ഐസിസിയും പറയുന്നു, 2011 ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണം വെറും ഉണ്ടയില്ലാ വെടി

By Web TeamFirst Published Jul 4, 2020, 1:02 PM IST
Highlights

ഇന്ത്യ- ശ്രീലങ്ക ലോകകപ്പ് ഫൈനലിന്റെ നടത്തിപ്പിന്റെ കാര്യത്തില്‍ സംശയമില്ലെന്ന് ഐസിസി ആന്റി കറപ്ക്ഷന്‍ യൂനിറ്റ് ജനറല്‍ മാനേജര്‍ അലെക്സ് മാര്‍ഷല്‍ വ്യക്തമാക്കി.

ദുബായ്: 2011 ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ പ്രതികരിച്ച് ഐസിസി. മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രിമഹിന്ദാനന്ദ അലുത്ഗമേജാണ് ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന് ആരോപിച്ചത്. പിന്നാലെ പൊലീസ് പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചെങ്കിലും തെളിവുകളില്ലെന്ന കാരണത്താല്‍ അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഐസിസിയും ആദ്യമായി ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിരിക്കുന്നു.

ഇന്ത്യ- ശ്രീലങ്ക ലോകകപ്പ് ഫൈനലിന്റെ നടത്തിപ്പിന്റെ കാര്യത്തില്‍ സംശയമില്ലെന്ന് ഐസിസി ആന്റി കറപ്ക്ഷന്‍ യൂനിറ്റ് ജനറല്‍ മാനേജര്‍ അലെക്സ് മാര്‍ഷല്‍ വ്യക്തമാക്കി. സംശയിക്കാന്‍ തങ്ങള്‍ക്കു ഒരു കാരണവുമില്ലെന്നാണ് മാര്‍ഷല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. അടുത്തിടെയുണ്ടായ ആരോപണങ്ങളെക്കുറിച്ച് ഐസിസിയുടെ ഇന്റഗ്രിറ്റി യൂനിറ്റ് പരിശോധിച്ച് വരികയായിരുന്നു. 

അന്വേഷണത്തിലേക്കു നയിക്കാവുന്ന ഒരു കത്തും അന്നത്തെ ശ്രീലങ്കന്‍ കായിക മന്ത്രിയില്‍ നിന്നും ഐസിസിക്കോ, മുതിര്‍ന്ന ഐസിസിയംഗത്തിനോ ലഭിച്ചിട്ടില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ടെന്നും മാര്‍ഷല്‍ വ്യക്തമാക്കി. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന എന്തെങ്കിലും തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ ഐസിസി അന്വേഷണത്തെ കുറിച്ച് പുനഃരാലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന 2011ലെ ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് ആരോപിച്ചത്. ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ആരോപണത്തില്‍ മഹിന്ദാനന്ദ മൊഴി അന്വേഷണസംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തോട് ആരോപണങ്ങള്‍ തന്റെ സംശയം മാത്രമാണെന്നും അത് തെളിയിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും പറഞ്ഞ് മന്ത്രി നിലപാട് മയപ്പെടുത്തുകയും ചെയ്തിരുന്നു.

click me!