ഏകദിന റാങ്കിംഗില്‍ കുതിച്ച് വിരാട് കോലി, ടി20 റാങ്കിംഗില്‍ ചരിത്രനേട്ടവുമായി സൂര്യകുമാര്‍

By Web TeamFirst Published Jan 11, 2023, 2:24 PM IST
Highlights

പുതിയ റാങ്കിംഗില്‍ 908 റേറ്റിംഗ് പോയന്‍റാണ് സൂര്യക്കുള്ളത്. ടി20 റാങ്കിംഗ് ചരിത്രത്തില്‍ ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലനും ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചും മാത്രമാണ് സൂര്യക്ക് മുമ്പ് 900 റേറ്റിംഗ് പോയന്‍റ് പിന്നിട്ടിട്ടുള്ളു.

ദുബായ്: ബംഗ്ലാദേശിനെതിരായ സെഞ്ചുറിക്ക് പിന്നാലെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും സെഞ്ചുറി നേടിയതോടെ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗ് മെച്ചപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ബാറ്റിംഗ് റാങ്കിംഗില്‍ രണ്ട് സ്ഥാനം ഉയര്‍ന്ന കോലി പുതിയ റാങ്കിംഗില്‍ ആറാം സ്ഥാനത്തെത്തി. ശ്രീലങ്കക്കെതിരെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ട് സ്ഥാനം ഉയര്‍ന്ന് എട്ടാം സ്ഥാനത്തെത്തി. ഇന്ത്യക്കെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ശ്രീലങ്കന്‍ നായകന്‍ ദാസുന്‍ ഷാനക 20 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 61-ാം സ്ഥാനത്തെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. പാക് നായകന്‍ ബാബര്‍ അസമാണ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമത്.

ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ഡര്‍ ദസ്സന്‍ രണ്ടാമതും പാക്കിസ്ഥാന്‍റെ ഇമാം ഉള്‍ ഹഖ് മൂന്നാം സ്ഥാനത്തുമാണ്. ആദ്യ പത്തില്‍ കോലിയും രോഹിത്തുമാണ് ഇന്ത്യന്‍ സാന്നിധ്യമായി ഉളളത്. ശ്രേയ് അയ്യര്‍ പതിനഞ്ചാം സ്ഥാനത്തുണ്ട്. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജും നേട്ടം കൊയ്തു. ശ്രീലങ്കക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയ സിറാജ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനെട്ടാം സ്ഥാനത്തെത്തി. സിറാജും പത്തൊമ്പതാം സ്ഥാനത്തുള്ള ജസ്പ്രീത് ബുമ്രയും മാത്രമാണ് ആദ്യ 20ലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍. ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ടാണ് ഒന്നാം സ്ഥാനത്ത്.

അവസാന ടി20യില്‍ സെഞ്ചുറി! എന്നിട്ടും സൂര്യകുമാര്‍ ഏകദിന ടീമില്‍ നിന്ന് പുറത്ത്; കാരണം വ്യക്തമാക്കി രോഹിത്

ചരിത്രനേട്ടം സ്വന്തമാക്കി സൂര്യകുമാര്‍ യാദവ്

ടി20 റാങ്കിംഗില്‍ ശ്രീലങ്കക്കെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യയുടെ സൂര്യകമാര്‍ യാദവ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയതിനൊപ്പം 900 റേറ്റിംഗ് പോയന്‍റെന്ന നാഴികക്കല്ലും പിന്നിട്ടു. പുതിയ റാങ്കിംഗില്‍ 908 റേറ്റിംഗ് പോയന്‍റാണ് സൂര്യക്കുള്ളത്. ടി20 റാങ്കിംഗ് ചരിത്രത്തില്‍ ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലനും ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചും മാത്രമാണ് സൂര്യക്ക് മുമ്പ് 900 റേറ്റിംഗ് പോയന്‍റ് പിന്നിട്ടിട്ടുള്ളു. ടി20യില്‍ ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരാരും ഇല്ല. വിരാട് കോലി പതിമൂന്നാം സ്ഥാനം നിലനിര്‍ത്തി. ബൗളിംഗ് റാങ്കിംഗിലും ആദ്യ ഇരുപതില്‍ ഒറ്റ ഇന്ത്യന്‍ ബൗളറില്ല. എട്ട് സ്ഥാനം മെച്ചപ്പെടുത്തി 21-ാം  സ്ഥാനത്തെത്തിയ അര്‍ഷ്ദീപ് സിംഗാണ് ടി20 റാങ്കിംഗില്‍ നേട്ടം കൊയ്ത മറ്റൊരു ഇന്ത്യന്‍ താരം.

click me!