ക്രിക്കറ്റ് ആരാധകര്‍ ആശ്ചര്യത്തോടെയാണ് തീരുമാനത്തെ എതിരേറ്റത്. 51 പന്തില്‍ 112 റണ്‍സെടുത്ത ഒരു താരത്തെ എങ്ങനെയാണ് ഒഴിവാക്കുകയെന്നായിരുന്നു ആരാധകരുടെ ചോദ്യം.

ഗുവാഹത്തി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ആരെന്ന് ചോദിച്ചാല്‍ ഏതൊരാളും ഉത്തരം പറയുന്നത് സൂര്യകുമാര്‍ യാദവിന്റെ പേരായിരിക്കും. ശ്രീലങ്കയ്‌ക്കെതിരെ അവസാന ടി20യില്‍ അദ്ദേഹം തന്റെ മൂന്നാമത്തെ സെഞ്ചുറി കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ എന്നല്ല, ടി20 ക്രിക്കറ്റില്‍ ഏറ്റവും അപകടകാരിയായ ബാറ്ററായി സൂര്യമാറി. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനുള്ള പ്ലയിംഗ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ സൂര്യക്ക് സ്ഥാനമില്ല. പകരം കളിച്ചതാവട്ടെ ശ്രേയസ് അയ്യരും.

ക്രിക്കറ്റ് ആരാധകര്‍ ആശ്ചര്യത്തോടെയാണ് തീരുമാനത്തെ എതിരേറ്റത്. 51 പന്തില്‍ 112 റണ്‍സെടുത്ത ഒരു താരത്തെ എങ്ങനെയാണ് ഒഴിവാക്കുകയെന്നായിരുന്നു ആരാധകരുടെ ചോദ്യം. മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് ഉള്‍പ്പെടെയുള്ളവര്‍ ഈ ആശങ്ക പങ്കുവച്ചിരുന്നു. അതിനുള്ള ഉത്തരം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെ നല്‍കുകയാണ്. രണ്ട് ഫോര്‍മാറ്റിലേയും പ്രകടനങ്ങള്‍ കൂട്ടിവായിക്കരുതെന്നാണ് രോഹിത്തിന് വിമര്‍ശകരോട് പറയാനുള്ളത്. ''ഏകദിന ക്രിക്കറ്റില്‍ ആരാണ് അടുത്തകാലത്ത് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയതെന്നുള്ള കാര്യങ്ങള്‍ പരിഗണിക്കും. ഏത് സാഹചര്യങ്ങളിലാണ് അത്തരം പ്രകടനങ്ങള്‍ ഉണ്ടായതെന്നും നോക്കേണ്ടതുണ്ട്. നിങ്ങള്‍ രണ്ട് ഫോര്‍മാറ്റുകളിലേയും പ്രകടനങ്ങള്‍ കൂട്ടിവായിക്കാന്‍ ശ്രമിക്കുന്നിടത്താണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. കഴിഞ്ഞ 8-9 മാസത്തിനിടെ എന്തു സംഭവിച്ചുവെന്നുള്ള കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്.'' രോഹിത് പറഞ്ഞുനിര്‍ത്തി.

ടി20 ഫോര്‍മാറ്റില്‍ സൂര്യ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഏകദിനത്തില്‍ അത്ര സുഖകരമല്ല കാര്യങ്ങള്‍. കഴിഞ്ഞ പത്ത് ഏകദിന ഇന്നിംഗ്‌സിനിടെ ഒരിക്കല്‍ പോലും 32കാരന് ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ സാധിച്ചിട്ടില്ല. 123 റണ്‍സ് മാത്രമാണ് സമ്പാദ്യം. മറുവശത്ത് ശ്രേയസ് അയ്യരാവാട്ടെ കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. അവസാന 10 ഇന്നിംഗ്‌സില്‍ നേടിയത് 473 റണ്‍സ്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ശ്രേയസിന്റെ അക്കൗണ്ടിലുണ്ട്.

'ഞാന്‍ ആസ്വദിക്കുന്നു, നിങ്ങള്‍ കാര്യങ്ങള്‍ കുഴപ്പത്തിലാക്കരുത്'; ലങ്കയ്‌ക്കെതിരെ സെഞ്ചുറിക്ക് ശേഷം കോലി