംഗ്ലാദേശ് ഒരു തവണയും (2003-ൽ ശ്രീലങ്കയ്ക്കെതിരെ) ഇത്തരത്തില്‍ സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് 3 വിക്കറ്റുകൾ നഷ്ടമായി തകര്‍ന്നടിഞ്ഞിരുന്നു. 23 വർഷങ്ങൾക്ക് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു മുൻനിര ടീം ഈ നാണക്കേടിലേക്ക് വീഴുന്നത്.
മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ തകർന്നടിഞ്ഞ ഓസീസിനെ ഒരു ഘട്ടത്തിൽ 81 റൺസിന് 6 വിക്കറ്റ് എന്ന നിലയിലേക്ക് ബംഗ്ലാ ബൗളർമാർ എറിഞ്ഞിട്ടു. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച മാർനസ് ലബുഷെയ്നും (55*) സേവ്യർ ബാർട്ട്ലെറ്റും (52) ചേർന്ന സെഞ്ചുറി കൂട്ടുകെട്ടാണ് ടീമിനെ വൻ തകർച്ചയിൽ നിന്നും കരകയറ്റിയത്. ബാർട്ട്ലെറ്റ് പുറത്തായതിന് പിന്നാലെ 42 ഓവറിൽ 187/8 എന്ന നിലയിൽ ഓസ്ട്രേലിയ നിൽക്കുമ്പോൾ മഴയെത്തി കളി തടസപ്പെടുകയായിരുന്നു. പിന്നീട് ബാറ്റിംഗ് പുനരാരംഭിക്കാനാവാഞ്ഞതോടെ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം 41 ഓവറില്ർ 190 റണ്‍സായി പുനര്‍നിര്‍ണയിച്ചു.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ 86 റൺസിന് തകർത്ത് ബംഗ്ലാദേശ് ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം മണ്ണിൽ ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശ് നേടുന്ന ആദ്യ ഏകദിന വിജയമായിരുന്നു അത്. 3 മത്സരങ്ങളുടെ പരമ്പരയിൽ 0-1 ന് പിന്നിലായ ഓസ്ട്രേലിയക്ക് പരമ്പര നഷ്ടമാകാതിരിക്കാൻ ഈ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം ജൂൺ 14-ന് ഇതേ വേദികളിൽ വെച്ച് നടക്കും.
