'ക്രിക്കറ്റ് ഒളിംപിക്‌സില്‍ വരുന്നത് സ്വാഗതാര്‍ഹം, കൂടുതല്‍ പോപ്പുലറാവും'; കാലിസ് ഏഷ്യാനെറ്റ് ന്യൂസിനോട്
ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിനായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഏറെക്കാലമായി പരിശ്രമിക്കുന്നുണ്ടായിരുന്നു

തിരുവനന്തപുരം: ക്രിക്കറ്റ് ഒളിംപിക്‌സിൽ ഉൾപെടുത്തുന്നതിനെ സ്വാഗതം ചെയ്‌ത് ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്ക് കാലിസ്. ക്രിക്കറ്റിനെ കുറിച്ച് അറിയാത്ത രാജ്യങ്ങളിൽ ഇനി പ്രചാരം ലഭിക്കുമെന്ന് കാലിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ക്രിക്കറ്റിന്‍റെ ഒളിംപിക് പ്രവേശത്തെ കുറിച്ച് കേൾക്കുമ്പോൾ 25 വർഷം പിന്നിലേക്ക് പായും ജാക്ക് കാലിസിന്‍റെ മനസ്. 1998ലെ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തപ്പോഴാണ് വിവിധ കായിക ഇനങ്ങൾ ഒന്നിക്കുന്ന മഹാമേളകളുടെ പ്രാധാന്യം കാലിസ് തിരിച്ചറിഞ്ഞത്. സച്ചിൻ ടെന്‍ഡുല്‍ക്കര്‍ അടങ്ങുന്ന ഇന്ത്യന്‍ ടീം മത്സരിച്ച ഗെയിംസിൽ സ്വർണം നേടിയത് കാലിസിന്‍റെ ദക്ഷിണാഫ്രിക്കയായിരുന്നു. ക്രിക്കറ്റ് ഒളിംപിക്സിൽ മത്സരയിനമാകുന്നതോടെ കൂടുതൽ രാജ്യങ്ങളുടെ ശ്രദ്ധയിലേക്ക് ഗെയിമിന് ഉയരാനാകുമെന്ന് ദക്ഷിണാഫ്രിക്കാൻ ഇതിഹാസം പറയുന്നു.
2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താന്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ മുംബൈയില്‍ ചേര്‍ന്ന യോഗമാണ് അന്തിമ അംഗീകാരം ഇന്നലെ നൽകിയത്. ഗെയിംസിലേക്ക് ക്രിക്കറ്റിന്‍റെ വരവ് ആവേശകരമാണെന്ന് ലോസ് ആഞ്ചലസ് സംഘാടക സമിതി വ്യക്തമാക്കി. ലോസ് ആഞ്ചലസിന് ശേഷം നടക്കുന്ന 2032ലെ ബ്രിസ്ബെൻ ഒളിംപിക്‌സിലും ക്രിക്കറ്റ് ഉൾപെടുത്താൻ സാധ്യതയുണ്ട്. പുതുതായി ആകെ അഞ്ച് മത്സരയിനങ്ങൾക്ക് ഒളിംപിക്‌സിലേക്ക് അനുമതി ഐഒസി യോഗം നല്‍കിയിട്ടുണ്ട്. നീണ്ട 128 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റ് വീണ്ടും ഒളിംപിക്‌സില്‍ എത്തുന്നത്. 1900ലെ പാരീസ് ഒളിംപിക്‌സിലാണ് ക്രിക്കറ്റ് മുമ്പ് ഇനമായത്.
ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിനായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഏറെക്കാലമായി പരിശ്രമിക്കുന്നുണ്ടായിരുന്നു. ക്രിക്കറ്റിന്‍റെ ആഗോളസ്വീകാര്യത വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായായിരുന്നു ഇത്. ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ ട്വന്‍റി 20 ഫോര്‍മാറ്റില്‍ പുരുഷ- വനിതാ മത്സരങ്ങള്‍ നടക്കും. 2022ലെ ബര്‍മിംഗ്‌ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ടി20 ക്രിക്കറ്റ് മത്സരയിനമായപ്പോള്‍ വലിയ പിന്തുണ ലഭിച്ചിരുന്നു.
കാണാം കാലിസിന്‍റെ അഭിമുഖം
Read more: ക്രിക്കറ്റ് ലോകകപ്പ്: ടീം ഇന്ത്യക്കെതിരായ തോല്‍വിയില്‍ ടിവി തല്ലിപ്പൊളിച്ച് പാക് ആരാധകന്‍?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം