'ബ്രോ, ഈ പരമ്പരയില്‍ വല്ലതും നടക്കുമോ'; ഷാക്കിബിനെ കുടുക്കിയ വാട്‌സാപ്പ് ചാറ്റ് പുറത്തുവിട്ട് ഐസിസി

By Web TeamFirst Published Oct 30, 2019, 3:03 PM IST
Highlights

ടീം വിവരങ്ങള്‍ ചോര്‍ത്താന്‍ അഗര്‍വാള്‍ പലതവണ ഷാക്കിബിന് സന്ദേശമയച്ചിരുന്നു. ഇക്കാര്യമാണ് ഷാക്കിബ് ഐസിസിയില്‍ നിന്ന് മറച്ചുവെച്ചത്.

ദുബായ്: വാതുവയ്‌പ്പുകാര്‍ സമീപിച്ചെന്ന വിവരം മറച്ചുവെച്ചതിന് വിലക്ക് നേരിടുന്ന ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍റെ വാട്‌സാപ്പ് ചാറ്റ് പുറത്തുവിട്ട് ഐസിസി. ഷാക്കിബുമായി വാതുവയ്‌പ്പുകാരന്‍ ദീപക് അഗര്‍വാള്‍ നടത്തിയ സംഭാഷണമാണ് പുറത്തായത്. ടീം വിവരങ്ങള്‍ ചോര്‍ത്താന്‍ അഗര്‍വാള്‍ പലതവണ ഷാക്കിബിന് സന്ദേശമയച്ചിരുന്നു. ഇക്കാര്യമാണ് ഷാക്കിബ് ഐസിസിയെ അറിയിക്കാതിരുന്നത്.

'ബ്രോ, ഈ സീരിസില്‍ വല്ലതും നടക്കുമോ'!

ശ്രീലങ്കയും സിംബാബ്‌വെയും പങ്കെടുത്ത ത്രിരാഷ്‌ട്ര പരമ്പരയില്‍(2018 ജനുവരിയില്‍) ഷാക്കിബിനെ തേടി ദീപക് അഗര്‍വാളിന്‍റെ വാട്‌സാപ്പ് മെസേജ് എത്തി. ലങ്കയ്‌ക്കെതിരായ 19-ാം തിയതി നടന്ന മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ ഷാക്കിബിനെ അഭിനന്ദിച്ച് അഗര്‍വാള്‍ സന്ദേശമയച്ചു. 'ഈ പരമ്പരയില്‍ വേണോ, അതോ ഐപിഎല്‍ വരെ കാത്തിരിക്കണോ' എന്നായിരുന്നു ഈ മെസേജിലുണ്ടായിരുന്നത്. 

ഇതേ മാസം 23-ാം തിയതി കുറച്ചുകൂടി വ്യക്തതയുള്ള ഒരു മെസേജ് കൂടി ഷാക്കിബിന് കിട്ടി. 'ബ്രോ, ഈ സീരിസില്‍ എന്തെങ്കിലും നടക്കുമോ' എന്നായിരുന്നു അഗര്‍വാളിന്‍റെ മെസേജിലുണ്ടായിരുന്നത്. എന്നാല്‍ രണ്ട് തവണ അഗര്‍വാള്‍ തന്നെ സമീപിച്ച വിവരം ഷാക്കിബ് ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിയെ അറിയിച്ചില്ല.

 

ഐപിഎല്‍ 2018 സീസണിലാണ് മൂന്നാമത്തെ സംഭവം അരങ്ങേറിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് മുന്‍പ് ഷാക്കിബിന് ലഭിച്ച സന്ദേശമിങ്ങനെ. അന്നത്തെ മത്സരത്തില്‍ ഒരു താരം കളിക്കുന്നുണ്ടോ എന്നായിരുന്നു അഗര്‍വാളിന് അറിയേണ്ടിയിരുന്നത്. എന്നാല്‍ ഇക്കാര്യവും ഷാക്കിബ് അല്‍ ഹസന്‍ ഐസിസിയുടെയോ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെയോ  ശ്രദ്ധയില്‍പ്പെടുത്തിയില്ല. 

നിയമം വ്യക്തമാണ്, ഷാക്കിബ് മറന്നെങ്കിലും

വാതുവയ്‌പ്പുകാര്‍ സമീപിച്ചത് ഐസിസിയെ അറിയിക്കാത്തതിനെ തുടര്‍ന്ന് ഷാക്കിബ് അല്‍ ഹസനെ രണ്ട് വര്‍ഷത്തേക്കാണ് ഐസിസി വിലക്കിയത്. ഇന്ത്യന്‍ പര്യടനത്തിനായി ബംഗ്ലാദേശ് ടീം തിരിക്കുന്നതിന് തലേന്നാണ് ഐസിസിയുടെ പ്രഖ്യാപനം. രണ്ട് വര്‍ഷത്തെ വിലക്കാണ് ഐസിസി ഏര്‍പ്പെടുത്തിയതെങ്കിലും ഷാക്കിബ് തെറ്റ് സമ്മതിച്ചതിനാൽ ഒരു വര്‍ഷമാക്കി ചുരുക്കി. ഐസിസിയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചാൽ 2020 ഒക്‌ടോബറില്‍ ഷാക്കിബിന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താം. 

