
ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര തോല്‍വിയില്‍ യഥാര്‍ത്ഥ വില്ലന്‍മാരെ ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍. ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും ചില ആളുകള്‍ ന്യൂസിലന്‍ഡ് ഇന്നിംഗ്സിലെ മധ്യ ഓവറുകളില്‍ അനായാസം സിംഗിളെടുക്കാന്‍ അനുവദിച്ചതാണ് തോല്‍വിക്ക് കാരണമായതെന്ന് സുനില്‍ ഗവാസ്കര്‍ മത്സരശേഷം പറഞ്ഞു.
ആരുടെയും പേര് ഞാന്‍ പറയുന്നില്ല. പക്ഷെ ചില ആളുകള്‍ ന്യൂസിലന്‍ഡ് ബാറ്റര്‍മാരെ അനായാസം സിംഗിളെടുക്കാന്‍ അനുവദിച്ചു. രോഹിത് ശര്‍മയും വിരാട് കോലിയും ഉജ്ജ്വലമായാണ് ഫീല്‍ഡ് ചെയ്തത്. കോലിയുടെ അത്ലറ്റിസിസം നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ മറ്റ് ചിലരുടെ ഫീല്‍ഡിംഗ് കുറച്ചു കൂടി മെച്ചെപ്പെടുത്താമായിരുന്നുവെന്നും സൈമണ്‍ ഡൂളുമായുള്ള ചര്‍ച്ചയില്‍ ഗവാസ്കര്‍ വ്യക്തമാക്കി.
ന്യൂസിലന്‍ഡ് ഓപ്പണര്‍മാരായ ഹെന്‍റി നിക്കോള്‍സിനെയും ഡെവോണ്‍ കോണ്‍വെയെയും അര്‍ഷ്ദീപ് സിംഗും ഹര്‍ഷിത് റാണയും തുടക്കത്തിലെ പുറത്താക്കിയെങ്കിലും വില്‍ യങും ഡാരില്‍ മിച്ചലും ചേര്‍ന്ന് 53 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റി. എന്നാല്‍ അപകടകാരിയായ വില്‍ യങിനെ പുറത്താക്കി ഹര്‍ഷിത് മൂന്നാം പ്രഹരമേല്‍പ്പിച്ചെങ്കിലും ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്സും സെഞ്ചുറി നേടി 219 റണ്‍സ് കൂട്ടുകെട്ടിലൂടെ ന്യൂസിലന്‍ഡിനെ മികച്ച സ്കോറിലേക്ക് നയിച്ചു.
പിച്ചിലെ വേഗക്കുറവ് കാരണം ഇന്ത്യൻ ബൗളര്‍മാര്‍ ആധിപത്യം നേടുമെന്ന് കരുതിയ ഘട്ടത്തിലായിരുന്നു ന്യൂസിലന്‍ഡ് അനായാസം സ്കോര്‍ ചെയ്തതെന്ന് ഗവാസ്കര്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെ 260-270 റണ്‍സിനുള്ളില്‍ ഒതുക്കാന്‍ ഇന്ത്യക്കാവുമെന്നായിരുന്നു കരുതിയത്. ഇന്ത്യ അനായാസ ജയം നേടുമെന്നും കരുതി. എന്നാല്‍ വില്‍ യങും ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്സും തമ്മിലുള്ള കൂച്ചുകെട്ടുകള്‍ കാര്യങ്ങള്‍ മാറ്റിമറിച്ചു. 300 റണ്‍സിലെത്തുമായിരുന്ന സ്കോറിനെ ഇരുവരും ചേര്‍ന്ന് 337ല്‍ എത്തിച്ചു. പ്രത്യേകിച്ച് സിംഗിളുകളെ ഡബിളുകളാക്കി ഡാരില്‍ മിച്ചൽ വിക്കറ്റിനിടയിലെ ഓട്ടത്തില്‍ മികച്ചു നിന്നുവെന്നും ഗവാസ്കര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!