ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് പ്രസിദ്ധും ഷര്‍ദ്ദുലും; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

By Web TeamFirst Published Mar 23, 2021, 9:37 PM IST
Highlights

40 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ജോണി ബെയര്‍സ്റ്റോ ആയിരുന്നു കൂട്ടത്തില്‍ അപകടകാരി. അരങ്ങേറ്റക്കാരന്‍ പ്രസിദ്ധ് കൃഷ്ണയെ ഒരോവറില്‍ 22 റണ്‍സടിച്ച് ബെയര്‍സ്റ്റോ-റോയ് സഖ്യം പറപറത്തി. പവര്‍ പ്ലേയിലെ ആദ്യ പത്തോവറില്‍ ഇംഗ്ലണ്ട് 89 റണ്‍സിലെത്തി.

പുനെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 66 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 42.1 ഓവറില്‍ 251 റണ്‍സിന് ഓള്‍ ഔട്ടായി. നാലു വിക്കറ്റെടുത്ത അരങ്ങേറ്റക്കാരന്‍ പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷര്‍ദ്ദുല്‍ ഠാക്കൂറും രണ്ട് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 317/5, ഇംഗ്ലണ്ട് 42.1 ഓവറില്‍ 251ന് ഓള്‍ ഔട്ട്.

ഇന്ത്യയെ ഞെട്ടിച്ച് ബെയര്‍സ്റ്റോ-റോയ് സഖ്യം

ഇന്ത്യയുടെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും ജേസണ്‍ റോയിയും വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ടി20 ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഇരുവരും ബാറ്റ് വീശിയപ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡ് റോക്കറ്റ് വേഗത്തില്‍ കുതിച്ചു. 40 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ജോണി ബെയര്‍സ്റ്റോ ആയിരുന്നു കൂട്ടത്തില്‍ അപകടകാരി. അരങ്ങേറ്റക്കാരന്‍ പ്രസിദ്ധ് കൃഷ്ണയെ ഒരോവറില്‍ 22 റണ്‍സടിച്ച് ബെയര്‍സ്റ്റോ-റോയ് സഖ്യം പറപറത്തി. പവര്‍ പ്ലേയിലെ ആദ്യ പത്തോവറില്‍ ഇംഗ്ലണ്ട് 89 റണ്‍സിലെത്തി. പേസര്‍മാര്‍ക്ക് പിന്നാലെ സ്പിന്നര്‍മാരെയും ഇരുവരും നിലം തൊടാതെ പറത്തിയതോടെ ഇംഗ്ലണ്ട് പതിനാലാം ഓവറില്‍ 131 റണ്‍സിലെത്തി.

പ്രസിദ്ധ് കൃഷ്ണയുടെ മധുരപ്രതികാരം

തന്നെ അടിച്ചു പറത്തിയവരോട് പ്രസിദ്ധ് കൃഷ്ണ മധുരമായി പകരം വീട്ടുന്നതാണ് പിന്നീട് കണ്ട്. പതിനാലാം ഓവര്‍ എറിയാനായി വീണ്ടും പ്രസിദ്ധിനെ തിരിച്ചുവിളിച്ച കോലിയുടെ തന്ത്രം ഫലിച്ചു. നിലയുറപ്പിച്ച റോയിയെ(35 പന്തില്‍ 46) പോയന്‍റില്‍ സൂര്യകുമാറിന്‍റെ കൈകകളിലെത്തിച്ച പ്രസിദ്ധ് തന്‍റെ അടുത്ത ഓവറില്‍ അപകടകാരിയായ ബെന്‍ സ്റ്റോക്സിനെ(1) കവറില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകകളിലെത്തിച്ചു. പ്രസിദ്ധിന്‍റെ പന്തില്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ കോലി നിലത്തിട്ടില്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്‍റെ നില കൂടുതല്‍ പരുങ്ങലിലായേനെ.