ഒത്തുകളിക്ക് പ്രേരിപ്പിച്ചുകൊണ്ട് വാതുവയ്പ്പ് സംഘം ഒരു കളിക്കാരനെ സമീപിച്ചാൽ ഉടന്‍ തന്നെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്‍റെ അഴിമതിവിരുദ്ധ യൂണിറ്റിനെ ഉടന്‍ അറിയിക്കുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്യണമെന്നാണ് ഐസിസി ചട്ടം. ഇത് ലംഘിച്ചാൽ ആറ് മാസം മുതൽ അഞ്ച് വര്‍ഷം വരെ വിലക്കേര്‍പ്പെടുത്താമെന്നും ഐസിസി ചട്ടത്തിൽ പറയുന്നു. ഷാക്കിബ് അൽ ഹസന്‍ മൂന്ന് ‍തവണ ഈ ചട്ടം ലംഘിച്ചെന്നാണ് ഐസിസിയുടെ കണ്ടെത്തൽ. 

എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ

ഒത്തുകളിക്കാരെ അകറ്റിനിര്‍ത്താനുള്ള ഐസിസി നീക്കത്തെ പിന്തുണയ്ക്കാത്തത് തന്‍റെ പിഴവാണെന്നും ഏറെ പ്രിയപ്പട്ട ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കേണ്ടിവരുന്നത് ദുഖകരമാണെന്നും ഷാക്കിബ് പ്രതികരിച്ചു. 

'താനേറെ ഇഷ്ടപ്പെടുന്ന ഗെയിമില്‍ നിന്ന് വിലക്ക് ലഭിക്കുന്നത് ദുഖകരമാണ്. എന്നാല്‍ വാതുവയ്‌പുകാര്‍ സമീപിച്ചത് അറിയിച്ചില്ല എന്നത് കുറ്റകരമാണെന്ന് സമ്മതിക്കുന്നു. ഐസിസി അഴിമതി നിരോധന നിയമം കര്‍ശനമായി നടപ്പാക്കുന്നതില്‍ താരങ്ങള്‍ക്ക് കൃത്യമായ പങ്കുണ്ട്. എന്നാല്‍ എന്‍റെ ജോലി ഞാന്‍ നിറവേറ്റിയില്ല'- ഇതായിരുന്നു വിലക്കിന് ശേഷം ഷാക്കിബിന്‍റെ പ്രതികരണം. 

മാച്ച് വിന്നര്‍ക്ക് പിന്നില്‍ അണിനിരന്ന് ബംഗ്ലാദേശ്!

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച വിലക്ക് ലഭിച്ചെങ്കിലും സൂപ്പര്‍ താരത്തിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് ബംഗ്ലാദേശ്. ഷാക്കിബിനെ പിന്തുണച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രംഗത്തെത്തി. സഹ താരങ്ങളായ മുഷ്‌ഫീഖുര്‍ റഹീമും ഏകദിന നായകന്‍ മഷ്‌റഫെ മൊര്‍ത്താസയും ഷാക്കിബിന് പരസ്യ പിന്തുണയറിയിച്ചവരിലുണ്ട്. ചാമ്പ്യനെ പോലെ ഷാക്കിബ് തിരിച്ചെത്തും എന്നായിരുന്നു മുഷ്‌ഫീഖുറിന്‍റെ ട്വീറ്റ്. നിങ്ങളില്ലാതെ കളിക്കണമെന്ന് വിശ്വസിക്കാനാകുന്നില്ല എന്നായിരുന്നു പേസര്‍ മുസ്‌താഫിസുര്‍ റഹ്മാന്‍റെ ട്വീറ്റ്. 

പരിചയസമ്പന്നനായ ഷാക്കിബിന് വിലക്ക് ലഭിച്ചത് ഞെട്ടിച്ചുവെന്നും താരം അതിശക്തമായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ബംഗ്ലാ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്‌താവനയിലൂടെ അറിയിച്ചു. ബംഗ്ലാദേശിനായി ഷാക്കിബിന് ഇനിയും ഏറെ വര്‍ഷക്കാലം കളിക്കാന്‍ കഴിയട്ടെയെന്നും ഐസിസി തീരുമാനത്തെ ബഹുമാനിക്കുന്നതായും പ്രസ്‌താവനയില്‍ പറയുന്നു. 

click me!