ആറ് റണ്‍സെടുക്കുന്നതിനിടെ സഞ്ജു സാംസണിന്‍റെയും അഭിഷേക് ശര്‍മയുടെയും വിക്കറ്റുകള്‍ നഷ്ടമായിട്ടും ആദ്യ ആറ് ഓവറിൽ മാത്രം ഇഷാൻ 56 റൺസ് നേടി.

റായ്‌പൂർ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യ ആധികാരിക ജയം നേടിയതിന് പിന്നാലെ, സഹതാരം ഇഷാൻ കിഷനെക്കുറിച്ച് രസകരമായ വെളിപ്പെടുത്തലുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. മത്സരത്തിനിടെ തനിക്ക് ഇഷാനോട് ചെറിയ രീതിയിൽ ദേഷ്യം തോന്നിയിരുന്നു എന്നായിരുന്നു സൂര്യകുമാർ സമ്മാനദാനച്ചടങ്ങില്‍ തമാശയായി പറഞ്ഞത്. വെറും 32 പന്തിൽ 76 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്. ആറ് റണ്‍സെടുക്കുന്നതിനിടെ സഞ്ജു സാംസണിന്‍റെയും അഭിഷേക് ശര്‍മയുടെയും വിക്കറ്റുകള്‍ നഷ്ടമായിട്ടും ആദ്യ ആറ് ഓവറിൽ മാത്രം ഇഷാൻ 56 റൺസ് നേടി.

ഇഷാൻ കിഷന്‍റെ വെടിക്കെട്ട് ബാറ്റിംഗിനിടെ താൻ വെറുമൊരു കാഴ്ചക്കാരനായി നിൽക്കേണ്ടി വന്നതിനെക്കുറിച്ചായിരുന്നു മത്സരശേഷം സൂര്യകുമാർ യാദവ് തമാശ പറഞ്ഞത്. ഉച്ചഭക്ഷണത്തിന് ഇഷാൻ എന്താണ് കഴിച്ചതെന്നോ മത്സരത്തിന് മുമ്പ് എന്ത് പ്രീ വർക്കൗട്ട് ആണ് ചെയ്തതെന്നോ എനിക്കറിയില്ല. പവര്‍ പ്ലേയില്‍ ടീം 6 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ നില്‍ക്കുമ്പോൾ ഒരാൾ ഇത്തരത്തിൽ ബാറ്റ് ചെയ്യുന്നത് ഞാൻ മുമ്പ് കണ്ടിട്ടില്ല. പവർപ്ലേയിൽ അവൻ എനിക്ക് സ്ട്രൈക്ക് തരാത്തതിൽ എനിക്ക് ഇടക്ക് ദേഷ്യം തോന്നിയിരുന്നു. പക്ഷെ അത് സാരമില്ല, പിന്നീട് എനിക്ക് സമയം ലഭിക്കുമെന്നും റൺസ് കണ്ടെത്താനാകുമെന്നും എനിക്കറിയാമായിരുന്നു - സൂര്യകുമാർ പറഞ്ഞു.

ഇഷാൻ പുറത്തായതോടെ ഉത്തരവാദിത്തം ഏറ്റെടുത്ത സൂര്യകുമാർ 37 പന്തിൽ പുറത്താകാതെ 82 റൺസ് നേടി ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 468 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സൂര്യകുമാർ അന്താരാഷ്ട്ര ടി20യിൽ ഒരു അർധസെഞ്ചുറി നേടുന്നത്.

210 റൺസ് പിന്തുടർന്ന് ജയിക്കുക എന്നത് അവിശ്വസനീയമാണ്. ബാറ്റിംഗിൽ ഓരോരുത്തരും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, ഇഷാൻ ഇന്ന് അത് കൃത്യമായി ചെയ്തുവെന്നും സൂര്യകുമാര്‍ പറഞ്ഞു.ഇഷാനും സൂര്യയും ഫോമിലേക്ക് തിരിച്ചെത്തിയത് വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

209 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സഞ്ജു സാംസണും അഭിഷേക് ശർമ്മയും നേരത്തെ പുറത്തായതോടെ ഇന്ത്യ 6 റൺസിന് 2 വിക്കറ്റ് എന്ന നിലയിലായി. എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച ഇഷാൻ കിഷനും സൂര്യകുമാറും കളി മാറ്റിമറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക