
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അടുത്ത മൂന്ന് ഫൈനലും ഇംഗ്ലണ്ടില്‍ തന്നെ നടത്താന്‍ ഔദ്യോഗിക തീരുമാനമായി. ഐസിസി ഔദ്യോഗിക പ്രസ്താവനിയിലാണ് ഇക്കാര്യം അറിയിച്ചത്. ബിസിസിഐയുടെ താല്‍പര്യം മറികടന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാവുന്നത്. 2027ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയൊരുക്കാന്‍ താല്‍പര്യമുണ്ടെന്ന് ബിസിസിഐ നേരത്തെ ഐസിസിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ മണ്‍സൂണ്‍ കാലമായ ജൂണിലാണ് ഫൈനല്‍ നടക്കുക എന്നത് ബിസിസിഐയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുകയായിരുന്നു.
മൂന്ന് തവണ ഫൈനലിന് വേദിയൊരുക്കിയെങ്കിലും ആതിഥേയരായ ഇംഗ്ലണ്ടിന് ഒരിക്കല്‍ പോലും ഫൈനലിലെത്താനായിട്ടില്ല. അടുത്ത മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളും ഇംഗ്ലണ്ടില്‍ നടത്താനാണ് താല്‍പര്യമെന്ന് ഐസിസി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു. വാര്‍ഷിക പൊതുയോഗത്തില്‍ ഇക്കാര്യം അറിയിക്കും. 2019ല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയതിന് ശേഷം എല്ലാ ഫൈനലിനും വേദിയായത് ഇംഗ്ലണ്ടാണ്. 2021ലെ ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയപ്പോള്‍ ഇംഗ്ലണ്ടിലെ സതാംപ്ടണാണ് വേദിയായത്.
ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് ജേതാക്കളായി. മഴ പലവട്ടം വില്ലനായ മത്സരത്തില്‍ റിസര്‍വ് ദിനത്തിലാണ് മത്സരം പൂര്‍ത്തിയായത്. ഇംഗ്ലണ്ടിലെ ഓവലില്‍ നടന്ന 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇന്ത്യക്കെതിരെ 209 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി ഓസ്‌ട്രേലിയ ജേതാക്കളായി. ഇത്തവണ ലോര്‍ഡ്‌സില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റുമുട്ടുന്നത്. ദക്ഷിണാഫ്രിക്ക ചാമ്പ്യന്മാരവുകയും ചെയ്തു.
രണ്ട് വര്‍ഷത്തില്‍ ഒരിക്കലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. 2027, 2029, 2031 വര്‍ഷങ്ങളിലാണ് ഇനി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരക്രമം ഇന്ത്യ - ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റോടെ തുടങ്ങിയിരുന്നു. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.