ഷര്‍ദ്ദുലിന്‍റെ ഇരട്ടപ്രഹരം

മോര്‍ഗനും ബെയര്‍സ്റ്റോയും ക്രീസിലുള്ളപ്പോഴും ഇംഗ്ലണ്ടിന് ഓവറില്‍ ആറ് റണ്‍സില്‍ താഴെ മതിയായിരുന്നു ജയിക്കാന്‍. എന്നാല്‍ ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിഞ്ഞപ്പോഴും അടി തുടര്‍ന്ന ബെയര്‍സ്റ്റോയെ ഷര്‍ദ്ദുല്‍ മടക്കിയതോടെയാണ് കളിയില്‍ ഇന്ത്യ പിടിമുറുക്കിയത്. ഷര്‍ദ്ദുലിനെ പുള്‍ ചെയ്ത് സിക്സടിച്ച് സെഞ്ചുറി തികക്കാനുള്ള ബെയര്‍സ്റ്റോയുടെ ശ്രമം ബൗണ്ടറിയില്‍ കുല്‍ദീപ് കൈയിലൊതുക്കി.66 പന്തില്‍ 94 റണ്‍സടിച്ചാണ് ബെയര്‍സ്റ്റോ മടങ്ങിയത്. തന്‍റെ തൊട്ടടുത്ത ഓവറില്‍ ഓയിന്‍ മോര്‍ഗനെയും(22) ജോസ് ബട്‌ലറെയും(2) മടക്കി ഠാക്കൂര്‍ ഏല്‍പ്പിച്ച ഇരട്ട പ്രഹരത്തില്‍ നിന്ന് ഇംഗ്ലണ്ടിന് പിന്നീട് കരകയറാനായില്ല.

മോയിന്‍ അലിയും സാം ബില്ലിംഗ്സും ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും തന്‍റെ മൂന്നാം സ്പെല്ലില്‍ ബില്ലിംഗ്സിനെ(18) മടക്കി പ്രസിദ്ധ് അരങ്ങേറ്റം ഗംഭീരമാക്കി. തൊട്ടു പിന്നാലെ മോയിന്‍ അലിയെ(30) ഭുവനേശ്വര്‍ കുമാറും സാം കറനെ(12) ക്രുനാല്‍ പാണ്ഡ്യയും മടക്കിയതോടെ ഇംഗ്ലണ്ടിന്‍റെ പോരാട്ടം തീര്‍ന്നു. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ നാലും ഷര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്നും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റെടുത്തു.

മീശ പിരിച്ച് ധവാന്‍, കിംഗായി കോലി, ആളിക്കത്തി ക്രനാലും രാഹുലും

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കെ എല്‍ രാഹുലിന്‍റെയും ക്രുനാല്‍ പാണ്ഡ്യയുടെ ബാറ്റിംഗ് മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 98 റണ്‍സെടുത്ത് പുറത്തായ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് 43 പന്തില്‍ 62 റണ്‍സെടുത്ത കെ എല്‍ രാഹുലും 31 പന്തില്‍ 58 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയെ 300 കടത്തിയത്.

അവസാനം ആളിക്കത്തി ക്രുനാലും രാഹുലും

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്രുനാലും രാഹുലും ചേര്‍ന്ന് ഇന്ത്യയെ 300 കടത്തിയത്. പതുക്കെ തുടങ്ങിയ രാഹുല്‍ ക്രീസിലെത്തിയ പാടെ തകര്‍ത്തടിച്ച ക്രുനാലില്‍ നിന്ന് ആത്മവിശ്വാസം ഉള്‍ക്കൊണ്ടതോടെ ഇന്ത്യന്‍ സ്കോറിംഗ് കുതിച്ചു. 40 ഓവറില്‍ 205 റണ്‍സിലെത്തിയിരുന്ന ഇന്ത്യ അടുത്ത 10 ഓവറില്‍ 112 റണ്‍സടിച്ചുകൂട്ടി. 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ക്രുനാലിന് പിന്നാലെ 39 പന്തില്‍ രാഹുലും അര്‍ധസെഞ്ചുറി കുറിച്ചതോടെ ഇന്ത്യ മാന്യമായ സ്കോറിലെത്തി. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് മൂന്നും മാര്‍ക്ക് വുഡ്  രണ്ടും വിക്കറ്റെടുത്തു.

click me!