ബുമ്രയും സൂര്യയും രോഹിതിനൊപ്പം മുംബൈ ഇന്ത്യൻസ് വിടുമോ എന്നാണ് ഇനി അറിയേണ്ടതെന്നും കുംബ്ലെ

മുംബൈ: രോഹിത് ശർമ്മ ഇന്നലെ ലഖ്നൗവിനെതിരെ കളിച്ചത് മുംബൈ കുപ്പായത്തിലെ അവസാന ഐപിഎല്‍ മത്സരമാണോ എന്ന ചോദ്യം ഉയരുന്നതിനിടെ രോഹിത് അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിലുണ്ടാവില്ലെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ. അടുത്ത സീസണില്‍ രോഹിത് മുംബൈ ഇന്ത്യൻസ് വിടുമെന്ന് തനിക്കുറപ്പാണെന്ന് അനിൽ കുംബ്ലെ ജിയോ സിനിമയിലെ ടോക് ഷോയില്‍ പറഞ്ഞു.

അടുത്ത സീസണ് മുമ്പ് രോഹിത് മുംബൈ വിടും. ഇത്തരം ചര്‍ച്ചകളൊക്കെ ലോകകപ്പിനുശേഷം നടക്കുന്നതാണ് നല്ലത്. അതെന്തായാലും 11 വർഷം മുംബൈയെ നയിച്ച രോഹിത് അടുത്ത സീസണിൽ ടീം വിടാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. മറ്റ് പല ടീമുകളും ക്യാപ്റ്റന്‍മാരെ തേടുന്നുമുണ്ട്. ഈ സീസണില്‍ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായ പശ്ചാത്തലത്തില്‍ മുംബൈ ടീം മാനേജ്മെന്‍റ് അടുത്ത സീസണില്‍ ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യയെ മാറ്റാന്‍ തീരുമാനിച്ചാല്‍ ജസ്പ്രീത് ബുമ്രയ്ക്കും സൂര്യകുമാർ യാദവിനും സാധ്യതയുണ്ട്. ഇരുവരും മുമ്പ് ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ളവരുമാണ്. പക്ഷേ ബുമ്രയും സൂര്യയും രോഹിതിനൊപ്പം മുംബൈ ഇന്ത്യൻസ് വിടുമോ എന്നാണ് ഇനി അറിയേണ്ടതെന്നും കുംബ്ലെ പറഞ്ഞു.

'എടാ മോനെ പേടിച്ചുപോയോ', പുരാന്‍ 2 സിക്സ് പറത്തിയതിന് പിന്നാലെ പരിക്കേറ്റ് മടങ്ങിയ അർജ്ജുനെ ട്രോളി ആരാധകര്‍

ഇതിനിടെ മുൻ താരം വസീം ജാഫറിന്‍റെ ട്വീറ്റും ആരാധകര്‍ക്കിടയില്‍ വലിയ ചർച്ചയായിരുന്നു. ഇന്നലെ ലഖ്നൗവിനെതിരെ രോഹിത് കളിച്ചത് മുംബൈ ജേഴ്സിയിലെ അവസാന മത്സരമോ എന്നായിരുന്നു ട്വീറ്റിലൂടെ ജാഫറിന്‍റെ ചോദ്യം. കൊൽക്കത്ത ടീം മാനേജ്മെന്റുമായി രോഹിത് ശർമ്മ സംസാരിക്കുന്നത് വാർത്തകളിൽ നിറഞ്ഞിരുന്നു. രോഹിത് ചെന്നൈയിലേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ടി20 ലോകകപ്പിന് പിന്നാലെ രോഹിത് ഇതിൽ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന. മുംബൈ ക്യാപ്റ്റൻസി വിവാദത്തിൽ രോഹിത് ശർമ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല. രോഹിത്തിനെ മാറ്റി ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കിയതിനെതിരെ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വാങ്കഡേയിൽ ആരാധകര്‍ ഹാർദികിനെ കൂവി വിളിച്ചായിരുന്നു സ്വീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക