ഇന്ത്യന്‍ താരം സഞ്ജു സാംസണ് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥിരമായ സ്ഥാനം നല്‍കണമെന്ന് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. 

മുംബൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥിരമായ ഒരു സ്ഥാനം നല്‍കണമെന്ന് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. സഞ്ജുവിനെ മുമ്പ് മിഡില്‍ ഓര്‍ഡറിലേക്ക് മാറ്റിയത് താരത്തോടുള്ള നീതികേടാണെന്നും, ഫോം കണ്ടെത്താന്‍ അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും പത്താന്‍ അഭിപ്രായപ്പെട്ടു. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ 4 മത്സരങ്ങളില്‍ നിന്ന് വെറും 40 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഈ മോശം ഫോം വലിയ വിമര്‍ശനങ്ങള്‍ക്കും ലോകകപ്പ് ടീമിലെ താരത്തിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്.

ഇതിനിടെ സഞ്ജുവിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് പത്താന്‍. അദ്ദേഹം പറയുന്നതിങ്ങനെ... ''സഞ്ജു കുറച്ച് റണ്‍സ് കണ്ടെത്തണമെന്നും തന്റെ സ്ഥിരമായ ബാറ്റിംഗ് പൊസിഷനില്‍ കളിക്കണമെന്നുമാണ് എന്റെ വ്യക്തിപരമായ ആഗ്രഹം. എന്നാല്‍ സഞ്ജുവിന് റണ്‍സ് കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, ടീം മാനേജ്മെന്റ് അദ്ദേഹത്തിന് പകരം ഇഷാന്‍ കിഷനെ കൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ ആ തീരുമാനത്തെ നമുക്ക് കുറ്റപ്പെടുത്താന്‍ കഴിയില്ല.'' പത്താന്‍ പറഞ്ഞു.

പരിക്കിനെത്തുടര്‍ന്ന് ന്യൂസിലന്‍ഡ് പരമ്പര നഷ്ടമായ യുവതാരം തിലക് വര്‍മ്മയെ പത്താന്‍ വാനോളം പുകഴ്ത്തി. ലോകകപ്പ് ടീമില്‍ തിലകിനെപ്പോലെയുള്ള താരങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ''ടീമിലെ എല്ലാവരും ആക്രമിച്ചു കളിക്കുന്നവരാണ്, അത് നല്ലതുമാണ്. എന്നാല്‍ സമ്മര്‍ദ്ദഘട്ടങ്ങളില്‍ പന്ത് തിരിയുന്ന പിച്ചുകളില്‍ ബാറ്റിംഗ് ബാലന്‍സ് നിലനിര്‍ത്താന്‍ തിലകിനെപ്പോലെയുള്ളവര്‍ വേണം.'' പത്താന്‍ പറഞ്ഞു. റിസ്‌ക് കുറഞ്ഞ ബാറ്റിംഗ് കളിക്കാന്‍ തിലകിന് പ്രത്യേക കഴിവുണ്ടെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിന് മുന്‍പ് തിലക് വര്‍മ്മ പൂര്‍ണ്ണ കായികക്ഷമത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് അഞ്ചാം ടി20 സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. സൂര്യകുമാര്‍ ഒരു 'ബൗളേഴ്‌സ് ലീഡര്‍' ആണെന്ന് പത്താന്‍ വിശേഷിപ്പിച്ചു. മത്സരത്തില്‍ സജീവമായി ഇടപെടുന്നതും കൃത്യസമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതും രോഹിത് ശര്‍മയുടെ ശൈലിയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

YouTube video player