
ദുബായ്: ഐസിസി ഏകദിന ടീം റാങ്കിംഗില്‍(ICC ODI rankings) ഇന്ത്യയെ പിന്തള്ളി പാക്കിസ്ഥാന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെ പാക്കിസ്ഥാന്‍ അഞ്ചാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വീണു. ഐപിഎല്ലിന് മുമ്പ് ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഏകദിന പരമ്പര ഇന്ത്യ 0-3ന് തോറ്റിരുന്നു.
പാക്കിസ്ഥാന് 106 റേറ്റിംഗ് പോയന്‍റും ഇന്ത്യക്ക് 105 റേറ്റിംഗ് പോയന്‍റുമാണുള്ളത്. 2022ല്‍ ഇന്ത്യ ഇതുവരെ ദക്ഷിണാഫ്രിക്കക്കെതിരെ ഒറ്റ മത്സരം പോലും ജയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര 0-3ന് തോറ്റ ഇന്ത്യ ടെസ്റ്റില്‍ രണ്ട് മത്സരത്തിലും തോറ്റും. ഐപിഎല്ലിനുശേഷം ഇന്ത്യയില്‍ നടക്കുന്ന ടി20 പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക 0-2ന് മുന്നിട്ടു നില്‍ക്കുകയാണ്.
ഓള്‍ റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ജഡേജ
ഇംഗ്ലണ്ടിനും വെസ്റ്റ് ഇന്‍ഡീസിനും എതിരെ വരാനിരിക്കുന്ന പരമ്പരകളില്‍ ജയിച്ചാല്‍ ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ഇന്ത്യക്ക് അവസരമുണ്ട്.അതേസമയം ഈ വര്‍ഷം കളിച്ച ആറ് ഏകദിനങ്ങളില്‍ അഞ്ചെണ്ണത്തിലും ജയിച്ച് പാക്കിസ്ഥാന്‍ മികച്ച ഫോമിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ തകര്‍പ്പന്‍ ഫോമാണ് പാക്കിസ്ഥാന് പരമ്പര സമ്മാനിച്ചത്.
ടെസ്റ്റ് റാങ്കിംഗ്: ഒന്നാം സ്ഥാനത്തേക്ക് വഴിവെട്ടി റൂട്ട്, വില്യംസണും സ്മിത്തിനും നഷ്ടം
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ചുറി നേടിയ ബാബര്‍ ഏകദിനങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികള്‍ കുറിച്ചിരുന്നു. ഏകദിനത്തില്‍ ഈ നേട്ടം രണ്ട് തവണ കൈവരിക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും ബാബര്‍ സ്വന്തമാക്കി. 2016ലാണ് ബാബര്‍ ഇതിന് മുമ്പ് തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികള്‍ നേടിയത്.