
ബെംഗളൂരു:റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ആരാധകരെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി നായകൻ രജത് പടിദാർ. തനിക്ക് ഒരിക്കലും ആര്‍സിബിയില്‍ ചേരാൻ താല്‍പര്യമില്ലായിരുന്നുവെന്ന് ആർസിബിക്ക് തുടർച്ചയായി രണ്ട് തവണ ഐ.പി.എൽ കിരീടം നേടിക്കൊടുത്ത് ചരിത്രം കുറിച്ച പാടിദാർ പറഞ്ഞു. 2022-ൽ പരിക്കേറ്റ മറ്റൊരു താരത്തിന് പകരക്കാരനായി ടീമിലേക്ക് വിളി വന്നപ്പോൾ പോകാൻ ഒട്ടും താൽര്യമില്ലായിരുന്നുവെന്ന് 'റൊട്ടോറിസ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പാടിദാര്‍ പറഞ്ഞു.
2021-ലാണ് പടിദാർ ആദ്യമായി ആർ.സി.ബിയിലെത്തുന്നത്. എന്നാൽ 2022-ലെ മെഗാ ലേലത്തിൽ താരത്തെ ആരും വാങ്ങിയിരുന്നില്ല. പിന്നീട് ലവ്‌നിത് സിസോദിയയ്ക്ക് പരിക്കേറ്റതോടെയാണ് പകരക്കാരനായി ആർ.സി.ബി പടിദാറിനെ വീണ്ടും ടീമിലേക്ക് വിളിക്കുന്നത്.
എനിക്ക് ആർസിബി ടീമിന്‍റെ ഭാഗമാകാൻ ഒട്ടും താൽപര്യമില്ലായിരുന്നു എന്നാണ് വസ്തുത. കാരണം പകരക്കാരനായിട്ടാണ് എന്നെ വിളിക്കുന്നത്. അതുകൊണ്ട് തന്നെ കളിക്കാൻ അവസരം ലഭിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. ടീമിനൊപ്പം ചേർന്നപ്പോഴും മാനേജ്‌മെന്‍റിൽ നിന്ന് ഇതേ മറുപടിയാണ് ലഭിച്ചത്. നീ വെറുമൊരു പകരക്കാരനാണ്, അതുകൊണ്ട് ചിൽ ചെയ്യ്... ആർക്കെങ്കിലും പരിക്കേറ്റാൽ മാത്രം നോക്കാം എന്നായിരുന്നു അവരുടെ നിലപാട്. സത്യം പറഞ്ഞാൽ വെറുതെ ബെഞ്ചിലിരിക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു. ഞാൻ എവിടെപ്പോയാലും കളിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പാടിദാര്‍ പറഞ്ഞു.
ഇതിന് പുറമെ തന്‍റെ വിവാഹ തീയതി നിശ്ചയിച്ച സമയത്തായിരുന്നു ആര്‍സിബിയിലേക്ക് വിളി വന്നതെന്നും വെറുതെ ബെഞ്ചിലിരിക്കാൻ വേണ്ടി വിവാഹം മാറ്റിവെക്കേണ്ടതില്ലെന്നാണ് താൻ കരുതിയതെന്നും പാടിദാർ കൂട്ടിച്ചേർത്തു. എന്നാൽ പരിശീലകരുടെയും കുടുംബത്തിന്‍റെയും നിർബന്ധത്തിന് വഴങ്ങിയാണ് വിവാഹം രണ്ട് മാസത്തേക്ക് നീട്ടിവെച്ച് താരം അന്ന് ടീമിനൊപ്പം ചേർന്നത്.
വിധി പടിദാറിനായി കരുതിവെച്ചത് മറ്റൊരു വലിയ നിയോഗമായിരുന്നു. 2022 സീസണിൽ മറ്റ് താരങ്ങളുടെ പരിക്കുമൂലം എട്ട് മത്സരങ്ങളില്‍ ആര്‍സിബിക്കായി കളിക്കാൻ പാടിദാറിന് അവസരം ലഭിച്ചു. ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരായ എലിമിനേറ്റർ മത്സരത്തിൽ വെറും 54 പന്തിൽ പുറത്താകാതെ 112 റൺസ് അടിച്ചുകൂട്ടിയതോടെ പാടിദാർ ആർസിബിയുടെ പുതിയ ഹീറോയായി മാറി. 2024-ലും ടീമിൽ സ്ഥാനം നിലനിർത്തിയ താരം മിഡിൽ ഓർഡർ ഫിനിഷറായി തിളങ്ങി.
തുടർന്ന് 2025-ൽ വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞപ്പോൾ ആർസിബിയുടെ പുതിയ ക്യാപ്റ്റനായി രജത് പാടിദാർ നിയമിതനായി. ആ വർഷം തന്നെ ആർസിബിയുടെ ചരിത്രത്തിലെ ആദ്യ ഐപിഎൽ കിരീടം നേടിക്കൊടുത്ത് പാടിദാർ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടി. തൊട്ടടുത്ത സീസണിലും കിരീടം നിലനിർത്തിയതോടെ ആർസിബി ചരിത്രത്തിൽ പാടിദാർ ഏറ്റവും മികച്ച നായകനുമായത് ചരിത്രം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!