കിംഗിന് നന്ദി; ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്താനുള്ള ഒരു പ്രധാന കാരണം വിരാട് കോലി!

Published : Oct 17, 2023, 01:43 PM ISTUpdated : Oct 17, 2023, 01:50 PM IST
കിംഗിന് നന്ദി; ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്താനുള്ള ഒരു പ്രധാന കാരണം വിരാട് കോലി!

Synopsis

മുംബൈയില്‍ നടന്ന യോഗത്തില്‍ ലോസ്‌ ആഞ്ചലസ് ഒളിംപിക്‌സ് ഡയറക്‌ടര്‍ നിക്കോളോ കാംപ്രിയാനി ക്രിക്കറ്റിനെ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയതിന് പിന്നിലെ കാരണം വിശദീകരിച്ചു

മുംബൈ: 128 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം 2028ലെ ലോസ്‌ ആഞ്ചലസ് ഗെയിംസിലൂടെ ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക് തിരിച്ചെത്തുകയാണ്. ക്രിക്കറ്റ് ലോകത്ത് ആവേശം വിതച്ച വാര്‍ത്ത ഇന്നലെയാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ മുംബൈയില്‍ ചേര്‍ന്ന യോഗം പ്രഖ്യാപിച്ചത്. ഇന്ത്യയെ പോലൊരു വന്‍ശക്തിക്ക് ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക് മടങ്ങിവരുന്നത് വലിയ പ്രതീക്ഷ നല്‍കുന്നു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ക്രിക്കറ്റിനെ ഗെയിംസിലേക്ക് ഉള്‍പ്പെടുത്താനുള്ള ഒരു കാരണം ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിയാണ്. 

മുംബൈയില്‍ നടന്ന യോഗത്തില്‍ ഇറ്റലിയുടെ ഒളിംപിക് ഷൂട്ടിംഗ് ചാമ്പ്യനും ലോസ്‌ ആഞ്ചലസ് ഒളിംപിക്‌സ് ഡയറക്‌ടറുമായ നിക്കോളോ കാംപ്രിയാനി ക്രിക്കറ്റിനെ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയതിന് പിന്നിലെ കാരണം വിശദീകരിച്ചു. 'എന്‍റെ സുഹൃത്ത് വിരാട് കോലി ലോകത്ത് ഏറ്റവുമധികം പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുടരുന്ന മൂന്നാമത്തെ അത്‌ലറ്റാണ്. കോലിക്ക് സോഷ്യല്‍ മീഡിയയില്‍ 340 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. ലെബ്രോണ്‍ ജെയിംസ്, ടോം ബ്രാഡി, ടൈഗര്‍ വുഡ്‌സ് എന്നിവരുടെ ഫോളോവേഴ്‌സിനെ കൂട്ടിച്ചേര്‍ക്കുന്നതിനെക്കാള്‍ കൂടുതലാണിത്. ക്രിക്കറ്റ് ലോകത്തിനും ലോസ്‌ ആഞ്ചലസ് ഒളിംപിക്‌സിനും രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്കും വലിയ നേട്ടമാണ് ഗെയിമിനെ ഒളിംപിക്‌സിലേക്ക് ഉള്‍പ്പെടുത്തിയത്. പരമ്പരാഗത രാജ്യങ്ങള്‍ക്ക് അപ്പുറത്തേക്ക് ക്രിക്കറ്റിനെ വളര്‍ത്താന്‍ ഇത് സഹായിക്കും' എന്നും നിക്കോളോ കാംപ്രിയാനി പറഞ്ഞു. 

2028ലെ ലോസ്‌ ആഞ്ചലസ് ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താന്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ മുംബൈയില്‍ ചേര്‍ന്ന യോഗമാണ് അന്തിമ അംഗീകാരം ഇന്നലെ നൽകിയത്. ഗെയിംസിലേക്ക് ക്രിക്കറ്റിന്‍റെ വരവ് ആവേശകരമാണെന്ന് ലോസ്‌ ആഞ്ചലസ് സംഘാടക സമിതി വ്യക്തമാക്കി. ലോസ്‌ ആഞ്ചലസിന് ശേഷം നടക്കുന്ന 2032ലെ ബ്രിസ്ബെൻ ഒളിംപിക്‌സിലും ക്രിക്കറ്റ് ഉൾപെടുത്താൻ സാധ്യതയുണ്ട്. പുതുതായി ആകെ അ‌ഞ്ച് മത്സരയിനങ്ങൾക്ക് ഒളിംപിക്‌സിലേക്ക് അനുമതി ഐഒസി യോഗം നല്‍കിയിട്ടുണ്ട്. നീണ്ട 128 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റ് വീണ്ടും ഒളിംപിക്‌സില്‍ എത്തുന്നത്. 1900ലെ പാരീസ് ഒളിംപിക്‌സിലാണ് ക്രിക്കറ്റ് മുമ്പ് ഇനമായത്. 

Read more: 'ക്രിക്കറ്റ് ഒളിംപിക്‌സില്‍ വരുന്നത് സ്വാഗതാര്‍ഹം, കൂടുതല്‍ പോപ്പുലറാവും'; കാലിസ് ഏഷ്യാനെറ്റ്‌ ന്യൂസിനോട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം