ഞാന്‍ രോഹിത്തിനെയും ദ്രാവിഡിനേയും നോക്കി, അവര്‍ ഒരു കാര്യം പറഞ്ഞു; ചേസിംഗ് രഹസ്യം തുറന്നുപറഞ്ഞ് കോലി

By Jomit JoseFirst Published Sep 26, 2022, 12:35 PM IST
Highlights

എങ്ങനെയാണ് ഹൈദരാബാദില്‍ സൂര്യകുമാര്‍ യാദവിനൊപ്പം നിര്‍ണായക കൂട്ടുകെട്ട് സൃഷ്‌ടിച്ചതെന്ന് മത്സര ശേഷം വിരാട് കോലി വ്യക്തമാക്കി

ഹൈദരാബാദ്: എം എസ് ധോണിക്ക് പുറമെ ഇന്ത്യന്‍ ക്രിക്കറ്റിലെ ചേസ് മാസ്റ്റര്‍ എന്ന വിശേഷണമുള്ള താരമാണ് മുന്‍ നായകന്‍ വിരാട് കോലി. ചേസിംഗില്‍ കോലിക്ക് പ്രത്യേക കഴിവുണ്ട് എന്ന് അദ്ദേഹത്തിന്‍റെ മുന്‍ റെക്കോര്‍ഡുകള്‍ സാക്ഷ്യം. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ചേസിംഗില്‍ കോലിക്ക് അധികം വിജയിക്കാനായിരുന്നില്ല. ഹൈദരാബാദില്‍ ഓസീസിനെതിരെ മൂന്നാം ടി20യില്‍ നിര്‍ണായക ഇന്നിംഗ്‌സുമായി തിളങ്ങിയ കോലിയെ ചേസ് മാസ്റ്റര്‍ എന്ന് വീണ്ടും വിശേഷിപ്പിക്കുകയാണ് ആരാധകര്‍. ഈ ചേസിംഗ് മികവിന് പിന്നില്‍ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. 

എങ്ങനെയാണ് ഹൈദരാബാദില്‍ സൂര്യകുമാര്‍ യാദവിനൊപ്പം നിര്‍ണായക കൂട്ടുകെട്ട് സൃഷ്‌ടിച്ചതെന്ന് മത്സര ശേഷം വിരാട് കോലി തുറന്നുപറഞ്ഞു. 'സൂര്യകുമാര്‍ യാദവ് ഹിറ്റിംഗ് തുടങ്ങിയപ്പോള്‍ ഞാന്‍ ഡഗൗട്ടിലേക്കും രോഹിത് ശര്‍മ്മയിലേക്കും രാഹുല്‍ ദ്രാവിഡിലേക്കും നോക്കി. സൂര്യ മികച്ച നിലയില്‍ ഹിറ്റിംഗ് നടത്തുന്നതിനാല്‍ എന്നോട് ക്രീസിലുറച്ച് നില്‍ക്കാന്‍ ഇരുവരും ആവശ്യപ്പെട്ടു. ഒരു പാര്‍ട്‌ണര്‍ഷിപ്പ് പടുത്തുയര്‍ത്താനായിരുന്നു ഇത്. ഞാനെന്‍റെ പരിചയസമ്പത്ത് ചെറുതായി ഉപയോഗിച്ചു. സൂര്യകുമാര്‍ പുറത്തായ ശേഷം പരമാവധി സമയം ക്രീസില്‍ ചിലവഴിക്കാന്‍ ശ്രമിക്കുകയായിരുന്നു. സൂര്യ പുറത്തായതിന് ശേഷം ഷോട്ടുകള്‍ക്ക് ശ്രമിച്ച ഞാന്‍ പാറ്റ് കമ്മിന്‍സിനെതിരെ സിക്‌സര്‍ നേടി. അതോടെ ക്രീസില്‍ വീണ്ടും സെറ്റായി' എന്നും കോലി മത്സരശേഷം സമ്മാനവേളയില്‍ ഹര്‍ഷാ ഭോഗ്‌‌ലെയോട് പറഞ്ഞു. 

മത്സരത്തില്‍ ഓസീസിന്‍റെ 186 റണ്‍സ് പിന്തുടരവേ മൂന്നാം വിക്കറ്റില്‍ 104 റണ്‍സിന്‍റെ കൂട്ടുകെട്ട് സൂര്യകുമാര്‍ യാദവ്-വിരാട് കോലി സഖ്യം പടുത്തുയര്‍ത്തിയിരുന്നു. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ 14-ാം ഓവറിലെ അവസാന പന്തില്‍ ഫിഞ്ചിന്‍റെ ക്യാച്ചില്‍ സൂര്യകുമാര്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. സൂര്യകുമാര്‍ 36 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും സഹിതം 69 റണ്‍സെടുത്തു. സ്കൈ പുറത്തായതിന്‍റെ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ കമ്മിന്‍സിനെതിരെ കോലി സിക്‌സ് പറത്തി ബാറ്റിംഗിന് മൂര്‍ച്ചകൂട്ടി. ഇന്നിംഗ്‌സിലെ 16-ാം ഓവറില്‍ അര്‍ധസെഞ്ചുറി തികച്ച കോലി 20-ാം ഓവറിലെ രണ്ടാം പന്തില്‍ മാത്രമാണ് പുറത്തായത്. കോലി 48 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പടെ 63 എടുത്തു. മത്സരം ആറ് വിക്കറ്റിന് വിജയിച്ച ഇന്ത്യ ടി20 പരമ്പര 2-1ന് സ്വന്തമാക്കുകയും ചെയ്‌തു.  

നിസ്സാരം, ഇത് ഞാന്‍ നോക്കിക്കോളാം; ഡികെയെ വരെ ഐസാക്കി ഹാര്‍ദിക് പാണ്ഡ്യയുടെ ആംഗ്യം, ഫിനിഷിംഗ്- വീഡിയോ വൈറല്‍

click me!