
മുംബൈ: സാമൂഹിക മാധ്യമങ്ങളില്‍ ഇന്ത്യയിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന കായികതാരമാണ് വിരാട് കോലി. ഇതില്‍ നിന്ന് കോലിക്ക് എത്രരൂപയാണ് വരുമാനമായി കിട്ടുന്നത് എന്നറിഞ്ഞാല്‍ നമ്മള്‍ ഞെട്ടും. ക്രിക്കറ്റില്‍ മാത്രമല്ല, സാമൂഹിക മാധ്യമങ്ങളിലും വിരാട് കോലി തന്നെയാണ് താരം. പ്രധാമനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വിരാട് കോലിയേക്കാള്‍ ഫോളോവേഴ്‌സുള്ള ഇന്ത്യക്കാരന്‍. കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ വിരാട് കോലിയുടെ ഫോളേവേഴ്‌സിന്റെ എണ്ണം അഞ്ചുകോടി പിന്നിട്ടത്.
ഇന്‍സ്റ്റഗ്രാമിലാവട്ടെ ഇരുപത്തിയൊന്നുകോടിയിലേറെപ്പേര്‍ കോലിയെ പിന്തുടരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസ്സിയും മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ കോലിക്ക് മുന്നിലുള്ളത്. റൊണാള്‍ഡോയ്ക്ക് നാല്‍പ്പത്തിയേഴ് കോടിയും മെസ്സിക്ക് മുപ്പത്തിയഞ്ച് കോടിയും ഫോളോവേഴ്‌സുണ്ട്. ഫേസ്ബുക്കില്‍ നാല് കോടിയിലേറെപ്പേര്‍ കോലിയെ പിന്തുടരുന്നുണ്ട്. ഇത്രയധികം ആളുകള്‍ ഫോളോ ചെയ്യുന്നതിനാല്‍ സാമൂഹിക മാധ്യങ്ങളില്‍ നിന്ന് വിരാട് കോലിക്ക് കിട്ടുന്നതും വലിയ തുകയാണ്.
കോലിയുടെ ഓരോ സ്‌പോണ്‍സേര്‍ഡ് പോസ്റ്റിന്റെയും വരുമാനം പത്തുലക്ഷത്തി എണ്‍പത്തിയെട്ടായിരം ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ എട്ട് കോടി 69 ലക്ഷം രൂപ. ഇന്‍സ്റ്റഗ്രാം ഷെഡ്യൂളിങ് ആന്‍ഡ് പ്ലാനിങ് ടൂളായ ഹൂപ്പര്‍ എച്ച്ക്യു ആണ് കോലിയടക്കമുള്ളവരുടെ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ കണക്ക് പുറത്തുവിട്ടത്. ഹൂപ്പറിന്റെ പട്ടികയില്‍ കോലിയെ കൂടാതെ ആദ്യ അന്‍പതില്‍ ഇന്ത്യയില്‍ നിന്ന് പ്രിയങ്ക ചോപ്ര മാത്രമേയുള്ളൂ.
സോഷ്യല്‍ മീഡിയ വരുമാനത്തിലും ലോകത്തില്‍ ഒന്നാംസ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. പതിനാറ് ലക്ഷം ഡോളറിലേറെയാണ് റൊണാള്‍ഡോയുടെ ഓരോ പോസ്റ്റിന്റെയും മൂല്യം.
അടുത്തിടെ അവസാനിച്ച ഏഷ്യാ കപ്പില്‍ കോലി ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. ഇനി ഓസ്ട്രേലിയക്കെതിരെയാണ് കോലി കളിക്കുക. ലോകകപ്പിന് പുറപ്പെടും മുമ്പ് ആറ് ടി20 മത്സരങ്ങള്‍കൂടി കോലി കളിക്കും.