
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് തന്നെ ഒരു 'ടെസ്റ്റ് സ്പെഷ്യലിസ്റ്റ്' ആയി മാത്രം മുദ്രകുത്തിയിരുന്ന കാലത്തെക്കുറിച്ച് മനസ്സ് തുറന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ കെ.എൽ. രാഹുൽ. തുടക്കകാലത്ത് തന്നെ ഒരു മികച്ച ടി20 താരമായോ വൈറ്റ് ബോൾ പ്ലെയറായോ പോലും ആരും പരിഗണിച്ചിരുന്നില്ലെന്ന് ജിയോ സ്റ്റാറിലെ 'സൂപ്പർസ്റ്റാർസ്' ഷോയിൽ രാഹുൽ പറഞ്ഞു. പത്ത് വർഷം മുൻപ് ഒരു ടി20 ടീമിന്‍റെ ഭാഗമാകാൻ ഞാൻ എന്തും നൽകുമായിരുന്നു. എന്നെ ഒരിക്കലും ഒരു ടി20 കളിക്കാരനായി ആരും വിലയിരുത്തിയിരുന്നില്ല. ഒരു ടെസ്റ്റ് പ്ലേയർ എന്ന ലേബലിൽ നിന്ന് പുറത്തുകടന്ന് വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇത്രത്തോളം എത്താൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും രാഹുൽ പറഞ്ഞു.
കരിയറിൽ പല പിഴവുകളും സംഭവിച്ചിട്ടുണ്ടെങ്കിലും എല്ലാ പരീക്ഷണഘട്ടങ്ങളിലും തന്‍റെ നൂറ് ശതമാനം നൽകാൻ ശ്രമിച്ചിട്ടുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. 2022-ന് ശേഷം ഇന്ത്യയ്ക്കായി ടി20 കളിച്ചിട്ടില്ലെങ്കിലും ഐപിഎല്ലിലെ തന്‍റെ പ്രകടനത്തിലൂടെ വിമർശകർക്ക് രാഹുൽ മറുപടി നൽകുന്നുണ്ട്. ഈ സീസണിൽ പഞ്ചാബ് കിംഗ്‌സിനെതിരെ രാഹുൽ നേടിയ 152* റൺസ് (67 പന്തിൽ) ഒരു ഇന്ത്യൻ താരം ടി20യിൽ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്. ഈ പ്രകടനത്തോടെ ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമുകൾക്കായി സെഞ്ച്വറി നേടുന്ന ആദ്യ താരമായും രാഹുൽ മാറി.
ക്രിക്കറ്റിനോടുള്ള തന്‍റെ കാഴ്ചപ്പാട് മാറ്റിയത് മകളുടെ ജനനമാണെന്ന് രാഹുൽ പറഞ്ഞു. കഴിഞ്ഞ വർഷം (2025 മാർച്ചിൽ) രാഹുലിനും നടി ആതിയ ഷെട്ടിക്കും പെൺകുഞ്ഞ് ജനിച്ചിരുന്നു. അച്ഛനായത് എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ്. എന്‍റെ മകളുടെ പുഞ്ചിരി കാണുമ്പോൾ എല്ലാ വേദനകളും ആശങ്കകളും ഞാൻ മറക്കും. ഇത് എന്‍റെ ക്രിക്കറ്റിനെയും പോസിറ്റീവായി ബാധിച്ചു. ഇപ്പോൾ ഞാൻ കളിയെക്കുറിച്ച് അമിതമായി ചിന്തിക്കാറില്ല. ആ 4-5 മണിക്കൂർ സമയം ഞാൻ കളി ആസ്വദിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്-രാഹുൽ വ്യക്തമാക്കി.
ഐപിഎല്ലിലെ എക്കാലത്തെയും റൺവേട്ടക്കാരുടെ പട്ടികയിൽ എം.എസ് ധോണിയെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയെങ്കിലും റെക്കോർഡുകളിലല്ല, ട്രോഫികളിലാണ് തന്‍റെ കണ്ണെന്ന് രാഹുൽ പറഞ്ഞു. ധോണി ഭായിയെ റൺസിന്‍റെ കാര്യത്തിൽ മറികടന്നത് ഞാൻ അറിഞ്ഞിരുന്നില്ല. പക്ഷേ എനിക്ക് അദ്ദേഹത്തെപ്പോലെ അഞ്ച് ഐപിഎൽ ട്രോഫികൾ നേടാനാണ് ആഗ്രഹം. വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന്‍റെ വിജയത്തിനാണ് ഞാൻ മുൻഗണന നൽകുന്നത് രാഹുല്‍ കൂട്ടിച്ചേർത്തു. കരിയറിൽ ഇനിയും വർഷങ്ങൾ ബാക്കിയുണ്ടെന്നും രാജ്യത്തിനും ടീമിനുമായി കൂടുതൽ കിരീടങ്ങൾ നേടുകയാണ് തന്‍റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!