'ഇന്നായിരുന്നെങ്കില്‍ ഞാനൊന്നും രാജ്യാന്തര ക്രിക്കറ്റില്‍ രക്ഷപ്പെടില്ലായിരുന്നു': ദ്രാവിഡ്

By Web TeamFirst Published Jun 9, 2020, 9:40 PM IST
Highlights

ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്തെ എന്റെ ശൈലി വച്ച് ഇന്നത്തെ കാലത്താണെങ്കിൽ പിടിച്ചുനിൽക്കാനാകില്ലെന്ന് പൂർണ ബോധ്യമുണ്ട്. ഇന്നത്തെ താരങ്ങളുടെ സ്ട്രൈക്ക് റേറ്റുകൾ നോക്കൂ. ഏകദിനത്തിൽ എന്റെ സ്ട്രൈക്ക് റേറ്റ് സച്ചിന്റെയും വീരുവിന്റെയും സ്ട്രൈക്ക് റേറ്റിനോളം ഉണ്ടായിരുന്നില്ല

ബംഗലൂരു: ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്തെ തന്റെ ശൈലി വച്ച് ഇന്നത്തെ കാലത്താണെങ്കിൽ രാജ്യാന്തര ക്രിക്കറ്റില്‍ രക്ഷപ്പെടുന്ന കാര്യം സംശയമാണെന്ന് ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്. അതിവേഗത്തില്‍ സ്കോര്‍ ചെയ്യുന്ന ബാറ്റ്സ്മാന്‍മാരുടെ കാലമാണിതെങ്കിലും പ്രതിരോധാത്മക ബാറ്റിംഗിന്റെ പ്രസക്തി പൂര്‍ണമായും നഷ്ടമായിട്ടില്ലെന്നും ദ്രാവിഡ് പറഞ്ഞു. മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറുമായി ക്രിക്ഇൻഫോയുടെ വിഡിയോകാസ്റ്റിൽ സംസാരിക്കുകയായിരുന്നു ദ്രാവിഡ്.


രോഹിത് ശർമയെയും വിരാട് കോലിയെയും പോലുള്ള താരങ്ങൾ ഏകദിന ക്രിക്കറ്റിനെ പുതിയൊരു തലത്തിലേക്ക് നയിച്ചുവെങ്കിലും ചേതേശ്വർ പൂജാരയേപ്പോലുള്ള താരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിന് അനിവാര്യമാണെന്നും ദ്രാവിഡ് ഓർമിപ്പിച്ചു. എക്കാലവും ടെസ്റ്റ് താരമായി അറിയപ്പെടാൻ ആഗ്രഹിച്ച തനിക്ക് പ്രതിരോധാത്മകശൈലിയില്‍ കളിക്കുന്ന താരമെന്ന പരിഹാസം പ്രശ്നമായിരുന്നില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി.

ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്തെ എന്റെ ശൈലി വച്ച് ഇന്നത്തെ കാലത്താണെങ്കിൽ പിടിച്ചുനിൽക്കാനാകില്ലെന്ന് പൂർണ ബോധ്യമുണ്ട്. ഇന്നത്തെ താരങ്ങളുടെ സ്ട്രൈക്ക് റേറ്റുകൾ നോക്കൂ. ഏകദിനത്തിൽ എന്റെ സ്ട്രൈക്ക് റേറ്റ് സച്ചിന്റെയും വീരുവിന്റെയും സ്ട്രൈക്ക് റേറ്റിനോളം ഉണ്ടായിരുന്നില്ല. പക്ഷേ, അന്നത്തെ കാലത്ത് കളിയുടെ നിലവാരം അതായിരുന്നുവെന്നതാണ് വാസ്തവം.


എന്നുവെച്ച് വീരേന്ദർ സെവാഗിനേപ്പോലെ കളിക്കാനും അതുപോലെ ഷോട്ടുകൾ പായിക്കാനും എനിക്ക് താൽപര്യമില്ലെന്ന് ധരിക്കരുത്. പക്ഷേ, എന്റെ ശൈലിയും കഴിവും വ്യത്യസ്തമായിരുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ക്രീസിൽ ദീർഘസമയം ചെലവഴിക്കുക, ബൗളർമാരെ പരമാവധി ക്ഷീണിപ്പിക്കുക, പുതിയ പന്തിന്റെ തിളക്കം കളയുക തുടങ്ങിയവയായിരുന്നു എന്റെ ചുമതലകൾ. ഇതെല്ലാം എന്റെ ജോലിയായി കണ്ട് അത് നിറവേറ്റുന്നതിൽ അഭിമാനിച്ചിരുന്ന വ്യക്തിയാണ് ഞാൻ. നിശ്ചയദാർഢ്യവും ഏകാഗ്രതയുമാണ് എന്റെ മികവ്. അതു രണ്ടും നന്നായിത്തന്നെ ഉപയോഗിക്കാൻ എനിക്കായെന്ന് വിശ്വസിക്കുന്നു– ദ്രാവിഡ് പറഞ്ഞു

പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിംഗിന്  ഇന്ന് തീരെ വിലയില്ലെന്നറിയാം. എങ്കിലും ക്രിക്കറ്റില്‍ എക്കാലവും സ്വന്തം വിക്കറ്റ് പ്രതിരോധിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഇന്നത്തെ കാലത്ത് രാജ്യാന്തര ക്രിക്കറ്റിൽ നിലനിൽക്കാൻ ഒരു ടെസ്റ്റ് താരമാകണമെന്ന് യാതൊരു നിർബന്ധവുമില്ല. ട്വന്റി20യും ഏകദിനും കളിച്ചു മാത്രം നിങ്ങൾക്ക് ഈ രംഗത്ത് നിലനിൽക്കാം. അതിന് പ്രതിരോധ മികവ് വേണമെന്ന് വലിയ നിർബന്ധവുമില്ല.


പക്ഷെ ബാറ്റിംഗ് ടെക്നിക്കിൽ കാര്യമായ പോരായ്മകളുണ്ടെങ്കിൽ ഇന്നും ടെസ്റ്റിൽ നിങ്ങൾക്ക് പിടിച്ചുനിൽക്കാനാകില്ല. എന്നാല്‍ ട്വന്റി20യിലും ഏകദിനത്തിലും ഒരു പരിധിവരെ ഇതിന് കഴിയും. മുൻപ് അതായിരുന്നില്ല സ്ഥിതി. ഒരു ടെസ്റ്റ് താരമായാൽ മാത്രമേ രാജ്യാന്തര ക്രിക്കറ്റിൽ നിലനിൽപ്പുണ്ടായിരുന്നുള്ളൂ. ഇന്നും വിരാട് കോലി, കെയ്ൻ വില്യംസൻ, സ്റ്റീവ് സ്മിത്ത് എന്നിവരൊക്കെ പ്രതിരോധത്തിലും മികവു കാട്ടുന്നവരാണെന്നും ദ്രാവിഡ് പറഞ്ഞു.

click me!