ICC Test Player Ranking : മായങ്ക് അഗര്‍വാളിനും അജാസ് പട്ടേലിനും വന്‍നേട്ടം; ഓള്‍റൗണ്ടര്‍മാരില്‍ അശ്വിനും കയറി

By Web TeamFirst Published Dec 8, 2021, 2:53 PM IST
Highlights

ആദ്യ ഇന്നിംഗ്‌സില്‍ 150 റണ്‍സുമായി ടീമിന്റെ നട്ടെല്ലായ മായങ്ക് രണ്ടാം ഇന്നിംഗ്‌സില്‍ 62 റണ്‍സ് നേടിയിരുന്നു. 20 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അജാസ് 38 -ാം റാങ്കിലെത്തി. ജോ റൂട്ടാണ് ഒന്നാം സ്ഥാനത്ത്. ഒന്ന് മുതല്‍ എട്ടുവരെയുള്ള സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു.

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ (ICC Test Ranking) വമ്പന്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളും (Mayank Agarwal) ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേലും (Ajaz Patel). ഇന്ത്യ- കിവീസ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനാണ് ഇരുവരേയും സഹായിച്ചത്. 

30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ മായങ്ക് 11-ാം റാങ്കിലെത്തി. മുംബൈ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ചായിരുന്നു മായങ്ക്. ആദ്യ ഇന്നിംഗ്‌സില്‍ 150 റണ്‍സുമായി ടീമിന്റെ നട്ടെല്ലായ മായങ്ക് രണ്ടാം ഇന്നിംഗ്‌സില്‍ 62 റണ്‍സ് നേടിയിരുന്നു. 20 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അജാസ് 38 -ാം റാങ്കിലെത്തി. ജോ റൂട്ടാണ് ഒന്നാം സ്ഥാനത്ത്. ഒന്ന് മുതല്‍ എട്ടുവരെയുള്ള സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഒമ്പതാം സ്ഥാനത്തുണ്ടായിരുന്ന കിവീസ് ഓപ്പണര്‍ ടോം ലാഥം 12-ാം സ്ഥാനത്തേക്ക് വീണു. ഡേവിഡ് വാര്‍ണറാണ് ഒമ്പതാമത്. ക്വന്റണ്‍ ഡി കോക്ക് പത്താമതുണ്ട്. 

മുംബൈ ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമായിരുന്നു അജാസ്. ഒന്നാകെ 14 വിക്കറ്റുകളാണ് മുംബൈ ടെസ്റ്റില്‍ അജാസ് വീഴ്ത്തിയത്. താരത്തിന്റെ മികച്ച ടെസ്റ്റ് റാങ്കാണിത്. 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശുഭ്മാന്‍ ഗില്‍ 45-ാം സ്ഥാനത്തെത്തി. മുഹമ്മദ് സിറാജ് 41-ാം സ്ഥാനത്തുണ്ട്. നാല് സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്.

അതേസമയം ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന് ഒന്നാം സ്ഥാനത്തുള്ള പാറ്റ് കമ്മിന്‍സുമായുള്ള ദൂരം കുറയ്ക്കാനായി. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള അശ്വിന് 883 പോയിന്റാണുള്ളത്. കമ്മിന്‍സ് 908 പോയിന്റും.   മുംബൈ ടെസ്റ്റില്‍ നിന്ന് മാത്രം 43 റേറ്റിംഗ് പോയിന്റാണ് അശ്വിന്‍ നേടിയത്. 

മാത്രമല്ല, ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും അശ്വിനും നേട്ടമുണ്ടാക്കാനായി. രവീന്ദ്ര ജഡേജയെ പിന്നിലാക്കി അദ്ദേഹം രണ്ടാമതെത്തി. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറാണ് ഒന്നാമത്. ജഡേജ നാലാം സ്ഥാനത്തേക്ക് വീണു. ബെന്‍ സ്‌റ്റോക്‌സ് മൂന്നാമതുണ്ട്.

click me!