
ദില്ലി: ഇന്ത്യ - ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് ആവേശകരമായി മുന്നേറുമ്പോൾ രണ്ടാം ദിനത്തിന്‍റെ ഒടുവിൽ ശ്രേയസ് അയ്യർ എടുത്ത ക്യാച്ചിന് ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി. രണ്ടാം ഇന്നിംഗ്സിൽ ഒരു റൺ ലീഡുമായി ബാറ്റിംഗിനിറങ്ങിയ കംഗാരുക്കൾക്ക് മുൻതൂക്കം നൽകി ഓപ്പണർമാർ മുന്നേറാൻ ശ്രമിക്കുന്നതിനിടെയാണ് ശ്രേയസ്സിന്‍റെ കിടിലൻ ക്യാച്ച് പിറന്നത്. ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയുടെ നെടുംതൂണായ ഉസ്മാൻ ഖവാജ രണ്ടാം ഇന്നിംഗ്സിലും നങ്കൂരമിട്ട് മുന്നേറുന്നതിനിടെയായിരുന്നു മിന്നൽ പോലുള്ള ശ്രേയസിന്‍റെ ക്യാച്ച്. രവീന്ദ്ര ജഡേജയുടെ പന്തിൽ വേഗത്തിൽ ബാറ്റുവയ്ക്കുകയായിരുന്നു ഖവാജ. മിന്നൽ പോലെ വന്ന പന്ത് ഷോർട്ട് ലെഗിൽ നിന്ന ശ്രേയസ് മനോഹരമായി കൈപ്പിടിയിലാക്കുകയായിരുന്നു. 13 പന്തില്‍ 6 റണ്‍സ് നേടിയ ഉസ്‌മാന്‍ ഖവാജ രണ്ടാം ദിനം തന്നെ മടങ്ങിയത് ഇന്ത്യക്ക് ആശ്വാസമായി. ആദ്യ ഇന്നിംഗ്സിൽ 81 റൺസ് നേടിയ ഖവാജയായിരുന്നു ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ.
അതേസമയം രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോൾ കംഗാരുക്കൾക്ക് 62 റണ്‍സിന്‍റെ ലീഡാണ് ഉള്ളത്. ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്ണിന്‍റെ ലീഡ് നേടിയ ഓസീസ് 12 ഓവറില്‍ ഒരു വിക്കറ്റിന് 61 റണ്‍സെന്ന നിലയിലാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ന് കളി അവസാനിപ്പിച്ചത്. 40 പന്തില്‍ 39* റണ്‍സുമായി ട്രാവിസ് ഹെഡും 19 പന്തില്‍ 16* റണ്‍സെടുത്ത് മാര്‍നസ് ലബുഷെയ്‌നുമാണ് ക്രീസില്‍. ഒമ്പത് വിക്കറ്റ് ശേഷിക്കെ മികച്ച സ്കോർ നേടി ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനായിരിക്കും സന്ദർശകർ ശ്രമിക്കുക. മൂന്നാം ദിനമായ നാളെ മികച്ച ലീഡ് ലക്ഷ്യമാക്കിയായിരിക്കും ഓസീസ് ബാറ്റിംഗ് പുനരാരംഭിക്കുക.
അതേസമയം ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 263 റണ്‍സിന് മറുപടിയായി രണ്ടാം ദിനം വിക്കറ്റ് നഷ്‌ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യ 262 റണ്‍സിന് ഓള്‍ ഔട്ടായിയിരുന്നു. ആദ്യ ടെസ്റ്റിൽ തകർന്നടിഞ്ഞ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ കരുതലോടെ മുന്നേറി നേരിയ മേൽക്കോഴ്മ നേടിയിട്ടുണ്ട്. നാളെ ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ വട്ടം കറങ്ങിയില്ലെങ്കിൽ ജയത്തിലേക്ക് നീങ്ങാം എന്നാണ് സന്ദർശകരുടെ പ്രതീക്ഷ.