
കൊല്‍ക്കത്ത: ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളിൽ നിന്നും തഴയപ്പെട്ടതിന് പിന്നാലെ വിമർശകർക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ബംഗാള്‍ പേസര്‍ മുഹമ്മദ് ഷമി. ബംഗാളിനായി രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരെ ഇറങ്ങിയപ്പോൾ ഷമി എറിഞ്ഞ സ്പെല്ലുകളുടെ ദൈർഘ്യത്തെ ചൊല്ലി ഫിറ്റ്നസ് സംശയങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കടുത്ത പ്രതികരണവുമായി ഷമി നേരിട്ട് രംഗത്തെത്തിയത്. ഡൽഹിക്കെതിരായ മത്സരത്തിൽ രണ്ട് ഇന്നിങ്സുകളിലുമായി 35.3 ഓവറുകൾ പന്തെറിഞ്ഞ ഷമി 5 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. എന്നാൽ താൻ എറിഞ്ഞ ദൈഘ്യമേറിയ സ്പെല്ലുകളെ ബോധപൂർവം ഒഴിവാക്കി, ചെറിയ സ്പെല്ലുകള്‍ മാത്രം എറിഞ്ഞതിനെ ഉയർത്തിക്കാട്ടിയാണ് വിമർശകർ പ്രചാരണം നടത്തുന്നതെന്ന് സ്പോർട്സ് ടാക്കിന് നല്‍കിയ അഭിമുഖത്തില്‍ ഷമി ചൂണ്ടിക്കാട്ടി.
ഞാൻ മൂന്ന് ഓവറുകൾ മാത്രമാണ് എറിയുന്നതെന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിൽ, അതിനൊപ്പം നാല്, അഞ്ച്, ആറ്, അല്ലെങ്കിൽ ഏഴ് ഓവറുകൾ അടങ്ങുന്ന സ്പെല്ലുകളും ഞാൻ എറിഞ്ഞിട്ടുണ്ടെന്ന് ഓർക്കണം. പക്ഷെ അത് ആരും ശ്രദ്ധിച്ചില്ല. ഇനി ആർക്കെങ്കിലും എന്‍റെ സ്പെല്ലുകളെക്കുറിച്ച് സംശയമുണ്ടെങ്കിൽ, സ്കോർകാർഡിന്‍റെ 'സ്ക്രീൻഷോട്ട് ഞാൻ അയച്ചുതരാമെന്നും ഷമി പറഞ്ഞു. തന്‍റെ ഫിറ്റ്നസിനെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ലെന്ന് ഷമി വ്യക്തമാക്കി.
നിങ്ങൾ തെറ്റായ ആളോടാണ് തെറ്റായ ചോദ്യം ചോദിക്കുന്നത്. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല, കാരണം എല്ലാം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. മാധ്യമപ്രവർത്തകർ നേരിട്ട് മത്സരങ്ങൾ കവർ ചെയ്യുന്നുമുണ്ട്. ഇവിടെയൊന്നും ഒളിച്ചുവെക്കാൻ സാധിക്കില്ല. ഫിറ്റ്നസിനെക്കുറിച്ചോ 1-2 ഓവർ സ്പെല്ലുകളെക്കുറിച്ചോ സംസാരിക്കേണ്ട ആവശ്യം എനിക്കില്ല, കാരണം ടീം ആവശ്യപ്പെടുന്നതാണ് ഞാൻ മൈതാനത്ത് ചെയ്യുന്നത്. 2025-ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചതിന് ശേഷം ഷമിക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിട്ടില്ല. അടുത്തിടെ സമാപിച്ച സർവീസസിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാൾ ടീം ഷമിക്ക് വിശ്രമം അനുവദിച്ചിരുന്നു. ആ മത്സരത്തിൽ 60 റൺസിന്‍റെ വിജയം നേടി ബംഗാൾ സീസണിലെ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!