ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ നടപ്പാക്കാനൊരുങ്ങി ഐസിസി, 2027 മുതല്‍ 3 ടീമുകള്‍ക്ക് മാത്രം 5 ദിന ടെസ്റ്റ്

Published : Jun 17, 2025, 12:33 PM IST
Jay Shah

Synopsis

2027-2029 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിൽ ചതുർദിന ടെസ്റ്റ് മത്സരങ്ങൾ ഐസിസി അവതരിപ്പിക്കും. ചെറിയ ടീമുകൾക്കും കൂടുതൽ ടെസ്റ്റ് പരമ്പരകൾക്കും വഴി തുറക്കാനാണ് ഐസിസിയുടെ തീരുമാനം.

ദുബായ്: ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങൾ ഔദ്യോഗികമായി നടപ്പാക്കാനൊരുങ്ങി ഐസിസി. 2027-2029 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സര്‍ക്കിളിലാകും ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ ഐസിസിസ അവതരിപ്പിക്കുക. ഐസിസി ചെയര്‍മാന്‍ ജയ് ഷായും അനുകൂല നിലപാട് എടുത്തതോടെയാണ് ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. ചെറിയ ടീമുകള്‍ക്കും ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ കൂടുതല്‍ അവരസമൊരുക്കാനും കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ക്ക് വഴി തുറക്കാനുമാണ് ഐസിസി നിര്‍ണായ തീരുമാനം എടുക്കുന്നത്.

ഇന്ന് ശ്രീലങ്ക-ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തോടെ ആരംഭിച്ച 2025-2027 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സര്‍ക്കിളില്‍ ആകെ 27 ടെസ്റ്റ് പരമ്പരകളാണുള്ളത്. ഇതില്‍ 17 പരമ്പരയും രണ്ട് ടെസ്റ്റുകളടങ്ങിയ ചെറിയ പരമ്പരകളാണ്. ആറ് മൂന്ന് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഓരോ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്. അഞ്ച് ദിന ടെസ്റ്റ് മത്സരങ്ങള്‍ നടത്താനുള്ള ഭീമമായ ചെലവും സമയവുമാണ് ചെറിയ ടീമുകളെ ടെസ്റ്റ് പരമ്പരകളില്‍ നിന്ന് പിന്‍വലിപ്പിക്കുന്നത് എന്നാണ് ഐസിസി വിലയിരുത്തൽ.

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ ബിഗ് ത്രീ ടീമുകള്‍ക്കൊഴികെ മറ്റ് ടീമുകള്‍ക്കൊന്നും കാര്യമായി ടെസ്റ്റ് പരമ്പരകള്‍ ഇല്ലാത്തതിനെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഏയ്ഞ്ചലോ മാത്യൂസ് അടുത്തിടെ വിമര്‍ശിച്ചിരുന്നു. ഈ വര്‍ഷം ശ്രീലങ്ക നാലു ടെസ്റ്റുകള്‍ മാത്രമാണ് കളിക്കുന്നതെന്നും മാത്യൂസ് പറഞ്ഞിരുന്നു. ഒരുവര്‍ഷം ഓരോ ടീമിനും കുറഞ്ഞത് 10 ടെസ്റ്റെങ്കിലും കളിക്കാൻ അവസരം ഉണ്ടാക്കണമെന്നും ഇന്ത്യയെയും ഓസ്ട്രേലിയയെയും ഇംഗ്ലണ്ടിനെയും പോലെ മറ്റ് രാജ്യങ്ങള്‍ക്കും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ ഐസിസി അവസരമൊരുക്കണമെന്നും മാത്യൂസ് അഭിപ്രായപ്പെട്ടിരുന്നു.

2017ലാണ് ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങൾക്ക് ഐസിസി ഔദ്യോഗികമായി അനുമതി നല്‍കിയത്. ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും തമ്മിലായിരുന്നു ആദ്യ ചതുര്‍ദിന ടെസ്റ്റ് നടന്നത്. 2019ലും 2023ലും ഇംഗ്ലണ്ട് അയര്‍ലന്‍ഡിനെതിരെ രണ്ട് ചതുര്‍ദിന ടെസ്റ്റ് പരമ്പരകള്‍ കളിച്ചിരുന്നു. അടുത്തിടെ സിംബാബ്‌വെക്കെതിരെയും ഇംഗ്ലണ്ട് ചതുര്‍ദിന ടെസ്റ്റ് കളിച്ചു. അഞ്ച് ദിവസമായി നടക്കുന്ന ടെസ്റ്റിനെ അപേക്ഷിച്ച് ചതുര്‍ദിന ടെസ്റ്റിലുള്ള പ്രധാന വ്യത്യാസം ഓരോ ദിവസവും 98 ഓവര്‍ വീതം പന്തെറിയണമെന്നതാണ്. അഞ്ച് ദിന ടെസ്റ്റില്‍ ഒരു ദിവസം 90 ഓവറാണ് എറിയേണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല