
ദില്ലി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 52 പന്തില്‍ പുറത്താകാതെ 87 റണ്‍സുമായി ചെന്നൈ സൂപ്പർ കിംഗ്സിനെ തകർപ്പൻ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ സെഞ്ചുറി നഷ്ടമായതിനെക്കുറിച്ച് തുറന്നുപറഞ്ഞ് മലയാളി താരം സഞ്ജു സാംസണ്‍. സെഞ്ചുറി നേടാന്‍ സഞ്ജുവിന് അവസരമുണ്ടായിരുന്നെങ്കിലും അവസാനം യുവതാരം കാര്‍ത്തിക് ശര്‍മ നടത്തിയ വെടിക്കെട്ട് കാരണം സഞ്ജുവിന് സെഞ്ചുറിയിലേക്ക് എത്താനായിരുന്നില്ല. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഹര്‍ഷ ഭോഗ്‌ലെയാണ് സഞ്ജുവിനോട് സെഞ്ചുറി മോഹം മനസിലുണ്ടായിരുന്നോ എന്ന് ചോദിച്ചത്.
സഞ്ജു വീണ്ടും സെഞ്ചുറി നേടുമെന്ന് ഞങ്ങളെല്ലാവരും പ്രതീക്ഷിച്ചിരുന്നുവെന്ന് ഹര്‍ഷ ഭോഗ്‌ലെ പറഞ്ഞപ്പോഴാണ് സെഞ്ചുറി അടിക്കാന്‍ തനിക്കും ആഗ്രഹമുണ്ടായിരുന്നുവെന്ന് സഞ്ജു തുറന്നു പറഞ്ഞത്. സെഞ്ചുറികൾ എല്ലാപ്പോഴും സ്പെഷ്യലാണ്. പക്ഷെ ഇന്ന് അത് നേടണമെങ്കിൽ എനിക്ക് അൽപം സ്വാർത്ഥനാകേണ്ടി വരുമായിരുന്നു. കൂടെ ബാറ്റ് ചെയ്ത യുവതാരം കാർത്തിക് ശർമ മികച്ച രീതിയിലാണ് കളിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവനോട് 'ഒരു സിംഗിൾ എടുത്തു തരൂ, എനിക്ക് സെഞ്ചുറി അടിക്കണം' എന്ന് അപ്പോള്‍ പറയാൻ തോന്നിയില്ല. കളി ജയിപ്പിച്ച് പുറത്താകാതെ മടങ്ങുന്നതാണ് സെഞ്ചുറിയേക്കാള്‍ എനിക്ക് കൂടുതൽ സംതൃപ്തി നൽകുന്നത്. പിന്നെ സെഞ്ചുറി അടിക്കാൻ ഇനിയും മത്സരങ്ങൾ ബാക്കിയുണ്ടല്ലോ, അതിനായി വീണ്ടും ശ്രമിക്കാമല്ലോ എന്നും സഞ്ജു ഹര്‍ഷ ഭോഗ്‌ലെയോട് പറഞ്ഞു.
സഞ്ജു 79 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ചെന്നൈക്ക് ജയിക്കാന്‍ 30 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. സഞ്ജുവിന് സെഞ്ചുറിയിലെത്താന്‍ 21 റണ്‍സും. എന്നാല്‍ പതിനാറാം ഓവറില്‍ ലുങ്കി എന്‍ഗിഡിക്കെതിരെയും പതിനേഴാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെയും ബൗണ്ടറികള്‍ നേടിയ കാര്‍ത്തിക് ശര്‍മ പതിനെട്ടാം ഓവറില്‍ ടി നടരാജനെതിരെ ഫോറും സിക്സും പറത്തിയതോടെ സഞ്ജു സെഞ്ചുറി തികക്കും മുമ്പെ ചെന്നൈ ജയിച്ചു കയറി.
സമ്മാനദാനച്ചടങ്ങിനെത്തിയ സ‌്ജുവിനോട് ചേട്ടാ എന്ന് വിളിക്കണോ സഞ്ജു എന്ന് വിളിക്കണോ എന്ന് ചോദിച്ചപ്പോള്‍ ആളുകൾ എന്നെ ചേട്ടാ എന്ന് വിളിക്കുന്നുണ്ട്. അത് സന്തോഷമുള്ള കാര്യമാണ്, എങ്കിലും എന്നെ 'സഞ്ജു' എന്ന് വിളിക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം എന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി. ക്രീസിൽ പ്രകടിപ്പിക്കുന്ന അസാമാന്യ ശാന്തതയെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ എപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണെന്ന് സഞ്ജു മറുപടി നൽകി. സത്യം പറഞ്ഞാൽ ഞാൻ എപ്പോഴും ഇതേപോലെ ശാന്തനാണ്. മുമ്പ് പുറത്തിരിക്കുമ്പോഴും ഞാൻ ഇങ്ങനെയായിരുന്നു. ഇപ്പോൾ ഞാൻ കൂടുതൽ നേരം ക്രീസിൽ ബാറ്റ് ചെയ്യുന്നത് നിങ്ങൾ കാണുന്നുണ്ട്. അതുകൊണ്ടാകാം ഞാൻ വളരെ ശാന്തനാണെന്ന് എല്ലാവർക്കും തോന്നുന്നത്.
കഴിഞ്ഞ കുറച്ചു കാലമായി തന്റെ ബാറ്റിംഗ് ശൈലിയിൽ ചില പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന് സഞ്ജു പറഞ്ഞു. കഴിഞ്ഞ 3-5 വർഷമായി തന്‍റെ ബാറ്റിംഗിലെ ചലനങ്ങളിൽ മാറ്റം വരുത്തുന്നുണ്ട്. ഇത് എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. പവർപ്ലേയിൽ റൺസ് കുറഞ്ഞാലും മധ്യ ഓവറുകളിൽ സ്പിന്നർമാരെ നേരിട്ട് കളി തിരിക്കാൻ എനിക്ക് സാധിക്കുമെന്ന് ഉറപ്പായിരുന്നു. എന്‍റെ ഷോട്ടുകളിൽ പൂർണ്ണ വിശ്വാസമുള്ളതിനാലാണ് പവർപ്ലേയിൽ പതുക്കെ സമയമെടുത്ത് കളിച്ചതെന്നും സഞ്ജു വ്യക്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം സഞ്ജുവിന്റെ (52 പന്തിൽ 87*) തകർപ്പൻ ബാറ്റിംഗിന്‍റെ കരുത്തിലാണ് ചെന്നൈ മറികടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!