
ഹാമില്‍ട്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ വമ്പന്‍ ജയവുമായി സെമി ഫൈനല്‍ സ്ഥാനം ഏതാണ്ട് ഉറപ്പിച്ച് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്. പാക്കിസ്ഥാനെ 41.3 ഓവറില്‍ 105 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട് 19.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
30 ഓവറും നാലു പന്തും ബാക്കി നിര്‍ത്തി പാക്കിസ്ഥാനെതിരെ ജയിച്ചു കയറിയ ഇംഗ്ലണ്ട് മികച്ച നെറ്റ് റണ്‍റേറ്റോടെ സെമി ഏതാണ്ട് ഉറപ്പിച്ചു. ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇന്‍ഡീസ് മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയന്‍റ് പങ്കിട്ട് പിരിഞ്ഞത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. ഇതോടെ ആറ് കളികളില്‍ ഏഴ് പോയന്‍റുള്ള വിന്‍ഡീസ് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആറ് കളികളില്‍ ഒമ്പത് പോയന്‍റുള്ള ദക്ഷിണാഫ്രിക്ക സെമിയിലെത്തുന്ന രണ്ടാമത്തെ ടീമായി.ആറ് കളികളില്‍ 12 പോയന്‍റുള്ള ഓസ്ട്രേലിയ നേരത്തെ സെമിയിലെത്തിയിരുന്നു.
ഏഴ് മത്സരങ്ങളും പൂര്‍ത്തിയാക്കിയ വെസ്റ്റ് ഇന്‍ഡീസ് ഏഴ് പോയന്‍റുമായി നിലവില്‍ മൂന്നാം സ്ഥാനത്താണെങ്കിലും അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും ജയിച്ചാല്‍ വെസ്റ്റ് ഇന്‍ഡീസ് സെമി കാണാതെ പുറത്താവും. ഇന്ത്യക്കും ഇംഗ്ലണ്ടിനും ആറ് മത്സരങ്ങളില്‍ ആറ് പോയന്‍റ് വീതമാണെങ്കിലും ഇന്നത്തെ വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെ മറികടന്ന ഇംഗ്ലണ്ട് പോയന്‍റ് പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ്.
ഇംഗ്ലണ്ടിന് അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദുര്‍ബലരായ ബംഗ്ലാദേശിനെയാണ് നേരിടേണ്ടതെങ്കില്‍ ഇന്ത്യക്ക് കരുത്തരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ബംഗ്ലാദേശിനെതിരെ തോറ്റാലും നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ നാലാം സ്ഥാനക്കാരായി ഇംഗ്ലണ്ടിന് സെമിയിലെത്താം. എന്നാല്‍ ഇന്ന് ദക്ഷിണാഫ്രിക്ക വെന്‍സ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ അവസാന ഗ്രൂപ്പ് മത്സരം കളിക്കും മുമ്പെ ഇന്ത്യക്ക് സെമി ഉറപ്പിക്കാമായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 10.5 ഓവറില്‍ 61-4 എന്ന സ്കോറില്‍ നില്‍ക്കെയാണ് മഴയെത്തിയത്. തുടര്‍ന്ന് മത്സരം തുടരാനാവാഞ്ഞതോടെ ഉപേക്ഷിച്ചു. ഇതോടെ ദക്ഷിണാഫ്രിക്കയും വിന്‍ഡീസും പോയന്‍റ് പങ്കിട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിക്കുകയും ഇന്ത്യ ജയിക്കുകയോ ചെയ്താല്‍ മാത്രമെ ഇനി ഇന്ത്യക്ക് സെമിയിലെത്താനാവു. ഞായറാഴ്ച ക്രൈസ്റ്റ് ചര്‍ച്ചിലെ ഹേഗല്‍ ഓവലിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!