ടി20 ലോകകപ്പ്: ചരിത്ര പരിഷ്‌കാരത്തിന് ഐസിസി; ചെറു ടീമുകള്‍ക്ക് ശുഭവാര്‍ത്ത

By Web TeamFirst Published Jan 14, 2020, 12:37 PM IST
Highlights

2024 മുതൽ ടീമുകളുടെ എണ്ണം പതിനാറിൽ നിന്ന് ഇരുപതാക്കി ഉയർത്താനാണ് ഐസിസിയുടെ പദ്ധതി

ലണ്ടന്‍: ട്വന്റി 20 ലോകകപ്പില്‍ ടീമുകളുടെ എണ്ണം കൂട്ടാനൊരുങ്ങി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍. 2024 മുതൽ ടീമുകളുടെ എണ്ണം പതിനാറിൽ നിന്ന് ഇരുപതാക്കി ഉയർത്താനാണ് ഐസിസിയുടെ പദ്ധതിയെന്ന് ഇംഗ്ലീഷ് മാധ്യമം 'ദ് ടെലഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളിലായിട്ടായിരിക്കും മത്സരങ്ങൾ. റാങ്കിംഗില്‍ താഴെയുള്ള ടീമുകള്‍ യോഗ്യതാ മത്സരങ്ങള്‍ കളിച്ചാണ് ലോകകപ്പിനെത്തുക. ചെറിയ ടീമുകൾക്ക് അവസരം നൽകുന്നതിലൂടെ ക്രിക്കറ്റിന് കൂടുതൽ പ്രചാരം നൽകുകയാണ് ഐസിസിയുടെ ലക്ഷ്യം. വിവിധ രാജ്യങ്ങളുടെ ക്രിക്കറ്റ് കലണ്ടർ പരിഗണിച്ചും വിശദമായ ചർച്ചകൾക്കും ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്ന് ഐസിസി വ്യക്തമാക്കി.

നിലവില്‍ 16 ടീമുകളാണ് ഐസിസി ടി20 ലോകകപ്പില്‍ പങ്കെടുക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം ഒക്‌ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ ടീമുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടാകില്ല. ചാമ്പ്യന്‍സ് ട്രോഫി മാതൃകയില്‍ പുതിയ ഏകദിന-ടി20 ടൂര്‍ണമെന്‍റുകള്‍ക്കും ഐസിസി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. 

മാര്‍ച്ചിലാണ് അടുത്ത ഐസിസി യോഗം നടക്കുക. ടെസ്റ്റ് ക്രിക്കറ്റ് നാലുദിവസമായി ചുരുക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന്‍റെ തയ്യാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയില്‍ വരും. ടി20 ലോകകപ്പിന്‍റെ ഏഴാം ലക്കത്തിനാണ് ഓസ്‌ട്രേലിയ വേദിയാവുക. ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെയാണ് മത്സരങ്ങള്‍. വിഖ്യാത മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് കലാശപ്പോര്. 

click me!