വിശാഖപട്ടണം ടെസ്റ്റ് അശ്വിനെ തുണച്ചു; കോലിക്ക് അപ്രതീക്ഷിത തിരിച്ചടി

By Web TeamFirst Published Oct 8, 2019, 10:33 AM IST
Highlights

വിശാഖപട്ടണം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ എട്ട് വിക്കറ്റ് വീഴ്‌ത്തിയ പ്രകടനമാണ് അശ്വിന് നേട്ടമായത്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ബൗളര്‍മാരുടെ പട്ടികയിൽ ആര്‍ അശ്വിന്‍ ആദ്യ പത്തിൽ തിരിച്ചെത്തി. വിശാഖപട്ടണം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ എട്ട് വിക്കറ്റ് വീഴ്‌ത്തിയ പ്രകടനമാണ് അശ്വിന് നേട്ടമായത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 350 വിക്കറ്റ് വീഴ്‌ത്തിയ മുരളീധരന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും അശ്വിന് കഴിഞ്ഞിരുന്നു.

കഴിഞ്ഞ ആഴ്‌ചത്തെ റാങ്കിംഗിൽ അശ്വിന്‍ പതിനാലാം സ്ഥാനത്തായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 16-ാം റാങ്കിലെത്തി.

അതേസമയം ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. വിശാഖപട്ടണത്ത് 70 റണ്‍സും ആറ് വിക്കറ്റും ജഡേജ നേടിയിരുന്നു. ഷക്കീബ് അൽ ഹസനെ പിന്തള്ളിയാണ് ജഡേജയുടെ നേട്ടം. അശ്വിന്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തി. ബൗളര്‍മാരില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സും ഓള്‍റൗണ്ടര്‍മാരില്‍ വിന്‍ഡീസിന്‍റെ ജേസൺ ഹോള്‍ഡറുമാണ് ഒന്നാമത്.

അതേസമയം ബാറ്റ്സ്‌മാന്മാരുടെ പട്ടികയിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് തിരിച്ചടി. കോലിയുടെ റാങ്കിംഗ് പോയിന്‍റ് 900ന് താഴെയെത്തി. പുതിയ പട്ടികയിൽ 899 പോയിന്‍റാണ് കോലിക്കുള്ളത്. അതേസമയം ഓപ്പണറായുള്ള ടെസ്റ്റ് അരങ്ങേറ്റത്തിൽ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മ റാങ്കിംഗില്‍ വന്‍മുന്നേറ്റം നടത്തി. മുപ്പത്തിയാറ് റാങ്ക് മെച്ചപ്പെടുത്തിയ രോഹിത് 17-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

രോഹിത്തിന്‍റെ ഓപ്പണിംഗ് പങ്കാളി മായങ്ക് അഗര്‍വാള്‍ 63-ാം റാങ്കിൽ നിന്ന് ഇരുപത്തിയഞ്ചിലേക്ക് മുന്നേറി. എന്നാല്‍ അജിന്‍ക്യ രഹാനെ ഏഴാംസ്ഥാനത്തുനിന്ന് പത്താം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. 937 പോയിന്‍റുള്ള ഓസീസ് താരം സ്റ്റീവ് സ്‌മിത്ത് ആണ് ഒന്നാമത്. 

click me!