ഓസീസിനെതിരായ ടി20 പരമ്പര; ടീം ഇന്ത്യക്ക് റാങ്കിംഗില്‍ നേട്ടം, വ്യക്തമായ മേല്‍ക്കൈ

By Jomit JoseFirst Published Sep 26, 2022, 1:46 PM IST
Highlights

ഹൈദരാബാദില്‍ ഓസീസിനെതിരെ നടന്ന മൂന്നാം ടി20യില്‍ ആറ് വിക്കറ്റിന് വിജയിച്ച് ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു

ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് റാങ്കിംഗില്‍ നേട്ടം. ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയ ഇന്ത്യ ഒരു റേറ്റിംഗ് പോയിന്‍റ് കൂടി സ്വന്തമാക്കി കുതിപ്പ് തുടരുകയാണ്. ഒരു പോയിന്‍റ് മെച്ചപ്പെട്ടതോടെ ഇന്ത്യയുടെ റേറ്റിംഗ് പോയിന്‍റ് സമ്പാദ്യം 268ലെത്തി. രണ്ടാമതുള്ള ഇംഗ്ലണ്ടിനേക്കാള്‍ ഏഴ് പോയിന്‍റ് കൂടുതലാണിത്. ഇംഗ്ലണ്ടിന് 261 റേറ്റിംഗ് പോയിന്‍റുകളേയുള്ളൂ. പാകിസ്ഥാനെതിരെ നാലാം ടി20 തോറ്റത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. മത്സരത്തില്‍ മൂന്ന് റണ്‍സിന് പാകിസ്ഥാനായിരുന്നു വിജയം.

ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് റാങ്കിംഗിലെ മികവ്. ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പരമ്പര ഇന്ത്യക്ക് അവശേഷിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക(258), പാകിസ്ഥാന്‍(258), ന്യൂസിലന്‍ഡ്(252), ഓസ്ട്രേലിയ(250), വെസ്റ്റ് ഇന്‍ഡീസ്(241), ശ്രീലങ്ക(237), ബംഗ്ലാദേശ്(224), അഫ്‌ഗാനിസ്ഥാന്‍(219) എന്നീ ടീമുകളാണ് ഇന്ത്യക്കും ഇംഗ്ലണ്ടിനും പിന്നില്‍ യഥാക്രമം പിന്നിടുള്ള സ്ഥാനങ്ങളില്‍. 

ഹൈദരാബാദില്‍ ഓസീസിനെതിരെ നടന്ന മൂന്നാം ടി20യില്‍ ആറ് വിക്കറ്റിന് വിജയിച്ച് ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. മൊഹാലിയില്‍ നടന്ന ആദ്യ ടി20യില്‍ നാല് വിക്കറ്റിന് ഓസീസിനായിരുന്നു വിജയം. എന്നാല്‍ മഴകളിച്ച നാഗ്‌പൂരിലെ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റ് ജയവുമായി ഇന്ത്യ ഒപ്പമെത്തിയിരുന്നു. 

മൂന്നാം ടി20യില്‍ 187 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടുകയായിരുന്നു. സൂര്യകുമാര്‍ യാദവ്(36 പന്തില്‍ 69), വിരാട് കോലി(48 പന്തില്‍ 63), അക്‌സര്‍ പട്ടേല്‍(33ന് മൂന്ന് വിക്കറ്റ്) എന്നിവരാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സൂര്യ-കോലി സഖ്യം 104 റണ്‍സ് മൂന്നാം വിക്കറ്റില്‍ ചേര്‍ത്തതാണ് ഇന്ത്യക്ക് തുണയായത്. 16 പന്തില്‍ പുറത്താകാതെ 25* റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയെ വിജയത്തിലെത്തിച്ചു. സ്‌കൈ മത്സരത്തിലെയും അക്‌സര്‍ പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ കാമറൂണ്‍ ഗ്രീന്‍(21 പന്തില്‍ 52), ടിം ഡേവിഡ്(27 പന്തില്‍ 54), ഡാനിയേല്‍ സാംസ്(20 പന്തില്‍ 28) എന്നിവരുടെ കരുത്തിലാണ് ഓസീസ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 186 റണ്‍സെടുത്തത്. 

ആര്‍ക്കാണ് രോഹിത്തിനെയും കോലിയേയും തമ്മിലടിപ്പിക്കേണ്ടത്? മനംകവര്‍ന്ന് ഇരുവരുടെയും ആലിംഗനം, വിജയാഘോഷം- വീഡിയോ

click me!