ഒന്നാം ടെസ്റ്റിൽ ന്യൂസിലൻഡിനെ 115 റൺസിന് തോൽപ്പിച്ചതിന് പിന്നാലെ, ടീം മാനേജ്‌മെന്‍റിന്‍റെ നിര്‍ദേശം ലംഘിച്ചാണ് സ്റ്റോക്സും അറ്റ്കിൻസണും ചെൽസിയിലെ 'റെക്സ് റൂംസ്' നൈറ്റ് ക്ലബ്ബിൽ എത്തിയത്.

ലണ്ടൻ:ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് വിജയത്തിന് പിന്നാലെ ലണ്ടനിലെ നൈറ്റ് ക്ലബ്ബിലുണ്ടായ അടിപിടിയെ തുടർന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സിനെ ടീമിൽ നിന്ന് പുറത്താക്കി. സ്റ്റോക്സിനൊപ്പം പേസർ ഗസ് അറ്റ്കിൻസണെയും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജൂൺ 17-ന് ലണ്ടനിലെ ഓവലിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ മുൻ നായകൻ ജോ റൂട്ട് ഇംഗ്ലണ്ടിനെ നയിക്കും. 2017 മുതൽ 2022 വരെ ഇംഗ്ലണ്ടിന്‍റെ നായകനായിരുന്ന ജോ റൂട്ട് ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതൽ ടെസ്റ്റുകളിൽ (64 ടെസ്റ്റ്) നയിച്ച നായകന്‍ കൂടിയാണ്. വൈസ് ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ പരിഗണിക്കാതെയാണ് റൂട്ടിനെ താൽക്കാലിക ചുമതലയേൽപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒന്നാം ടെസ്റ്റിൽ ന്യൂസിലൻഡിനെ 115 റൺസിന് തോൽപ്പിച്ചതിന് പിന്നാലെ, ടീം മാനേജ്‌മെന്‍റിന്‍റെ നിര്‍ദേശം ലംഘിച്ചാണ് സ്റ്റോക്സും അറ്റ്കിൻസണും ചെൽസിയിലെ 'റെക്സ് റൂംസ്' നൈറ്റ് ക്ലബ്ബിൽ എത്തിയത്. ഇവിടെ വെച്ച് പ്രമുഖ റഗ്ബി ക്ലബ്ബായ സാരസെൻസിന്റെ സാമോവൻ താരം ടോട്ടോവ ഔവയുമായി ഇംഗ്ലണ്ട് താരങ്ങൾ വാക്കേറ്റത്തിലാവുകയായിരുന്നു. സംഭവത്തിൽ ഇസിബിയും സ്വതന്ത്ര ക്രിക്കറ്റ് റെഗുലേറ്ററും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. താരങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലില്ലെങ്കിലും അച്ചടക്കലംഘനത്തിന് കർശന നടപടിയുണ്ടാകുമെന്നാണ് സൂചന. ക്രിക്കറ്റ് ബോർഡിന്‍റെ കർശന അന്വേഷണം നേരിടുന്നതിനാലാണ് ഇരുവർക്കും രണ്ടാം ടെസ്റ്റിൽ വിലക്കേർപ്പെടുത്തിയതെന്ന് ഇസിബി ബുധനാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

നായകസ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ചും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ചും സ്റ്റോക്സ് ആലോചിക്കുന്നതായാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻപ് ഓസ്‌ട്രേലിയൻ പര്യടനത്തിനിടയിലും ഇംഗ്ലണ്ട് ടീമിലെ അമിത മദ്യപാന സംസ്കാരം വലിയ വിവാദമായിരുന്നു.

ജോഫ്ര ആർച്ചർ തിരിച്ചെത്തി; ടീമിൽ വൻ മാറ്റങ്ങൾ

സ്റ്റോക്സും അറ്റ്കിൻസണും പുറത്തായതോടെ ഇംഗ്ലണ്ട് സ്ക്വാഡിൽ നിർണായക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി ക്വാളിഫയർ 2 വരെ കളിച്ച് വിശ്രമത്തിലായിരുന്ന സൂപ്പർ പേസർ ജോഫ്ര ആർച്ചർ ടീമിലേക്ക് തിരിച്ചെത്തി. ഐപിഎൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ഞേഴ്സ് ബെംഗളൂരുവിന്‍റെ താരമായിരുന്ന ജോർദാൻ കോക്സിനെ ബെൻ സ്റ്റോക്സിന് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്ക്വാഡ്: ജോ റൂട്ട് (ക്യാപ്റ്റൻ), രെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, സോണി ബേക്കർ, ഷോയിബ് ബഷീർ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ജോർദാൻ കോക്സ്, ബെൻ ഡക്കറ്റ്, മാത്യു ഫിഷർ, എമിലിയോ ഗേ, ജെയിംസ് റൂ, ഒല്ലി റോബിൻസൺ, ജാമി സ്മിത്ത്, ജോഷ് ടോങ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക