
സെന്‍റ് ജോര്‍ജേഴ്‌സ് പാര്‍ക്ക്: വനിതാ ട്വന്‍റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 11 റണ്‍സിന്‍റെ തോല്‍വി. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ വനിതകള്‍ക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 140 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറിലെ 31 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് റിച്ചയ്‌ക്കും പൂജ വസ്‌ത്രക്കറിനും എത്താനായില്ല.
മറുപടി ബാറ്റിംഗില്‍ ഷെഫാലി വര്‍മ്മയെ(11 പന്തില്‍ 8) തുടക്കത്തിലെ നഷ്‌ടമായെങ്കിലും സഹഓപ്പണര്‍ സ്‌മൃതി മന്ദാനയും കഴിഞ്ഞ മത്സരങ്ങളില്‍ വെടിക്കെട്ട് പുറത്തെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷും തിളങ്ങിയപ്പോഴും ഇന്ത്യന്‍ ടീമിനെ ജയിപ്പിക്കാനായില്ല. മന്ദാന 41 പന്തില്‍ 52 റണ്‍സെടുത്ത് പുറത്തായപ്പോള്‍ റിച്ച 34 പന്തില്‍ 47* റണ്‍സുമായി പുറത്താവാതെ നിന്നു. പൂജ വസ്‌ത്രക്കറാണ്(4 പന്തില്‍ 2*) പുറത്താകാതെ നിന്ന മറ്റൊരു ബാറ്റര്‍. ജെമീമ റോഡ്രിഗസ് 13നും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നാലിനും ദീപ്‌തി ശര്‍മ്മ എഴിനും പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വനിതകള്‍ നാറ്റ് സൈവര്‍ ബ്രണ്ടിന്‍റെയും എമി ജോണ്‍സിന്‍റേയും ഹീതര്‍ നൈറ്റിന്‍റേയും ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 151 റണ്‍സെടുത്തത്. സൈവര്‍ 42 പന്തില്‍ 50 ഉം എമി 27 പന്തില്‍ 40 ഉം നൈറ്റ് 23 പന്തില്‍ 28 ഉം റണ്‍സെടുത്തു. ഓപ്പണര്‍മാരായ സോഫിയ ഡങ്ക്ലി 10നും ഡാനിയേല വ്യാറ്റ് പൂജ്യത്തിനും പുറത്തായി. സോഫീ എക്കിള്‍സ്റ്റണ്‍ 11 റണ്‍സുമായി പുറത്താവാതെ നിന്നു.
രേണുകയ്ക്ക് അഞ്ച് വിക്കറ്റ്
ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ മൂന്നാം ഡാനിയേല വ്യാറ്റിനെ ഡക്കാക്കി തുടങ്ങിയ ഇന്ത്യന്‍ പേസര്‍ രേണുക സിംഗ് ഠാക്കൂര്‍ ആകെ അഞ്ച് വിക്കറ്റ് നേടി. 4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രേണുകയുടെ അഞ്ച് വിക്കറ്റ് നേട്ടം. വ്യാറ്റിന് പുറമെ സോഫിയ ഡങ്ക്ലി, അലീസ് ക്യാപ്‌സി, എമി ജോണ്‍സ്, കാതറീന്‍ സൈവര്‍ ബ്രണ്ട് എന്നിവരെയാണ് രേണുക പുറത്താക്കിയത്. ശിഖ പാണ്ഡെയും ദീപ്‌തി ശര്‍മ്മയും ഓരോ വിക്കറ്റ് നേടി.
മുന്നിട്ട് നിന്ന ശേഷം തോല്‍വി, ബ്ലാസ്റ്റേഴ്‌സിന് നിരാശ; എടികെ പ്ലേ ഓഫില്‍