പ്രമുഖ ടീമുകള്‍ പാകിസ്ഥാന്‍ പര്യടനത്തിന് രണ്ടാം നിര ടീമിനെ അയക്കുന്നതില്‍ പാക് ക്രിക്കറ്റ് വൃത്തങ്ങളില്‍ കടുത്ത അമര്‍ഷം.
കറാച്ചി: പ്രമുഖ ടീമുകള്‍ പാകിസ്ഥാന്‍ പര്യടനത്തിന് വരുമ്പോള്‍ മുന്‍നിര താരങ്ങളെ ഒഴിവാക്കുന്നതില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ കടുത്ത അമര്‍ഷം. ടി20 ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന പരമ്പരയ്ക്കായി പാകിസ്ഥാനിലെത്തിയ ഓസ്ട്രേലിയന്‍ ടീം, തങ്ങളുടെ പ്രധാന താരങ്ങളെ പലരെയും ഒഴിവാക്കിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, ടിം ഡേവിഡ്, ഗ്ലെന്‍ മാക്സ്വെല്‍, നഥാന്‍ എല്ലിസ് തുടങ്ങിയ പ്രമുഖ താരങ്ങളില്ലാതെയാണ് ഓസ്ട്രേലിയന്‍ ടീം പാകിസ്ഥാനിലെത്തിയത്.
പരിക്കില്‍ നിന്ന് മോചിതരായി വരുന്ന ഇവര്‍ക്ക് ലോകകപ്പിന് മുന്‍പ് വിശ്രമം നല്‍കാനാണ് ഈ തീരുമാനമെന്നാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിശദീകരണം. വ്യാഴാഴ്ച നടന്ന ആദ്യ ടി20യില്‍ നായകന്‍ മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഇന്‍ഗ്ലിസ് തുടങ്ങിയ പരിചയസമ്പന്നരെയും പുറത്തിരുത്തി. മൂന്ന് അരങ്ങേറ്റക്കാരുമായാണ് ഓസ്ട്രേലിയ കളത്തിലിറങ്ങിയത്. ഈ മത്സരത്തില്‍ ഓസ്ട്രേലിയ 22 റണ്‍സിന് പരാജയപ്പെട്ടിരുന്നു.
പിന്നാലെ പാകിസ്ഥാനിലെ മുന്‍ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും ഓസ്ട്രേലിയയുടെ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ''ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇപ്പോള്‍ ഓസ്ട്രേലിയ തുടങ്ങിയ ടീമുകള്‍ അവരുടെ ദുര്‍ബലമായ നിരയെയാണ് അടുത്തകാലത്തായി പാകിസ്ഥാനിലേക്ക് അയക്കുന്നത്. ഇതൊരു കടമ തീര്‍ക്കല്‍ പോലെയാണ് അവര്‍ കാണുന്നത്.'' പാകിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ മൊയീന്‍ ഖാന്‍ വ്യക്തമാക്കി. ''സന്ദര്‍ശക ടീമിലെ മികച്ച താരങ്ങളെപ്പോലും ആദ്യ മത്സരത്തില്‍ പുറത്തിരുത്തുന്നത് പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരെ അപമാനിക്കുന്നതിന് തുല്യമാണ്.'' ക്രിക്കറ്റ് നിരീക്ഷന്‍ ഒമൈര്‍ അലവി (ക്രിക്കറ്റ് നിരീക്ഷകന്‍):
ലോകകപ്പിന് തൊട്ടുമുമ്പ് നടക്കുന്ന പരമ്പരയില്‍ പോലും മികച്ച ടീമിനെ ഇറക്കാത്തത് അമ്പരപ്പിക്കുന്നുവെന്ന് മുന്‍ ചീഫ് സെലക്ടര്‍ ഹാറൂണ്‍ റഷീദ് വ്യക്തമാക്കി. തിരക്കേറിയ ക്രിക്കറ്റ് കലണ്ടറും വിവിധ ലീഗുകളുമാണ് താരങ്ങളുടെ ഈ വിശ്രമത്തിന് പിന്നിലെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

