ന്യൂസിലന്‍ഡിനെ നേരിടാന്‍ ഏതൊക്കെ ബൗളര്‍മാര്‍ വേണം; നിര്‍ദേശവുമായി നെഹ്‌റ

By Web TeamFirst Published May 22, 2021, 2:13 PM IST
Highlights

രണ്ട് സ്‌പിന്നര്‍മാരും മൂന്ന് പേസര്‍മാരുമായി ന്യൂസിലന്‍ഡിനെ നേരിടണം ഇന്ത്യ എന്നാണ് നെഹ്‌റ പറയുന്നത്. 

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനെതിരായ ഫൈനല്‍. സതാംപ്‌ടണില്‍ അടുത്ത മാസം 18നാണ് കന്നി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ പ്ലേയിംഗ് ഇലവനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കേ ബൗളിംഗ് ലൈനപ്പ് പ്രവചിച്ചിരിക്കുകയാണ് മുന്‍ പേസര്‍ ആശിഷ് നെഹ്‌റ. 

രണ്ട് സ്‌പിന്നര്‍മാരും മൂന്ന് പേസര്‍മാരുമായി ന്യൂസിലന്‍ഡിനെ നേരിടണം ഇന്ത്യ എന്നാണ് നെഹ്‌റ പറയുന്നത്. 

'തീര്‍ച്ചയായും ഇന്ത്യക്കും ന്യൂസിലന്‍ഡിനും മികച്ച പേസര്‍മാരുണ്ട്. നമ്മുടെ ബൗളര്‍മാരെ നോക്കിയാല്‍, ജസ്‌പ്രീത് ബുമ്രക്കും മുഹമ്മദ് ഷമിക്കും ഫ്ലാറ്റ് വിക്കറ്റില്‍ പോലും നന്നായി പന്തെറിയാന്‍ കഴിയും. ബുമ്രയും ഷമിയും മാത്രമല്ല, ഇശാന്ത് ശര്‍മ്മയുമുണ്ട്. 100 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇശാന്തിന്‍റെ സാന്നിധ്യം ടീമിന്‍റെ കരുത്ത് കാട്ടുന്ന ഘടകങ്ങളിലൊന്നാണ്.

പുല്ലുനിറഞ്ഞ പിച്ചുകളില്‍ എത്തുമ്പോള്‍ ഒരു അധിക പേസറെ സാധാരണയായി ഉള്‍പ്പെടുത്താറുണ്ട്. അത് മുഹമ്മദ് സിറാജായിരിക്കണം എന്ന് തോന്നുന്നു. എത്രത്തോളം മികച്ച രീതിയിലാണ് അദേഹം ഇപ്പോള്‍ പന്തെറിയുന്നത്. അധിക പേസര്‍ ഇല്ലെങ്കില്‍ ഇശാന്ത്, ബുമ്ര, ഷമി പേസ് ത്രയത്തെയും സ്‌പിന്നര്‍മാരായി രവിചന്ദ്ര അശ്വിനെയും രവീന്ദ്ര ജഡേജയേയുമാണ് കളിപ്പിക്കേണ്ടത്. 

തീര്‍ച്ചയായും, ഫൈനലിന് ഒരു മാസത്തോളം സമയം അവശേഷിക്കുന്നുണ്ട്. പേസര്‍മാര്‍ പ്രാക്‌ടിസ് സെഷനുകളില്‍ പുറത്തെടുക്കുന്ന പ്രകടനവും ഫിറ്റ്‌നസും അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാകും. മേല്‍പറഞ്ഞ ബൗളിംഗ് നിരയുമായി കളിച്ചാല്‍ അശ്വിനും ജഡേജയ്‌ക്കും നന്നായി ബാറ്റ് ചെയ്യാന്‍ കഴിയുമെന്നതും ഗുണകരമാണ്. ലോവര്‍ ഓര്‍ഡറില്‍ അവര്‍ നേടിയ റണ്‍സ് വിലമതിക്കാനാവാത്തതാണ്' എന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!