
ദബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി എക്കാലത്തെയും മികച്ച ടെസ്റ്റ് പരമ്പര തെരഞ്ഞെടുക്കാനായി ഐസിസി ആരാധകർക്കായി നടത്തിയ വോട്ടെടുപ്പിൽ മുന്നിലെത്തിയത് കഴിഞ്ഞ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയെന്ന് ഐസിസി. സമൂഹമാധ്യമങ്ങളിലൂടെ 70 ലക്ഷത്തോളം പേർ പങ്കെടുത്ത വോട്ടെടുപ്പിലാണ് 2020-21ലെ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര എക്കാലത്തെയും മികച്ച ടെസ്റ്റ് പരമ്പരയായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഐസിസി വ്യക്തമാക്കി.
1999ലെ ഇന്ത്യ-പാക്കിസ്ഥാൻ ടെസ്റ്റ് പരമ്പര നേരിയ വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തെത്തി. 2005ലെ ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആഷസ് ടെസ്റ്റ് പരമ്പരയാണ് മൂന്നാമതെത്തിയത്. 2001ൽ ഓസ്ട്രേലിയക്കെതിരെ നേടിയ ഇന്ത്യയുടെ ഐതിഹാസിക ടെസ്റ്റ് ജയത്തെയും പിന്തള്ളിയാണ് 2020-21ലെ പരമ്പര ഒന്നാമതെത്തിയത്.
തിരിച്ചടികളുടെ പരമ്പരകൾക്കിടയിലും ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും ഓസ്ട്രേലിയയിൽ പരമ്പര നേടിയിരുന്നു. ക്യാപ്റ്റൻ വിരാട് കോലി ആദ്യ ടെസ്റ്റിലെ തോൽവിക്കുശേഷം പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുകയും ഒട്ടേറെ താരങ്ങൾ പരിക്കേറ്റ് പുറത്താവുകയും ചെയ്തിട്ടും അജിങ്ക്യാ രഹാനെയുടെ കീഴിൽ ഇന്ത്യ ഓസീസിനെ 2-1ന് കീഴടക്കി പരമ്പര നേടി. അവസാന ടെസ്റ്റിൽ ഗാബയിൽ ഓസ്ട്രേലിയക്ക് 1988നുശേഷം ആദ്യ തോൽവി സമ്മാനിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ വെറും 36 റൺസിന് ഓൾ ഔട്ടായി നാണംകെട്ടശേഷമായിരുന്നു ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. എക്കാലത്തെയും മികച്ച ടെസ്റ്റ് പരമ്പര കണ്ടെത്താനായി 15 പരമ്പരകളാണ് ഐസിസി പരിഗണിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ നാലു പരമ്പരകൾ സെമിയിലെത്തുകയും രണ്ട് പരമ്പരകൾ ഫൈനലിലെത്തുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!