ഐസിസി ടി20 റാങ്കിംഗ്, കോലിക്കും രോഹിത്തിനും നേട്ടം; രാഹുലിന് തിരിച്ചടി

By Web TeamFirst Published Mar 24, 2021, 4:51 PM IST
Highlights

ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് തന്നെയാണ് ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്ത് തുടരുന്നു. രാഹുലും കോലിയും മാത്രമാണ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍.

ദുബായ്: ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ കോലി ബാറ്റിംഗ് റാങ്കിംഗില്‍ ഒരു സ്ഥാനം ഉയര്‍ന്ന് നാലാമതായപ്പോള്‍ രോഹിത് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനാലാം സ്ഥാനത്തെത്തി.

ഇന്ത്യക്കെതിരെ തിളങ്ങിയില്ലെങ്കിലും ഇംഗ്ലണ്ട് താരം ഡേവിഡ് മലന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എങ്കിലും ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് 915 റേറ്റിംഗ് പോയന്‍റുണ്ടായിരുന്ന മലന് പുതിയ റാങ്കിംഗില്‍ 892 റേറ്റിംഗ് പോയന്‍റേയുള്ളു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിറം മങ്ങിയ ഇന്ത്യയുടെ കെ എല്‍ രാഹുല്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പ് രണ്ടാം സ്ഥാനത്തായിരുന്നു രാഹുല്‍.

ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് തന്നെയാണ് ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്ത് തുടരുന്നു. രാഹുലും കോലിയും മാത്രമാണ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ബൗളിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല.

ബൗളര്‍മാരുടെ റാങ്കിംഗില്‍ അഫ്ഗാന്‍റെ റാഷിദ് ഖാനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ദക്ഷിണാഫ്രിക്കയുടെ ടബ്രൈസ് ഷംസി ഇതാദ്യമായി ഒന്നാം സ്ഥാനത്തെത്തി. പതിനാലാം സ്ഥാനത്തുള്ള വാഷിംഗ്ടണ്‍ സുന്ദറാണ് ബൗളിംഗ് റാങ്കിംഗില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. ഭുവനേശ്വര്‍ കുമാര്‍ 24-ാം സ്ഥാനത്തുണ്ട്. പതിനാറാം സ്ഥാനത്തുണ്ടായിരുന്ന ജസ്പ്രീത് ബുമ്ര ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിക്കാതിരുന്നതോടെ 28-ാം സ്ഥാനത്തേക്ക് വീണു. 24-ാം സ്ഥാനത്തായിരുന്ന  യുസ്‌വേന്ദ്ര ചാഹല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തോടെ 33-ാം സ്ഥാനത്തേക്ക് വീണു.

click me!