2025-ൽ മോശം ഫോമിലായിരുന്ന സൂര്യകുമാർ, 21 മത്സരങ്ങളിൽ നിന്ന് വെറും 13.62 ശരാശരിയിൽ 218 റൺസ് മാത്രമാണ് നേടിയിരുന്നത്.

റായ്പൂര്‍: ന്യൂസിലന്‍ഡിനെതിരാ രണ്ടാം ടി20യില്‍ ഇന്ത്യ ആധികാരിക ജയവുമായി പരമ്പരയില്‍ 2-0ന് മുന്നിലെത്തിയപ്പോള്‍ വിജയത്തോടൊപ്പം ഇന്ത്യക്ക് ഇരട്ടി സന്തോഷമായി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെ ഫോമിലേക്കുള്ള മടങ്ങിവരവ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സൂര്യകുമാർ യാദവ് ഒരു അര്‍ധസെഞ്ചുറി നേടുന്നത്. കൃത്യമായി പറഞ്ഞാല്‍ 23 ഇന്നിംഗ്‌സുകളുടെയും 468 ദിവസത്തെയും ഇടവേളയ്ക്ക് ശേഷം.

ന്യൂസിലന്‍ഡിനെതിരെ തകര്‍ത്തടിച്ച സൂര്യകുമാര്‍ യാദവ് കരിയറിലെ 22-ാം അർധസെഞ്ചുറിയാണ് ഇന്നലെ നേടിയത്. വെറും 23 പന്തിലായിരുന്നു സൂര്യ അര്‍ധസെഞ്ചുറി തികച്ചത്. 2024 ഒക്ടോബറിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു ഇതിന് മുമ്പ് അവസാനമായി സൂര്യകുമാർ യാദവ് ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി അര്‍ധസെഞ്ചുറി നേടിയത്.

2025-ൽ മോശം ഫോമിലായിരുന്ന സൂര്യകുമാർ, 21 മത്സരങ്ങളിൽ നിന്ന് വെറും 13.62 ശരാശരിയിൽ 218 റൺസ് മാത്രമാണ് നേടിയിരുന്നത്. എന്നാൽ റായ്‌പൂരിൽ പഴയ വീര്യം വീണ്ടെടുത്ത താരം 37 പന്തിൽ പുറത്താകാതെ 82 റൺസ് അടിച്ചുകൂട്ടി. 9 ഫോറുകളും 4 സിക്സറുകളും ഉൾപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ടി20 ലോകകപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ സൂര്യകുമാറിന്റെ ഈ ഫോം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

റെക്കോർഡ് റൺവേട്ട ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന റൺവേട്ടയ്ക്കൊപ്പമെത്താനും ഈ വിജയത്തോടെ സാധിച്ചു. 209 റൺസ് ലക്ഷ്യം വെറും 15.2 ഓവറിൽ ഇന്ത്യ മറികടന്നു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. രചിൻ രവീന്ദ്ര (26 പന്തിൽ 44), മിച്ചൽ സാന്റ്നർ (27 പന്തിൽ പുറത്താകാതെ 47) എന്നിവരുടെ പ്രകടനമാണ് കിവികളെ മികച്ച സ്കോറിലെത്തിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും (6/2), ഇഷാൻ കിഷന്‍റെ (32 പന്തിൽ 76) തകർപ്പൻ ബാറ്റിംഗ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീട് സൂര്യകുമാറും ശിവം ദുബെയും (18 പന്തിൽ 36) ചേർന്ന് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 28 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യ ലക്ഷ്യം കണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക