സ്‌മൃതി മന്ഥാനയ്‌ക്ക് നിരാശ; 2022ലെ മികച്ച വനിതാ ടി20 താരത്തിനുള്ള പുരസ്‌കാരം ഓസ്‌ട്രേലിയയിലേക്ക്

By Web TeamFirst Published Jan 25, 2023, 8:10 PM IST
Highlights

2021 ഒക്‌ടോബറില്‍ മാത്രം രാജ്യാന്തര ട്വന്‍റി 20 അരങ്ങേറ്റം കുറിച്ച തഹ്‌ലിയ മഗ്രാത്ത് തൊട്ടടുത്ത വര്‍ഷം ഐസിസി പുരസ്‌കാരം നേടുകയാണ്

ദുബായ്: കഴിഞ്ഞ വര്‍ഷത്തെ(2022) മികച്ച രാജ്യാന്തര വനിതാ ട്വന്‍റി 20 ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ തഹ്‌ലിയ മഗ്രാത്തിന്. 16 മത്സരങ്ങളില്‍ 62.14 ശരാശരിയില്‍ 435 റണ്‍സും 13 വിക്കറ്റുകളും നേടിയാണ് തഹ്‌ലിയ പുരസ്‌കാരം കീശയിലാക്കിയത്. ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ഥാന, പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ നിദാ ദര്‍, ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സോഫീ ഡിവൈന്‍ എന്നിവരെ മറികടന്നാണ് തഹ്‌ലിയ മഗ്രാത്തിന്‍റെ നേട്ടം. 

2021 ഒക്‌ടോബറില്‍ മാത്രം രാജ്യാന്തര ട്വന്‍റി 20 അരങ്ങേറ്റം കുറിച്ച തഹ്‌ലിയ മഗ്രാത്ത് തൊട്ടടുത്ത വര്‍ഷം മികച്ച താരത്തിനുള്ള ഐസിസി പുരസ്‌കാരം നേടുകയാണ്. രാജ്യാന്തര ട്വന്‍റി 20യില്‍ വനിതാ ബാറ്റര്‍മാരില്‍ നിലവിലെ ഒന്നാം റാങ്കുകാരിയാണ്. ഇംഗ്ലണ്ടിനെതിരെ 49 പന്തില്‍ പുറത്താവാതെ 91* റണ്‍സും മൂന്ന് വിക്കറ്റും അടക്കം ഗംഭീര പ്രകടനങ്ങളാണ് തെഹ്‌ലിയ 2022ല്‍ പുറത്തെടുത്തത്. ബര്‍മിംഗ്‌ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഞ്ച് കളിയില്‍ 42.66 ശരാശരിയില്‍ 128 റണ്‍സ് നേടി ഓഗസ്റ്റിലെ ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം നേടിയിരുന്നു. ട്വന്‍റി 20 ഫോര്‍മാറ്റിലായിരുന്നു കോമണ്‍വെല്‍ത്ത് വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍. 

പുരുഷന്‍മാരില്‍ സൂര്യകുമാര്‍

പുരുഷന്‍മാരില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ് 2022ലെ മികച്ച ട്വന്‍റി 20 താരം. 2021 മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ സൂര്യകുമാര്‍ യാദവും തൊട്ടടുത്ത വര്‍ഷത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫോര്‍മാറ്റില്‍ ഐസിസിയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. നിലവില്‍ ടി20 റാങ്കിംഗില്‍ ബാറ്റര്‍മാരില്‍ ഒന്നാം സ്ഥാനത്താണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ 31 മത്സരങ്ങളില്‍ രണ്ട് സെഞ്ചുറികളും 9 അര്‍ധ സെഞ്ചുറികളും സഹിതം 46.56 ശരാശരിയിലും 187.43 പ്രഹരശേഷിയിലും 1164 റണ്‍സാണ് സൂര്യ അടിച്ചുകൂട്ടിയത്. 68 സിക്‌സറുകള്‍ പറത്തി. 

പിന്നല്ലാ! സ്വിങ് റാണി രേണുക സിംഗ് ഐസിസി എമേര്‍ജിംഗ് താരം

click me!