
ദുബായ്: കൊവിഡ് 19 വൈറസ് ബാധ ലോകമാകെ പടര്‍ന്നതോടെ കായിക ലോകവും പ്രതിസന്ധിയിലാണ്. താത്കാലികമായി എല്ലാ ക്രിക്കറ്റ് മത്സരങ്ങളും നിര്‍ത്തിച്ച വച്ചിരിക്കുന്ന ഈ അവസ്ഥയില്‍ ഐസിസി ആരാധകരെ എല്ലാം ചേര്‍ത്ത് പിടിക്കാനുള്ള ശ്രങ്ങളിലാണ്. അതിന്‍റെ ഭാഗമായി വീഡിയോകളും ചോദ്യങ്ങളായും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഐസിസി ആരാധകരോട് ബന്ധപ്പെട്ടു കൊണ്ടേയിരിക്കുന്നു.
ഇന്ന് ലോക ചിരി ദിനത്തില്‍ ക്രിക്കറ്റ് ലോകത്തെ മനോഹരമായ ചിരി മുഹൂര്‍ത്തങ്ങളാണ് ഐസിസി പങ്കുവെച്ചിരിക്കുന്നത്. ഒരു ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ചിരിക്കുന്ന ചിത്രമാണ് അതിലൊന്ന്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ ഈ ചിത്രം ഇതിനകം നെഞ്ചേറ്റി കഴിഞ്ഞു.
ഓസ്ട്രേലിയയുടെ ലോകകപ്പ് നേടിയ നാല് ക്യാപ്റ്റന്മാര്‍ ട്രോഫിയെ നോക്കി ചിരിതൂകുന്നതാണ് മറ്റൊരു ചിത്രം. അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ റിക്കി പോണ്ടിംഗ്, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരാണ് ചിത്രത്തിലുള്ളത്. ഓസ്ട്രേലിയയുടെ തന്നെ വനിതാ ക്രിക്കറ്റ് താരങ്ങളുടെ മനോഹരമായ ചിരി മുഹൂര്‍ത്തമാണ് മറ്റൊന്ന്.
ഒരു ടെസ്റ്റ് മത്സരത്തില്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്കൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ട്രെന്‍ ബോള്‍ട്ടിന്‍റെ ചിത്രവും ഐസിസിയുടെ പട്ടികയിലുണ്ട്. പാക്, ദക്ഷിണാഫ്രിക്ക വനിത ക്രിക്കറ്റ് ടീം നായകര്‍ ഒരു മത്സരത്തിന് മുമ്പ് പരസ്പരം ചിരി പങ്കിടുന്ന ചിരി ഏറെ ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ്.
വെസ്റ്റ് ഇന്‍ഡീസിന്‍റെ ഇതിഹാസ താരം ക്രിസ് ഗെയിലനെതിരെ പന്തെറിഞ്ഞ ശേഷം ശ്രീലങ്കയുടെ ലസിത് മലിംഗ പിച്ചില്‍ ഇരുന്ന് ചിരിക്കുന്ന ചിത്രം ആരാധര്‍ക്കും പുഞ്ചിരി സമ്മാനിക്കുന്നു. ഇംഗ്ലീഷ് താരം ജോ റൂട്ടിന്‍റെ വ്യത്യസ്തമായ ചിരിയുടെ ജിഫ് ഇമേജും ഐസിസി പങ്കുവെച്ചിട്ടുണ്ട്.