
ലക്നൗ: അടുത്തമാസം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഇടമില്ലെന്ന കാര്യം അറിഞ്ഞത് ടീം പ്രഖ്യാപിച്ചപ്പോള്‍ മാത്രമെന്ന് തുറന്നു പറഞ്ഞ് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ. ലോകകപ്പ് ടീമില്‍ ഇടമില്ലെന്ന് അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നുവെന്നും ജിതേഷ് ശർമ ക്രിക് ട്രാക്കറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ടീം പ്രഖ്യാപിക്കുന്നതുവരെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് എന്നെ പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ഒഴിവാക്കിയതിനുള്ള ചീഫ് സെലക്ടര്‍ പറഞ്ഞ വിശദീകരണത്തോട് പിന്നീട് ഞാന്‍ പൊരുത്തപ്പെട്ടു. കാരണം, അത് ന്യായമായ ഒരു കാരണമായി തോന്നി. അതിനുശേഷം പരിശീലകനുമായും സെലക്ടര്‍മാരുമായും ഞാന്‍ സംസാരിച്ചു. അവര്‍ പറഞ്ഞ കാരണങ്ങളോടും എനിക്ക് യോജിപ്പ് തോന്നി. അവര്‍ എന്നെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ച കാര്യത്തോട് ഞാന്‍ യോജിക്കുന്നു.
പക്ഷെ അപ്പോഴും എന്നെ പുറത്താക്കിയ തീരുമാനം ഹൃദയം തകര്‍ത്തു. കാരണം. ടി20 ലോകകപ്പില്‍ കളിക്കാൻ ഞാന്‍ അത്രമാത്രം കഠിനാധ്വാനം ചെയ്യുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നു. പക്ഷെ വിധി മറ്റൊന്നായിപ്പോയി. അതിനെ എനിക്ക് തടയാനാവില്ലല്ലോ. നിലവില്‍ എന്‍റെ മനസ് ശൂന്യമാണ്. എന്തെങ്കിലും ചിന്തിക്കാവുന്ന അവസ്ഥയിലല്ല ഞാനിപ്പോഴുള്ളത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായതും ആര്‍സിബി മെന്‍ററായ ദിനേശ് കാര്‍ത്തിക്കിനോട് സംസാരിക്കാനായതും തനിക്ക് അല്‍പം ആശ്വാസം നല്‍കിയെന്നും ജിതേഷ് ശര്‍മ പറഞ്ഞു.
ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ പോലും ജിതേഷ് ശര്‍മയായിരുന്നു വിക്കറ്റ് കീപ്പറായത്. ഓപ്പണറെനന്ന നിലയില്‍ മൂന്ന് സെഞ്ചുറികള് നേടി തിളങ്ങി സഞ്ജു സാംസണെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറാക്കിയതോടെയായിരുന്നു ജിതേഷ് ശര്‍മക്ക് മധ്യനിരയില്‍ അവസരം ലഭിച്ചത്. ഏഷ്യാ കപ്പ് മുതല്‍ ഓപ്പണറായി കളിച്ച ഗില്ലിന് തിളങ്ങാനാവാഞ്ഞതും സഞ്ജുവിന് മധ്യനിരയില്‍ കാര്യമായ റോളില്ലാതെയും വന്നതോടെയാണ് ഫിനിഷറായ ജിതേഷ് ശര്‍മക്ക് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര മുതല്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ഇതോടെ സഞ്ജു പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. എന്നാല്‍ ലോകകപ്പ് ടീമില്‍ നിന്ന് ഗില്ലിനെ ഒഴിവാക്കാനുള്ള തീരുമാനത്തോടെ സഞ്ജു വീണ്ടും ഓപ്പണാറയതോടെ ജിതേഷ് ശര്‍മയുടെ അവസരം അടഞ്ഞു. രണ്ടാം വിക്കറ്റ് കീപ്പറായി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ ഇഷാന്‍ കിഷനെയാണ് സെലക്ടര്‍മാര്‍ ടീമിലെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!