
സെന്‍റ് ജോര്‍ജേര്‍സ് പാര്‍ക്ക്: ബൗളിംഗ്, ഫീല്‍ഡിംഗ്, ബാറ്റിംഗ്- മൂന്ന് മേഖലകളിലും മേധാവിത്തം കാട്ടി ട്വന്‍റി 20 വനിതാ ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് മേല്‍ 10 വിക്കറ്റിന്‍റെ സമ്പൂര്‍ണ ജയവുമായി ഓസീസ് സെമിയില്‍. മേഗന്‍ ഷൂട്ടിന്‍റെ നാല് വിക്കറ്റ് പ്രകടനത്തില്‍ തകര്‍ന്ന ലങ്ക മുന്നോട്ടുവെച്ച 113 റണ്‍സ് വിജയലക്ഷ്യം ഓസീസ് വനിതകള്‍ ഓപ്പണര്‍മാരായ ബേത്ത് മൂണിയും അലീസ ഹീലിയും അര്‍ധ സെഞ്ചുറി നേടിയതോടെ 15.5 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ സ്വന്തമാക്കി. ഹീലി 38 ഉം മൂണി 50 ഉം പന്തില്‍ ഫിഫ്റ്റി തികച്ചു. ഹീലി 43 പന്തില്‍ 54 ഉം* മൂണി 53 പന്തില്‍ 56* ഉം റണ്‍സെടുത്തു. ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി ഓസീസ് പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് കുതിക്കുകയാണ്.
ബൗളിംഗിലും ഓസീസ്, തിളങ്ങി ഷൂട്ട്
ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കന്‍ വനിതകള്‍ക്ക് ഓസീസ് സ്‌പിന്‍ ആക്രമണത്തിന് മുന്നില്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 112 റണ്‍സേ നേടാനായുള്ളൂ. നാല് ഓവറില്‍ 24 റണ്‍സിന് നാല് വിക്കറ്റുമായി മേഗന്‍ ഷൂട്ടും മൂന്ന് ഓവറില്‍ ഏഴ് റണ്‍സിന് രണ്ട് വിക്കറ്റുമായി ഗ്രേസ് ഹാരിസും ഓരോരുത്തരെ പുറത്താക്കി എലിസ് പെറിയും ജോര്‍ജിയ വാര്‍ഹേമും ഓസീസിനായി തിളങ്ങി. ഇതില്‍ ഷൂട്ടിന്‍റെ മൂന്ന് വിക്കറ്റുകള്‍ ഒരൊറ്റ ഓവറിലായിരുന്നു. ഏഴ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 50/1 എന്ന ശക്തമായ നിലയില്‍ നിന്ന് ടീമാണ് പിന്നെ തകര്‍ന്നടിഞ്ഞത്. പിന്നിടുള്ള എട്ട് ഓവറുകളില്‍ രണ്ട് വിക്കറ്റ് നഷ്‌മായപ്പോള്‍ 23 റണ്‍സേ ലങ്ക നേടിയുള്ളൂ. അവസാന അഞ്ച് ഓവറില്‍ അഞ്ച് വിക്കറ്റിന് 39 റണ്‍സും.
ലങ്കന്‍ ടീം സ്കോര്‍ മുപ്പതിലെത്തിയതും നായകന്‍ ചമാരി അട്ടപ്പട്ടു 16 പന്തില്‍ 16 റണ്‍സുമായി മടങ്ങി. എലീസ് പെറിയുടെ പന്തില്‍ ഗ്രേസ് ഹാരിസ് മിന്നും ക്യാച്ചിലാണ് പുറത്താക്കിയത്. പിന്നാലെ ഹര്‍ഷിത സമരവിക്രമയും വിഷ്‌മി ഗുണരത്നെയും ചേര്‍ന്ന് ലങ്കയ്ക്കായി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. 40 പന്തില്‍ 34 റണ്‍സുമായി നില്‍ക്കേ ഹര്‍ഷിതയെ ഗ്രേസ് ഹാരിസ് മടക്കി. വിക്കറ്റ് കീപ്പര്‍ അലീസ ഹീലി സ്റ്റംപ് ചെയ്യുകയായിരുന്നു. വിഷ്‌മിയാവട്ടെ മേഗന്‍ ഷൂട്ടിന്‍റെ പന്തില്‍ പെറിക്ക്(33 പന്തില്‍ 24) ക്യാച്ച് സമ്മാനിച്ച് മടങ്ങി. പിന്നീട് വന്നവരില്‍ ഏഴ് പന്തില്‍ പുറത്താകാതെ 15* റണ്‍സ് നേടിയ നിലാക്ഷി ഡി സില്‍വയ്ക്ക് മാത്രമാണ് ലങ്കന്‍ വനിതകളില്‍ രണ്ടക്കം കാണാനായത്.
ഹീലി മത്സരത്തിലെ താരം
ഒഷാഡി രണസിംഗെ നാല് പന്തില്‍ അക്കൗണ്ട് തുറക്കാതെ ഗ്രേസ് ഹാരിസിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അനുഷ്‌ക സഞ്ജീവനി 9 പന്തില്‍ എട്ട് റണ്‍സുമായി ജോര്‍ജിയ വാര്‍ഹേമിന് മുന്നില്‍ ബൗള്‍ഡായി. എമാ കാഞ്ചനെ(7 പന്തില്‍ 4), മല്‍ഷാ ഷെഹാനി(1 പന്തില്‍ 0), സുഗന്ധിക കുമാരി(3 പന്തില്‍ 4) എന്നിവരെ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ ഷൂട്ട് മടക്കി. മല്‍ഷായെയും സുഗന്ധികയേയും ഹീലി സ്റ്റംപ് ചെയ്യുകയായിരുന്നു. സ്കോര്‍ പിന്തുടരുമ്പോള്‍ രാജ്യാന്തര ടി20യില്‍ ഓസീസിന്‍റെ തുടര്‍ച്ചയായ 14-ാം ജയമാണിത്. മൂന്ന് സ്റ്റംപിംഗും 54* റണ്‍സുമായി അലീസ ഹീലി മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
എന്തൊരു പറക്കല്‍! എഴുന്നേറ്റ് നിന്ന് കയ്യടിച്ചുപോകും; വണ്ടര്‍ ക്യാച്ചുമായി ഓസീസ് താരം