Latest Videos

ഐസിസി ടെസ്റ്റ് റാങ്കിംഗ്: വന്‍മുന്നേറ്റവുമായി റിഷഭ് പന്ത്; അശ്വിനും നേട്ടം

By Web TeamFirst Published Mar 10, 2021, 10:32 PM IST
Highlights

919 റേറ്റിംഗ് പോയന്‍റുമായി ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഒന്നാമതും സ്റ്റീവ് സ്മിത്ത് രണ്ടാമതുമുള്ള റാങ്കിംഗില്‍ ഓസീസിന്‍റെ മാര്‍നസ് ലാബുഷെയ്ന്‍ മൂന്നാമതും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് നാലാമതുമാണ്.

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ വന്‍കുതിപ്പ് നടത്തി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്ത്. പുതിയ റാങ്കിംഗില്‍ ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ റിഷഭ് പന്ത് കരിയറിലെ ഏറ്റവും മികച്ച റാങ്കായ ഏഴാം സ്ഥാനത്തെത്തി. 747 റേറ്റിംഗ് പോയന്‍റുമായാണ് പന്ത് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

അതേസമയം, ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിംഗ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും 814 റേറ്റിംഗ് പോയന്‍റ് മാത്രമാണ് കോലിക്കുള്ളത്. 2017 നവംബറിനുശേഷം കോലിയുടെ ഏറ്റവും മോശം റേറ്റിംഗ് പോയന്‍റാണിത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ റിഷഭ് പന്തിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍ രോഹിത് ശര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി പന്തിനും ന്യൂസിലന്‍ഡിന്‍റെ ഹെന്‍റി നിക്കോള്‍സിനും ഒപ്പം ഏഴാം സ്ഥാനത്തുണ്ട്.

919 റേറ്റിംഗ് പോയന്‍റുമായി ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഒന്നാമതും സ്റ്റീവ് സ്മിത്ത് രണ്ടാമതുമുള്ള റാങ്കിംഗില്‍ ഓസീസിന്‍റെ മാര്‍നസ് ലാബുഷെയ്ന്‍ മൂന്നാമതും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് നാലാമതുമാണ്.

ഇംഗ്ലണ്ടിനെതിരെ തിളങ്ങിയ വാഷിംഗ്ടണ്‍ സുന്ഗര്‍ 39 സ്ഥാനങ്ങള്‍ ഉയര്‍ന്ന് ബാറ്റിംഗ് റാങ്കിംഗില്‍ 62ാം സ്ഥാനം സ്വന്തമാക്കി. അതേസമയം, ബൗളിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ടിനെതിരെ 32 വിക്കറ്റുകളുമായി തിളങ്ങിയ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ന്യൂസിലന്‍ഡ് പേസര്‍ നീല്‍ വാഗ്നറെ പിന്തള്ളിയാണ് അശ്വിന്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഓസീസിന്‍റെ പാറ്റ് കമിന്‍സാണ് ഒന്നാമത്. ബൗളിംഗ് റാങ്കിംഗില്‍ ആദ്യ പത്തിലുള്ള ഏക സ്പിന്നറും അശ്വിനാണ്.

ഇംഗ്ലണ്ടിനെതിരെ അശ്വിനൊപ്പം തിളങ്ങിയ അക്സര്‍ പട്ടേല്‍ എട്ട് സ്ഥാനങ്ങള്‍ ഉയര്‍നന് 30-ാം സ്ഥാനത്തെത്തി. ഓള്‍ റൗണ്ടര്‍മാരില്‍ അശ്വിന്‍ നാലാമതും ജഡേജ മൂന്നാമതുമുണ്ട്. ജേസണ്‍ ഹോള്‍ഡറാണ് ഒന്നാം സ്ഥാനത്ത്. ബെന്‍ സ്റ്റോക്സ് രണ്ടാം സ്ഥാനത്താണ്.

click me!