
ലാഹോര്‍: ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയേക്കാള്‍(Virat Kohli) 3000-4000 റണ്‍സ് എല്ലാ ഫോര്‍മാറ്റിലും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം(Babar Azam) നേടണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് സഹതാരം ഇമാം ഉള്‍ ഹഖ്(Imam-ul-Haq). ഇരുപത്തിയേഴുകാരനായ ബാബര്‍ ഇതിനകം രാജ്യാന്തര ക്രിക്കറ്റില്‍ 10000ത്തിനടുത്ത് റണ്‍സ് നേടിയിട്ടുണ്ട്. അതേസമയം ഇപ്പോള്‍ കോലിയുമായി ബാബറിനെ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നും ഇമാം പറഞ്ഞു.
'വിരാട് കോലി ഇതിഹാസമാണ് എന്ന കാര്യത്തില്‍ സംശയമില്ല. 240ലേറെ മത്സരങ്ങള്‍ കളിച്ച താരവുമായി 80 മത്സരങ്ങള്‍ കളിച്ചൊരാളെ താരതമ്യം ചെയ്യാന്‍ പാടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോലിക്ക് ഒരുപടി മുകളിലാണ് ബാബര്‍. കോലിയുടെ അനവധി റെക്കോര്‍ഡുകള്‍ ബാബര്‍ തകര്‍ക്കണം എന്നാണ് സുഹൃത്തെന്നെ നിലയില്‍ എന്‍റെ ആഗ്രഹം. എന്നാലിപ്പോള്‍ ബാബറിനെ കോലിയുമായുള്ള താരതമ്യങ്ങള്‍ പിടികിട്ടുന്നില്ല. കരിയര്‍ അവസാനിക്കുമ്പോള്‍ എല്ലാ ഫോര്‍മാറ്റിലും കോലിയേക്കാള്‍ മൂവായിരമോ നാലായിരമോ റണ്‍സ് അധികം ബാബര്‍ നേടണമെന്നാണ് എന്‍റെ ആഗ്രഹം'- ഇമാം ഉള്‍ ഹഖ് പറഞ്ഞു.
40 ടെസ്റ്റിലും 89 ഏകദിനത്തിലും 74 രാജ്യാന്തര ടി20യിലുമായി ബാബര്‍ അസം 24 സെഞ്ചുറികളോടെയും 66 അര്‍ധസെഞ്ചുറികളോടേയും 9979 റണ്‍സ് ഇതിനകം നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 2851 റണ്‍സും ഏകദിനത്തില്‍ 4442 റണ്‍സും രാജ്യാന്തര ടി20യില്‍ 2686 റണ്‍സുമാണ് ബാബറിന്‍റെ സമ്പാദ്യം.
അതേസമയം റണ്‍മെഷീന്‍ എന്ന് പേരുകേട്ട വിരാട് കോലി 2019 നവംബറിന് ശേഷം ഒരു സെഞ്ചുറി പോലുമില്ലാതെ കഷ്ടപ്പെടുകയാണ്. ഇംഗ്ലണ്ടിനെതിരെ നിലവില്‍ ഏകദിന പരമ്പരയില്‍ കോലി കളിക്കുന്നുണ്ട്. എങ്കിലും ഇതിനകം 102 ടെസ്റ്റില്‍ 8074 റണ്‍സും 261 ഏകദിനത്തില്‍ 12311 റണ്‍സും 99 രാജ്യാന്തര ടി20കളില്‍ 3308 റണ്‍സും കോലിക്കുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ 70 ശതകങ്ങള്‍ കോലിയുടെ പേരിലുണ്ട്.
കിക്ക് ബോക്സിംഗിനിടെ പരിക്കേറ്റ് കോമയിലായ യുവ ബോക്സര്‍ മരിച്ചു